കളമശ്ശേരി സ്ഫോടനം: പ്രതി തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്നു പോലീസ് സ്ഥിരീകരിച്ചു
- Posted on October 30, 2023
- Localnews
- By Dency Dominic
- 213 Views
യഹോവാ സാക്ഷികള്‍ രാജ്യദ്രോഹികളാണെന്നതാണ് സ്‌ഫോടനം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് ഇയാള്‍ സാമൂഹിക മാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു
കൊച്ചി: കളമശ്ശേരിയില്‍ ഒരാളുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനം നടത്തിയത് എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്നു പോലീസ് സ്ഥിരീകരിച്ചു. യഹോവാ സാക്ഷികള്‍ രാജ്യദ്രോഹികളാണെന്നതാണ് സ്‌ഫോടനം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് ഇയാള്‍ സാമൂഹിക മാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇയാള്‍ തൃശൂര്‍ കൊടകര പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് ഹാജരായി താനാണ് സ്‌ഫോടനം നടത്തിയതെന്നു അറിയിക്കുകയായിരുന്നു. ഇയാള്‍ സ്‌ഫോടനം നടത്തുന്ന ദൃശ്യങ്ങളെല്ലാം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. ഈ തെളിവുകളും പോലീസിനു സമര്‍പ്പിച്ചു.
ഇയാള്‍ നേരത്തെ ബൈബിള്‍ പഠിക്കാന്‍ എത്തിയിരുന്നതായി സംഘാടകര്‍ പറഞ്ഞു. യഹോവാ സാക്ഷികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടതാണെന്നും അതിനാലാണു സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.
ഇന്‍ര്‍നെറ്റ് ഉപയോഗിച്ച് ആറുമാസം കൊണ്ടാണു ബോംബ് നിര്‍മിക്കാന്‍ പഠിച്ചത്. പല സ്ഥലങ്ങളില്‍ നിന്നുവാങ്ങിയ സാധനങ്ങള്‍ കൂട്ടി യോജിപ്പിച്ചാണു സ്‌ഫോടക വസ്തു തയ്യാറാക്കിയത്. റിമോട്ട് ഉപയോഗിച്ചാണു സ്‌ഫോടനം നടത്തിയത്. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ മൊബൈലില്‍ ഉണ്ടായിരുന്നു. സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയ കടകളുടെ വിവരവും നല്‍കി.
കീഴടങ്ങുന്നതിന് മുമ്പ് ഫേസ്ബുക്ക് പേജിലിട്ട ലൈവില്‍ ഇയാള്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. സ്‌ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിര്‍പ്പ് മൂലമാണെന്നും 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണെന്നും ഇയാള്‍ അവകാശപ്പെട്ടു. യഹോവാ സാക്ഷികള്‍ രാജ്യദ്രോഹ സംഘടനയെന്ന് ആറു വര്‍ഷം മുന്‍പ് തിരിച്ചറിഞ്ഞുവെന്നും മറ്റുള്ളവര്‍ എല്ലാം നശിച്ചുപോകുമെന്നാണ് അവരുടെ പ്രചാരണമെന്നും തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നിയന്ത്രിച്ചില്ലെങ്കില്‍ തന്നെ പോലുള്ള സാധാരണക്കാര്‍ പ്രതികരിക്കുമെന്നും ഡൊമിനിക് വീഡിയോയില്‍ പറഞ്ഞു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും കീഴടങ്ങാന്‍ സ്റ്റേഷനിലേക്ക് പോകുന്നുവെന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്. എങ്ങനെ സ്‌ഫോടനം നടത്തിയെന്നത് മാധ്യമങ്ങള്‍ കാണിക്കരുതെന്നും ഡൊമിനിക് വീഡിയോയില്‍ പറയുന്നുണ്ട്. അഞ്ചു ദിവസം മുമ്പുണ്ടാക്കിയ ഫേസ്‌ക്ക്ബുക്ക് പേജിലൂടെയാണ് ഡൊമിനിക് വീഡിയോ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഡൊമിനിക് മാര്‍ട്ടിന്റെ പേരിലുള്ള ഫേയ്‌സ്ബുക്ക് പേജ് അപ്രത്യക്ഷമായി.