ഭീഷണി അരുത്, ലോണ്‍ തിരിച്ചടപ്പിക്കാൻ വരുന്ന ഏജന്റുമാരുടെ ഉപദ്രവത്തിന് കടിഞ്ഞാണിട്ട് ആര്‍.ബി.ഐ, പുതിയ മാര്‍ഗനിര്‍ദേശങ്ങളിറക്കി.
- Posted on February 14, 2026
- News
- By Goutham prakash
- 33 Views
വായ്പയെടുത്തവർ നേരിടുന്ന റിക്കവറി ഏജന്റുമാരുടെ ക്രൂരമായ നടപടികള്‍ക്കും ഉപദ്രവങ്ങള്‍ക്കും തടയിടാനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുതിയ മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചു.
2026 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ നിർദേശങ്ങള്‍ എല്ലാ വാണിജ്യ ബാങ്കുകള്‍ക്കും സ്മോള്‍ ഫിനാൻസ് ബാങ്കുകള്‍ക്കും റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ക്കും ബാധകമാണ്.
സമയക്രമവും സന്ദർശനവും
വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് പണമെടുക്കുന്നവരെയോ ഗ്യാരന്ററെയോ രാവിലെ 8 മണി മുതല്‍ വൈകുന്നേരം 7 മണി വരെ മാത്രമേ ബന്ധപ്പെടാൻ പാടുള്ളൂ. രാത്രികാലങ്ങളില്‍ റിക്കവറി വിളികള്‍ നടത്തുന്നത് പൂർണമായും നിരോധിച്ചു. കുടുംബത്തിലെ മരണം, പ്രകൃതിക്ഷോഭങ്ങള്‍, കല്യാണം, ഉത്സവങ്ങള്‍ തുടങ്ങിയ സന്ദർഭങ്ങളില്‍ സന്ദർശനം നടത്താനോ വിളിക്കാനോ പാടില്ല. പണമെടുക്കുന്നയാള്‍ ആവശ്യപ്പെടുന്ന സ്ഥലത്തോ അല്ലെങ്കില്‍ അവരുടെ വീട്ടിലോ ജോലിസ്ഥലത്തോ മാത്രമേ ഏജന്റിന് വരാൻ അനുവാദമുള്ളൂ.
സ്വകാര്യതയും മാന്യതയും
റിക്കവറി ഏജന്റുമാർ പണമെടുക്കുന്നയാളോടോ ഗ്യാരന്ററോടോ മാത്രമേ സംസാരിക്കാവൂ. അവരുടെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സഹപ്രവർത്തകരെയോ ബന്ധപ്പെടുന്നത് ആർബിഐ കർശനമായി വിലക്കി. ഏജന്റുമാർ എപ്പോഴും മാന്യമായും വിനീതമായും പെരുമാറണം. അസഭ്യമായ ഭാഷ ഉപയോഗിക്കുകയോ, ഭീഷണിപ്പെടുത്തുകയോ, ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുകയോ ചെയ്യരുത്. സോഷ്യല്‍ മീഡിയ വഴിയോ ഫോണ്‍ വഴിയോ മോശം സന്ദേശങ്ങള്‍ അയക്കുന്നതും അജ്ഞാത നമ്പറുകളില്‍ നിന്ന് ഭീഷണിപ്പെടുത്തുന്നതും കുറ്റകരമാണ്.
ബാങ്കുകളുടെ ഉത്തരവാദിത്തം
ബാങ്കുകള്‍ നിയോഗിക്കുന്ന ഏജന്റുമാർക്ക് നിർബന്ധിത സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം. ബാങ്ക് ഔദ്യോഗികമായി അധികാരപ്പെടുത്തിയ വ്യക്തികള്‍ക്ക് മാത്രമേ വായ്പക്കാരെ സമീപിക്കാൻ അനുവാദമുള്ളൂ. പണം കൈപ്പറ്റുമ്പോള്‍ ഉടൻ തന്നെ രസീത് നല്‍കണം. കൂടാതെ, റിക്കവറി സംബന്ധിച്ച പരാതികള്‍ പരിഹരിക്കാൻ ബാങ്കുകള്‍ പ്രത്യേക സംവിധാനം (Grievance redressal mechanism) ഏർപ്പെടുത്തണമെന്നും അതിന്റെ വിവരങ്ങള്‍ വായ്പാ കരാറില്‍ ഉള്‍പ്പെടുത്തണമെന്നും ആർബിഐ നിർദ്ദേശിക്കുന്നു. ഉപഭോക്താക്കളുടെ അന്തസും സ്വകാര്യതയും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുളളതാണ് ആർബിഐ യുടെ ഈ പരിഷ്‌കാരങ്ങള്‍.
