മാലിന്യ നിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാന്‍കൂടിയുള്ള വേദിയാണ് വൃത്തി കോണ്‍ക്ലേവ്: മുഖ്യമന്ത്രി
- Posted on April 10, 2025
- News
- By Goutham prakash
- 151 Views
* വൃത്തി 2025 ദേശീയ ക്ലീന്‍ കേരള കോണ്‍ക്ലേവ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: കേരളത്തിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട ആശങ്കകളും സംശയങ്ങളും പരിഹരിക്കാനുള്ള വേദികൂടിയാണ് വൃത്തി 2025- ദേശീയ ക്ലീന്‍ കേരള കോണ്‍ക്ലേവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം കനകക്കുന്നില്‍ കോണ്‍ക്ലേവ് ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്ത് കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ വലിയ നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാലിന്യമുക്തമായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. 2025 മാര്‍ച്ച് മാസത്തിലെ കണക്കനുസരിച്ച് ക്ലീന്‍ കേരള കമ്പനിവഴി 61664 ടണ്ണിലധികം മാലിന്യങ്ങളാണ് ശേഖരിച്ചു സംസ്‌കരിച്ചത്. സംസ്ഥാനത്ത് 89 ലക്ഷത്തിലധികം വീടുകളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റല്‍ ട്രാക്കിങ് സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു. ഇത്രയേറെ മുന്നേറ്റമുണ്ടാക്കിയിട്ടും മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളെയും മാലിന്യ പ്ലാന്റുകളെയും ചിലര്‍ സംശയദൃഷ്ടിയോടെയാണ് കാണുന്നത്. ഇത്തരത്തില്‍ മാലിന്യ പ്ലാന്റുകളുമായി ബന്ധപ്പെട്ട് ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ആശങ്കകള്‍ പരിഹരിക്കാനുള്ള വേദികൂടിയാണ് വൃത്തി കോണ്‍ക്ലേവ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ജനകീയ ഇടപെടലിലൂടെ വലിയ നേട്ടങ്ങളുണ്ടാക്കാന്‍ കേരളത്തിനു സാധിച്ചിട്ടുണ്ട്. മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്തും ഇതേ രീതിയില്‍ രാജ്യത്തിനാകെ മാതൃകയാകുന്ന നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കണം. ഇതിനു മുന്നോടിയായുള്ള ചര്‍ച്ചകളുടെ വേദികൂടിയായി വൃത്തി കോണ്‍ക്ലേവ് മാറുമെന്നു പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
നൂറു ശതമാനം മാലിന്യമുക്തമായ കേരളമാണ് സംസ്ഥാന സര്‍ക്കാറിന്റെ ലക്ഷ്യമെന്നും ഇതിനു കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷനായ തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററി കാര്യ മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീ പിടുത്തം സംസ്ഥാനത്തിന്റെ മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്ത് നിര്‍ണ്ണായകമായ സംഭവമായിരുന്നു. തീപിടുത്തത്തെത്തുടര്‍ന്ന് കൊച്ചി നഗരത്തിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുവേണ്ടി സമഗ്രമായ ആക്ഷന്‍ പ്ലാന്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ചു. ശക്തമായ എതിര്‍പ്പായിരുന്നു ആദ്യത്തെ പ്രതികരണം. ഉറവിട, വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ കൊച്ചിയില്‍ അപ്രായോഗികമാണെന്നും അഭിപ്രായമുണ്ടായി. ജനങ്ങളെ നേരില്‍ക്കണ്ടുസംസാരിച്ചും വിശ്വാസത്തിലെടുത്തുമാണ് എതിര്‍പ്പുകള്‍ ഇല്ലാതാക്കിയത്. മാലിന്യ നിര്‍മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് എതിര്‍ ശബ്ദങ്ങള്‍ ഇപ്പോഴുമുണ്ട്. എതിരഭിപ്രായങ്ങളുള്ളവരുടെയും ആശങ്കകളും സംശയങ്ങളും കോണ്‍ക്ലേവില്‍ ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജില്ലകള്‍ക്കുള്ള അവാര്‍ഡ് അദ്ദേഹം സമ്മാനിച്ചു. കണ്ണൂര്‍ ജില്ല ഒന്നാം സമ്മാനവും കോഴിക്കോട് രണ്ടാം സമ്മാനവും തൃശൂര്‍ മൂന്നാം സമ്മാനവും നേടി.
മാലിന്യമുക്ത നവകേരളം ക്യാംപെയ്‌ന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സമഗ്ര റിപ്പോര്‍ട്ട് മുഖ്യമന്ത്രി പ്രകാശനം ചെയതു. നവകേരളം കര്‍മ്മ പദ്ധതി കോര്‍ഡിനേറ്റര്‍ ടി.എന്‍. സീമ റിപ്പോര്‍ട്ട് ഏറ്റുവാങ്ങി. വൃത്തി കോണ്‍ക്ലേവിലെ ചര്‍ച്ചകളുടെകൂടി അടിസ്ഥാനത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ മുന്നോട്ടുള്ള വഴി വ്യക്തമാക്കുന്ന വിഷന്‍ ഡോക്യുമെന്റ് സമാപന സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററി കാര്യ മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. മന്ത്രി കെ.രാജന്‍ കോണ്‍ക്ലേവിന്റെ ഭാഗമായുള്ള പ്രദര്‍ശനത്തിന്റെയും, എ.കെ. ശശീന്ദ്രന്‍ മാതൃകാ ഗ്രാമത്തിന്റെയും, ജി.ആര്‍.അനില്‍ ഭക്ഷ്യമേളയുടെയും പി.എ. മുഹമ്മദ് റിയാസ് ഇന്‍സ്റ്റലേഷനുകളുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം.എല്‍.എമാരായ വി.കെ. പ്രശാന്ത്, കടകംപള്ളി സുരേന്ദ്രന്‍, ആന്റണി രാജു. കെ.ആന്‍സലന്‍, സി.കെ.ഹരീന്ദ്രന്‍, വി.ജോയ്, ഡി.കെ.മുരളി, വി.ശശി, ഐ.ബി.സതീഷ്, ജി.സ്റ്റീഫന്‍, എം. വിന്‍സന്റ്, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
