പത്മരാജൻ ട്രസ്റ്റുമായി ചേർന്ന് എയർ ഇന്ത്യ എക്സ്പ്രസ് സാഹിത്യ പുരസ്കാരം
- Posted on October 26, 2023
- Literature
- By Dency Dominic
- 204 Views
പുരസ്‌കാരത്തിന് കെ എൻ പ്രശാന്തിന്‍റെ ആദ്യ നോവലായ 'പൊനം' ആണ് അർഹമായിരിക്കുന്നത്

തിരുവനന്തപുരം: വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസും, സംവിധായകൻ പത്മരാജന്‍റെ പേരിലുള്ള പത്മരാജന്‍ സ്മാരക ട്രസ്റ്റും മലയാള സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക സഹകരണം പ്രഖ്യാപിച്ചു. സഹകരണത്തിന്‍റെ ഭാഗമായി ഇനി മുതൽ എല്ലാവർഷവും പത്മരാജൻ അവാർഡുകള്‍ക്കൊപ്പം എഴുത്തുകാരുടെ ശ്രദ്ധേയമായ ആദ്യകൃതിക്കുള്ള 'എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ' അവാർഡും നൽകും.
പ്രഥമ 'എയർ ഇന്ത്യ എക്‌സ്‌പ്രസ് ടെയ്‌ൽസ് ഓഫ് ഇന്ത്യ' പുരസ്‌കാരത്തിന് കെ എൻ പ്രശാന്തിന്‍റെ ആദ്യ നോവലായ 'പൊനം' ആണ് അർഹമായിരിക്കുന്നത്. മികച്ച നോവലിന് എം മുകുന്ദൻ, മികച്ച ചെറുകഥയ്ക്ക് വി.ജെ. ജെയിംസ്, മികച്ച ചലച്ചിത്രസംവിധാനത്തിന് ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച തിരക്കഥയ്ക്ക് ശ്രുതി ശരണ്യം എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ. സാറാ ജോസഫിന്‍റെ നേതൃത്വത്തിലുള്ള ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിലാണ് ഈ വർഷത്തെ പത്മരാജൻ അവാർഡ് വിതരണ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
മലയാള സാഹിത്യത്തിലും സിനിമയിലും അസാധാരണമായ നേട്ടങ്ങള്‍ കൈവരിച്ചവരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ വർഷത്തെ പത്മരാജൻ പുരസ്കാരം നേടിയ 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിന്‍റെ പ്രദർശനവും പ്രദീപ് പനങ്ങാട് എഡിറ്റ് ചെയ്ത 'ഓർമകളിൽ പത്മരാജൻ' എന്ന പത്മരാജൻ ഓർമ്മപുസ്തകത്തിന്‍റെ പ്രകാശനവും ചടങ്ങിൽ നടക്കും.സഹകരണത്തിന്‍റെ ഭാഗമായി പത്മരാജൻ ട്രസ്റ്റുമായി ചേർന്ന് ചെറുപ്പക്കാർക്കായി സാഹിത്യ-ചലച്ചിത്ര ശിൽപശാലയും എയർ ഇന്ത്യ എക്സ്പ്രസ് സംഘടിപ്പിക്കും.