അമിത പലിശ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്പെഷ്യൽ ഡ്രൈവ് നടത്തി വസ്തു ആധാരം, ബ്ലാങ്ക് ചെക്കുകൾ കറൻസി തുടങ്ങിയവ പിടിച്ചെടുത്തു.
- Posted on October 05, 2025
- News
- By Goutham prakash
- 103 Views
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി സുദർശൻ കെ.എസ് IPS-ന്റെ നിർദ്ദേശാനുസരണം കൊള്ളപ്പലിശക്കാരെ നിയന്ത്രിയ്ക്കുന്നതിന്റെ ഭാഗമായി 03.10.2025 തീയതി തിരുവനന്തപുരം റൂറൽ ജില്ലയിൽ വ്യാപകമായി സ്പെഷ്യൽ ഡ്രൈവ് നടത്തിയിട്ടുള്ളതാണ്. കല്ലമ്പലം, പാങ്ങോട്, പാലോട്, കിളിമാനൂർ, കടയ്ക്കാവൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി 5 കേസ്സുകൾ രജിസ്റ്റർ ചെയ്യുകയും വസ്തു ആധാരങ്ങൾ,കറൻ നോട്ടുകൾ പ്രോമിസറി നോട്ടുകൾ, ചെക്ക് ലീഫുകൾ, RC ബുക്കുകൾ മുദ്രപത്രങ്ങളൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുള്ളതുമാണ്.
ഇതിലേയ്ക്ക് കല്ലമ്പലം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ ഞെക്കാട് സ്വദേശിയായ ശ്രീജ് എന്നയാളുടെ വീട്ടിൽ നിന്നും 3 വസ്തു ആധാരങ്ങളും, 2.5 ലക്ഷം രൂപയുടെ കറൻസികളും, ഒരു കരാർ പത്രവും പിടിച്ചെടുത്തു. പാങ്ങോട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിലേയ്ക്ക് തെങ്ങുംകോട് സ്വദേശിയായ പ്രഭാഷ് എന്നയാളുടെ വീട്ടിൽ നിന്നും 2,21,000/- രൂപയുടെ കറൻസി നോട്ടുകളും, 2 ചെക്ക് ലീഫുകളും, റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച 2 പേപ്പറുകളും, പണമിടപാടുകൾ നടത്തിയിരുന്ന ബുക്കും കണ്ടെടുത്തു. പാലോട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിലേയ്ക്ക് കുറുപുഴ സ്വദേശിയായ സുനിൽ കുമാറിന്റെ വീട്ടിൽ നിന്നും 60,000/- രൂപ കറൻസിയും, 2 മുദ്ര പത്രങ്ങളും, റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച 1 വെള്ളപേപ്പറും, പണമിടപാട് അടങ്ങിയ ഡയറിയും പിടിച്ചെടുത്തു. കിളിമാനൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിലേയ്ക്ക് മലയാമടം സ്വദേശി മനേഷിന്റെ വീട്ടിൽ നിന്നും 5 RC ബുക്കുകളും, 20 ബ്ലാങ്ക് ചെക്കുകളും, 3 പ്രോമിസറി നോട്ടുകളും പിടിച്ചെടുത്തു. അതുപോലെ കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിലേയ്ക്ക് കടയ്ക്കാവൂർ സ്വദേശി ഫ്രാങ്ക്ളിൻ ജോർജ്ജിന്റെ വീട്ടിൽ നിന്നും 5 ബ്ലാങ്ക് ചെക്കുകളും, 4 മുദ്ര പത്രങ്ങളും, ഒരു പ്രോമിസറി നോട്ടും, ഒരു ആധാർ കാർഡും പിടിച്ചെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള റെയിഡുകൾ തുടരുന്നതാണ്.
