ഭക്ഷ്യ സുരക്ഷ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും മന്ത്രി വീണ ജോർജ്ജ്
- Posted on January 03, 2023
- News
- By Goutham Krishna
- 153 Views
തിരുവനന്തപുരം: സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി പരിശോധനകള്‍ നടത്താന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട് ഓപ്പറേഷന്‍ ഹോളിഡേ എന്ന പേരില്‍ പ്രത്യേക പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയിരുന്നു. അവധി ദിവസങ്ങള്‍ക്ക് ശേഷം ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് വ്യാപക പരിശോധനയ്ക്ക് വീണ്ടും നിര്‍ദേശം നല്‍കിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. ലൈസന്‍സ് ഉണ്ടെങ്കിലും ശുചിത്വമില്ലാത്തതോ മായം കലര്‍ന്നതോ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാകം ചെയ്യുന്നതോ കാലപ്പഴക്കമുള്ളതോ ആയ ഭക്ഷണം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നതും കാലപ്പഴക്കമുള്ള ഭക്ഷണം നല്‍കുന്നതും ക്രിമിനല്‍ കുറ്റമാണ്. ഇത് സംബന്ധിച്ച് കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു. ഏതെങ്കിലും തരത്തില്‍ ഇത്തരത്തിലുള്ള മായം കലര്‍ത്തിയ ഭക്ഷണമോ കാലപ്പഴക്കമുള്ള ഭക്ഷണമോ പിടിക്കപ്പെട്ടാല്‍ ആ സ്ഥാപനത്തിന്റെ ലൈസന്‍സ് ഉള്‍പ്പെടെ റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ അത് പിന്നീട് വീണ്ടും കിട്ടുക എന്നുള്ളത് വലിയ പ്രയാസമുള്ള കാര്യമായിരിക്കും. മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് കര്‍ശനമായ നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്.