കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ബാലചന്ദ്രമേനോന്‍ : കാണാത്ത കാഴ്ചകൾ കേൾക്കാത്ത ശബ്ദങ്ങൾ’ പുസ്തകപ്രകാശനം ഏപ്രില്‍ പതിനെട്ടിന് തിരുവനന്തപുരത്ത്.
- Posted on April 15, 2023
- News
- By Goutham Krishna
- 314 Views
തിരുവനന്തപുരം : ബാലചന്ദ്രമേനോന്റെ ചലച്ചിത്രങ്ങളെക്കുറിച്ച് ടി. പി. വേണുഗോപാലന്‍ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ബാലചന്ദ്രമേനോന്‍ : കാണാത്ത കാഴ്ചകൾ കേൾക്കാത്ത ശബ്ദങ്ങൾ’ എന്ന പഠനപുസ്തകം ഏപ്രില്‍ 18ന് വൈകുന്നേരം 6 മണിക്ക് ഫിഷറീസ്- സാംസ്കാരിക-യുവജനകാര്യവകുപ്പ്മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്യും. എഴുത്തുകാരി റോസ് മേരി പുസ്തകം ഏറ്റുവാങ്ങും. തിരുവനന്തപുരം ഭാരത് ഭവനിലെ ശെമ്മങ്കുടി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷത വഹിക്കും. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ പുസ്തകം പരിചയപ്പെടുത്തും. ബാലചന്ദ്രമേനോൻ മുഖ്യാതിഥിയാകും. തുടര്‍ന്ന് ബാലചന്ദ്രമേനോന്റെ ചലച്ചിത്രങ്ങളിലൂടെയുള്ള സംഗീതയാത്ര അദ്ദേഹം അവതരിപ്പിക്കും.
മലയാളിയുടെ ദൃശ്യസംസ്കാരത്തില്‍ അതിഭാവുകത്വങ്ങളില്ലാത്ത കഥയും കഥാപാത്രങ്ങളുമായി ബാലചന്ദ്രമേനോന്‍ ഇടപെടാന്‍ തുടങ്ങിയിട്ട് ഏതാണ്ട് അര നൂറ്റാണ്ടുകാലമായി. 1978 - ല്‍ 'ഉത്രാടരാത്രിയില്‍ ആരംഭിച്ച അദ്ദേഹത്തിന്റെ സിനിമാജീവിതം ലോകം കീഴടക്കി വളരാന്‍ അധിക നാളെടുത്തില്ല. ഏറ്റവും കൂടുതല്‍ സിനിമകള്‍ സ്വന്തമായി എഴുതി സംവിധാനംചെയ്തഭിനയിച്ചതിന് ലിംകാ ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ് ലഭിച്ചിട്ടുണ്ട്. 1998 ല്‍ പുറത്തിറങ്ങിയ 'സമാന്തരങ്ങള്‍' എന്ന ചിത്രത്തിലെ ഇസ്മായില്‍ എന്ന കഥാപാത്രത്തിന്റെ മികവിന് രാജ്യം അദ്ദേഹത്തെ മികച്ച നടനുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു. അദ്ദേഹത്തിന്റെ സിനിമകള്‍ പലതും ഒരൊറ്റയാള്‍ പോരാട്ടമായിരുന്നു. മിഥ്യാരോഗഭയം അഥവാ ഹൈപ്പൊകോണ്‍ട്രിയ എന്ന സങ്കീര്‍ണമായ മാനസികാവസ്ഥയുള്ള നായകനിര്‍മിതിയിലൂടെ അന്നേവരെയുണ്ടായിരുന്ന മലയാള സിനിമയുടെ ഭാവുകത്വത്തെ ബാലചന്ദ്രമേനോന്‍ അട്ടിമറിച്ചു. പിന്നീടങ്ങോട്ട് പതിറ്റാണ്ടുകള്‍ മലയാള മുഖ്യധാരാസിനിമയുടെ മുഖമായി മാറുകയായിരുന്നു ബാലചന്ദ്രമേനോന്‍. 'ഉത്രാടരാത്രി, 'കലിക', 'ചിരിയോചിരി, 'ഇഷ്ടമാണ് പക്ഷേ', 'കാര്യം നിസ്സാരം, 'ഏപ്രില്‍ പതിനെട്ട്', 'ആരാന്റെ മുല്ല കൊച്ചുമുല്ല, 'കുറുപ്പിന്റെ കണക്കുപുസ്തകം തുടങ്ങി ദേശീയപുരസ്കാരം നേടിയ 'സമാന്തരങ്ങള്‍' മുതല്‍ 2018 ല്‍ ഇറങ്ങിയ 'എന്നാലും ശരത്' വരെയുള്ള ബാലചന്ദ്രമേനോന്റെ മുപ്പതിലധികം ചലച്ചിത്രങ്ങളെക്കുറിച്ചുള്ള പഠനമാണിത്.
സ്വന്തം ലേഖകൻ.