സർക്കാർ ജീവനക്കാർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കുലർ പിൻവലിക്കണം
- Posted on July 02, 2024
- News
- By Arpana S Prasad
- 204 Views
സർക്കാർ ജീവനക്കാർ തങ്ങളുടെ സർവ്വീസ് സംബന്ധമായ വിഷയങ്ങളിൽ നിയമപരിഹാരം തേടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിൻ്റെ സർക്കുലർ പിൻവലിക്കണമെന്ന് കെ. ജി. എം. ഒ.എ ആവശ്യപ്പെടുന്നു.
തിരുവനന്തപുരം: സർക്കാർ ജീവനക്കാർ തങ്ങളുടെ സർവ്വീസ് സംബന്ധമായ വിഷയങ്ങളിൽ നിയമപരിഹാരം തേടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിൻ്റെ സർക്കുലർ പിൻവലിക്കണമെന്ന് കെ. ജി. എം. ഒ.എ ആവശ്യപ്പെടുന്നു. പ്രശ്നപരിഹാരത്തിനായി ഭരണതലത്തിൽ അപ്പിൽ / അപേക്ഷ സമർപ്പിച്ച് ആറുമാസത്തിനുള്ളിൽ പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ മാത്രമേ ട്രൈബ്യൂണലിനെ സമീപിക്കാൻ പാടുള്ളൂ എന്നുള്ള നിബന്ധന യാതൊരു തരത്തിലും ന്യായീകരിക്കാനാവാത്തതാണ്. ഇത് ജീവനക്കാരോടുള്ള കടുത്ത നീതി നിഷേധമാണ്.
വിവരസാങ്കേതികതയുടെ അഭൂതപൂർവ്വമായ വികാസത്തിന് സാക്ഷ്യം വഹിക്കുന്ന ഈ കാലഘട്ടത്തിൽ, ഇ-ഓഫീസ് അടക്കമുള്ള സംവിധാനങ്ങൾ ഭരണനിർവ്വഹണം കാര്യക്ഷമമാക്കാൻ ലഭ്യമാണെന്നിരിക്കേ, സർക്കാർ ജീവനക്കാരുടെ ആവലാതികൾ പരിഹരിക്കാൻ ആറു മാസക്കാലാവധി വേണമെന്ന സമയപരിധി, 1985 ൽ പാസാക്കിയ ഒരു നിയമത്തിന്റെ വ്യവസ്ഥകൾ ചൂണ്ടിക്കാണിച്ച് നിഷ്കർഷിക്കുന്നത് അത്യന്തം പ്രതിഷേധാർഹമാണ്.
ജീവനക്കാരുടെ സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്ന രീതിയിലുള്ള തീരുമാനങ്ങൾ ചിലപ്പോഴെങ്കിലും ഉണ്ടാകുമ്പോൾ തങ്ങൾക്ക് ആശ്രയമായിത്തീരുന്നത് സമയോചിതമായി ഉണ്ടാവുന്ന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഇടപെടലുകളാണ്. ഇതില്ലാതാക്കുന്നതും കാലോചിതമല്ലാത്തതും സേവന - മനുഷ്യാവകാശ നിയമങ്ങളെ നോക്കുകുത്തിയാക്കുന്നതുമായ ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പിൻ്റെ മേൽ സൂചിപ്പിച്ച സർക്കുലർ സത്വരം പിൻവലിക്കണം. ഇതോടൊപ്പം ജീവനക്കാരുടെ പരാതികൾ ഭരണതലത്തിൽ പരിഹരിക്കുന്നതിനുള്ള നടപടികൾ കൂടുതൽ കാര്യക്ഷമമാക്കി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ സർവ്വീസ് സംബന്ധിയായ കേസുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ (മനുഷ്യവിഭവശേഷി ഉൾപ്പെടെ) ഏർപ്പെടുത്തണമെന്നും കെ. ജി. എം. ഒ.എ സർക്കാരിനോട് ആവശ്യപ്പെടുന്നു.
പ്രസിഡൻ്റ്
ഡോ. സുരേഷ്. ടി. എൻ
.കെ
ജനറൽ സെക്രട്ടറി
ഡോ. സുനിൽ. പി.കെ
ജനറൽ സെക്രട്ടറികേരള ഗവൺമെൻറ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ. ജി. എം.ഒ.എ.) എന്നിവർ വ്യക്തമാക്കി.
