കഥ -പെണ്ണൊരുത്തി

ഇടക്കിടെ എന്തൊക്കെയോ ചില മിന്നലുകളല്ലാതെ ബാക്കിയെല്ലാം വോഡ്ക്കയിൽ മുങ്ങിപ്പോയി.

              അഞ്ചു മണിയുടെ അലാറം ഓഫാക്കി സാറാ കൊച്ച് വീണ്ടും  കിടന്നു .പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ അടുത്ത അലാറം അടിച്ചു.ഇന്നലത്തെ കെട്ട് വിടുന്നില്ലല്ലോ എന്ന് പിറുപിറുത്തു കൊണ്ട് മടി പിടിച്ച് കട്ടിലിൽ എഴുന്നേറ്റിരുന്നു . തൊട്ടടുത്ത് കമഴ്ന്ന് കിടന്നുറങ്ങുന്ന കുര്യയച്ചനെ നോക്കിയപ്പോൾ അവൾക്ക് ചിരി വന്നു. ഒരു കാല്നിവർത്തിയും മറ്റേക്കാല് മടക്കി വച്ചും രണ്ടു കയ്യും തലയിണയ്ക്ക് മുകളിൽ നീട്ടിവച്ചുമുള്ള അയാളുടെ കിടപ്പുകണ്ടപ്പോൾ ഉറക്കത്തിലും അയാളെവിടേയ്ക്കോ ഓടി കൊണ്ടിരിക്കുകയാണെന്ന് അവൾക്കു തോന്നി. ഒരു കുസൃതിച്ചിരി ചിരിച്ചു കൊണ്ട് അവൾ അയാളുടെ പുറത്തേക്ക് കയറി കിടന്നു. ചെവിയിലൊരു കടിയും നെറ്റിയിലൊരുമ്മയും കൊടുത്തിട്ട്  എഴുന്നേറ്റ് ബാത്റൂമിലേക്ക് പോയി .വാഷ്ബേയ്സനിൽ മുഖം കഴുകി കണ്ണാടിൽ നോക്കുമ്പോഴാണ് കഴുത്തിലും ,ചെവിക്കു പുറകിലുമുള്ള  ചോരചത്തതുപോലുള്ള പാടുകൾ സാറാ കൊച്ച് ശ്രദ്ധിച്ചത്. തലേന്ന് രാത്രിയിലെ വിക്രിയകൾ ഓർത്തെടുക്കാനൊരു ശ്രമം നടത്തി നോക്കി അവൾ.  ഇടക്കിടെ എന്തൊക്കെയോ ചില മിന്നലുകളല്ലാതെ ബാക്കിയെല്ലാം വോഡ്ക്കയിൽ മുങ്ങിപ്പോയി.

            തലേന്ന് രണ്ടെണ്ണ മടിക്കാൻ കുര്യയച്ചൻ വോഡ്ക്കയുടെ കുപ്പി പൊട്ടിച്ചപ്പോൾ ഒരു മയക്കു ചിരിയും ചിരിച്ച് സാറാ കൊച്ച് അടുത്തു പറ്റി കൂടി . നിറമില്ലാത്തതു കണ്ടാൽ അവൾക്കും വേണം. രണ്ടെണ്ണമടിച്ചാൽ കിടപ്പറയിലവൾ മലമ്പുഴ യക്ഷിയാകുമെന്ന് കുര്യയച്ചനറിയാം. പാമ്പായി വരിഞ്ഞുമുറുക്കിയും, മയിലായി ആടിയും അയാളെ മറ്റൊരു ലോകത്തെത്തിക്കും അവൾ. അതിൻ്റെ സുഖമറിയുന്നതു കൊണ്ട് ഇടയ്ക്കൊക്കെ കുരിയച്ചൻ അവൾക്ക് മദ്യം നൽകാറുണ്ട്. മിന്നുകെട്ടു കഴിഞ്ഞിട്ട് പതിനാറു വർഷമായെങ്കിലും കുര്യയച്ചന് സാറാ കൊച്ചിനോടുള്ള കൊതി ഓരോ ദിവസവും കൂടിക്കൊണ്ടാണിരിക്കുന്നത്. കുറയാനവളൊട്ട് സമ്മതിച്ചിട്ടുമില്ല. 

