വയറിലെ അകഭിത്തിയില്‍ പടരുന്ന കാന്‍സറിന് നൂതന ശസ്ത്രക്രിയ* *കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ വിജയം*
- Posted on May 23, 2025
- Health News
- By Goutham prakash
- 192 Views
വയറിലെ അകഭിത്തിയില്‍ പടരുന്ന കാന്‍സറിന് നൂതന ശസ്ത്രക്രിയ*
*കോട്ടയം മെഡിക്കല്‍ കോളേജില്‍ 53 വയസുകാരിയുടെ ശസ്ത്രക്രിയ വിജയം*

*സി.ഡി. സുനീഷ്*
വയറിലെ അകഭിത്തിയില്‍ പടരുന്ന തരം കാന്‍സറിന് നൂതന ശസ്ത്രക്രിയ നടത്തി കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. സൈറ്റോ റിഡക്ഷന്‍ ഹൈപെക് (Cyto reduction HIPEC - Hyperthermic intraperitoneal chemotherapy) രീതിയാണ് മെഡിക്കല്‍ കോളേജില്‍ പുതിയതായി ആരംഭിച്ചത്. വയറിനുള്ളിലെ ഭിത്തിയിലെ കാന്‍സര്‍ മുഴുവനായി നീക്കം ചെയ്ത ശേഷം പ്രത്യേക മെഷീന്‍ ഉപയോഗിച്ച് വയറ്റിനുള്ളില്‍ ഉയര്‍ന്ന ഊഷ്മാവില്‍ കീമോതെറാപ്പി ചെയ്യുന്നതാണ് ഈ രീതി. സര്‍ജറിയ്ക്ക് ശേഷം സുഖം പ്രാപിച്ച രോഗി ഡിസ്ചാര്‍ജ് ആയി. നൂതന ചികിത്സ നടപ്പിലാക്കിയ കോട്ടയം മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
കോട്ടയത്ത് നിന്നും അണ്ഡാശയ കാന്‍സറുമായി എത്തിയ 53 വയസുകാരിയ്ക്കാണ് ഈ ചികിത്സ നല്‍കിയത്. എംസിസി, ആര്‍സിസി, കോഴിക്കോട് മെഡിക്കല്‍ കോളേജ്, വലിയ സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ മാത്രമുള്ള ഈ ചികിത്സയാണ് ഇപ്പോള്‍ മെഡിക്കല്‍ കോളേജിലും ലഭ്യമാക്കിയത്.
സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ ഗൈനക് ഓങ്കോളജിസ്റ്റായ ഡോ. അനുവിന്റെ നേത്യത്വത്തിലായിരുന്നു ചികിത്സ. ഡോ. സോജന്‍, ഡോ. അനില്‍ എന്നിവരുടെ അനസ്‌തേഷ്യ ടീം, ഡോ. മുരളി ഡോ. മാത്യു, ഡോ. വിവേക്, ഡോ. സുരേഷ് കുമാര്‍, ഡോ. ബിനീത, ഡോ. ഫ്‌ളവര്‍ലിറ്റ് എന്നിവര്‍ റേഡിയേഷന്‍ ഓങ്കോളജി, മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ നിന്നും പങ്കാളികളായി. സുഷമയുടെ നേതൃതത്തിലുള്ള നഴ്‌സുമാര്‍, അനസ്തീഷ്യ ടെക്‌നിഷ്യന്‍മാര്‍ ശ്രീക്കുട്ടി, സുമി, ചൈത്ര എന്നിവര്‍ സഹായികളായി.