            വയനാട്ടിലെ മുല്ലവേലിയിൽ തറവാട്ടിലെ പ്ലാൻ്റ്ർ തോമാച്ചായൻ്റെ ഒറ്റ പുത്രി. മൂന്നാങ്ങളമാരുടെ പുന്നാര പെങ്ങൾ. അതാണ് സാറാ കൊച്ച്. തൻ്റെ ആൺമക്കളെക്കാൾ സ്വാതന്ത്ര്യവും , വാത്സല്യവും നൽകി തോമാച്ചായനും പെമ്പെറന്നോത്തി തെരേസാമ്മയും ചേർന്ന് വളർത്തിയ ചുണക്കുട്ടി. പ്രീഡിഗ്രി കഴിഞ്ഞപ്പോൾ  എറണാകുളത്തെ പ്രശ്സ്തമായ വുമൻസ് കോളേജിൽ തന്നെ ചേരണമെന്ന സാറാ കൊച്ചിൻ്റെ വാശിക്കു മുമ്പിൽ തോമാച്ചായന് സമ്മതിക്കേണ്ടി വന്നു. അപ്പൻ്റെ 84 മോഡൽ എൻഫീൽഡും കൊണ്ടവൾ മലയിറങ്ങി. ലൈസൻസ് എടുത്തപ്പോൾ മുതൽ കാറുകൾ മൂന്നാലെണ്ണം വീട്ടിലുണ്ടെങ്കിലും അവളുടെ ഇഷ്ട വാഹനം അപ്പൻ്റെ എൻഫീൽഡാണ്. ഡിഗ്രി കഴിഞ്ഞ് പി ജി ക്ക്ചേർന്നെങ്കിലും രണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോൾ സാറാ കൊച്ച് അപ്പനോടു പറഞ്ഞു" എനിക്ക് പഠിച്ചു മതിയായപ്പാ , എന്നെ കെട്ടിച്ചു വിട്ടോ" എന്ന്  . അപ്പനും ആങ്ങളമാരും കേട്ട പാടെ തിരച്ചിൽ തുടങ്ങി  ,തങ്ങളുടെ രാജകുമാരിക്കു വേണ്ടിയൊരു രാജകുമാരനെ.  

            തോമാച്ചായൻ്റ പാലായിൽ കെട്ടിച്ചിരിക്കുന്ന പെങ്ങളുവഴിയാന്ന് കുരിയച്ചൻ്റ ആലോചന വന്നത്. ഇച്ചിരി റൗഡിസമൊക്കെയുള്ള കുരിയച്ചനെ കുറിച്ച് അറിഞ്ഞപ്പോൾ മുതൽ സാറാകൊച്ചിന് ചെറിയൊരിഷ്ടം  കാണാതെ തന്നെ തോന്നിയിരുന്നു. കുരിയച്ചൻ പെണ്ണുകാണാൻ വന്ന ദിവസം പതിവു ചിട്ടവട്ടങ്ങൾ തെറ്റിക്കാതെ ചായയുമായി സാറാ കൊച്ച് കുര്യയച്ചൻ്റെ മുന്നിൽ വന്നു.ആദ്യ കാഴ്ചയിൽ തന്നെ കുരിയച്ചന് സാറാ കൊച്ചിനെ ഇഷ്ടപ്പെട്ടു. എങ്കിലും അവൾ കൊടുത്ത ചായ അയാൾ വേണ്ടെന്നുപറഞ്ഞു. കാരണം കേട്ടപ്പോൾ അവിടുണ്ടായിരുന്നവരെല്ലാം പൊട്ടി ചിരിച്ചു.തലേന്നു രാത്രി  ഗൾഫിൽ നിന്ന് കുറേ നാളുകൾക്ക് ശേഷം നാട്ടിലെത്തിയ ഒരു സുഹൃത്തിനോടൊത്ത് വെള്ളമടിച്ചത് ഇച്ചിരി ഓവറായി പോയി.  രാവിലെ എഴുന്നേറ്റിട്ടും കെട്ടു വിടാഞ്ഞതുകൊണ്ട് രണ്ടു പെഗ്ഗും കൂടി അടിച്ചിട്ടാണ് ആശാൻ പെണ്ണുകാണാൻ വന്നിരിക്കുന്നത് . അതും കൂടി കേട്ടപ്പോൾ സാറാ കൊച്ച് കുര്യയച്ചൻ്റെ ജീവിതത്തിലേയ്ക്ക് മൂക്കും കുത്തി വീണു. ഒട്ടും മാന്യരല്ലെങ്കിലും കപട മാന്യതയുടെ മുഖം മൂടിയണിഞ്ഞിട്ടാവും പലരും ഒരു കല്യാണാലോചന നടത്തുക. ഞാനിങ്ങനെയാണെന്ന് കെട്ടാൻ പോകുന്ന പെണ്ണിനോടും വീട്ടുകാരോടും തുറന്നു പറഞ്ഞ കുര്യച്ചനെ അവർക്കെല്ലാം ഇഷ്ട്ടമായി. അല്ലെങ്കിലും രാവിലെ എഴുന്നേറ്റ് കുളിച്ചു വന്ന് പഴം പുഴുങ്ങിയതും, ഒരു ഗ്ലാസ് പാലും, രണ്ടു ബുൾസയും കഴിച്ച് അലക്കി തേച്ച ഷർട്ടും പാൻറുമിട്ട് ഓഫീസിൽ പോകുന്ന  ഒരാളെ സാറാ കൊച്ചിന് ഭർത്താവായി സങ്കൽപ്പിക്കാനെ കഴിയുമായിരുന്നില്ല. ഇച്ചിരി തെമ്മാടിത്തരമൊക്കെ കയ്യിലുള്ള , മീശ പിരിച്ച് , മുണ്ടുമടക്കി കുത്തി രണ്ടെണ്ണ മടിച്ച് പെമ്പെറന്നോത്തിനേം മക്കളേം ചങ്ക് പറിച്ചു കൊടുത്ത് സ്നേഹിക്കുന്ന നല്ല നസ്രാണി ആൺപിറന്നോനാണ് സാറാ കൊച്ചിൻ്റെ മനസ്സിലെ കെട്ടിയോൻ. കുര്യയച്ചൻ അക്കാര്യത്തിൽ അവളെ ഒട്ടും നിരാശപ്പെടുത്തിയിട്ടില്ല ഇന്നോളം.

            മിന്നുകെട്ടു കഴിഞ്ഞ് കുര്യച്ചൻ്റെ വീട്ടിൽ വന്നതുമുതൽ അയാൾക്കും, അയാളുടെ അപ്പനും , അമ്മയ്ക്കും സാറാ കൊച്ച് കഴിഞ്ഞേ ഉള്ളു മറ്റാരും. കുടുബ കാര്യങ്ങളായാലും , കുര്യച്ചൻ്റെ ബിസ്നസിലായാലും അവളുടെ കണ്ണെത്താത്തിടമില്ല. ഏതു പ്രശ്നത്തിനായാലും അവളുടെ കയ്യിൽ പരിഹാരമുണ്ടാകും. കുരിയച്ചന് ബിസ്നസ്സി ൽ എത്ര വലിയ ടെങ്ങ്ഷനുണ്ടായാലും  രാത്രിയിൽ അവളുടെ ആഴങ്ങളിലേക്കിറങ്ങി ആ ചൂടും ചൂരു മേറ്റുറങ്ങിയാൽ തീരും അയാളുടെ മന:പ്രയാസം

            മൂന്നു വർഷം മുൻപാണ് സാറാക്കൊച്ചിൻ്റെ എല്ലാമെല്ലാമായ അവളുടെ അപ്പൻ മുല്ലവേലിയിൽ തോമാച്ചായൻ മരിച്ചത്.അന്ന് ഒരു തുള്ളി പോലും കരയാതിരുന്ന അവളെ കണ്ടപ്പോൾ എല്ലാവരും കരുതി സങ്കടമെല്ലാം ഉള്ളിലൊതുക്കി നിൽക്കുകയാകുമവളെന്ന്. അപ്പനെ കുഴിയിലേക്കെടുക്കാന്നേരം . അന്ത്യ ചുംബനം നൽകിയപ്പോൾ അദ്ദേഹത്തിൻ്റെ ആൺമക്കളെല്ലാം പൊട്ടിക്കരഞ്ഞു. എന്നാലെല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അവളപ്പൻ്റെ ചെവിയിൽ പറഞ്ഞു" അപ്പാ.... ചെറിയൊരിടവേള ,അതു കഴിഞ്ഞാ ഞാനങ്ങെത്തില്ലേ..... എൻ്റെ പുന്നാര അപ്പനോടൊത്ത് ചിയേഴ്സ് പറയാൻ... നമ്മളിനിയും കൂടും  കാന്താരിയിട്ടു വരട്ടിയ വെടിയിറച്ചിയും                 അപ്പൻ്റെ പ്രിയപ്പെട്ട                             '          'റെഷ്യൻ വോഡ്ക്ക'യുമൊക്കെയായി" . അതു കേട്ടപ്പോൾ എല്ലാവരുമോർത്തു അവളുടെ സമനില തെറ്റിയെന്ന് . പക്ഷെ കുര്യച്ചനറിയാം സാധാരണ ആളുകളുടെ ചിന്തകളല്ല അവളുടേതെന്ന്. ഇതൊക്കെയാണ് സാറാകൊച്ച്.

           വിട്ടിൽ രണ്ടു മൂന്ന് ജോലിക്കാരികൾ ഉണ്ടെങ്കിലും പുറം പണികളും അടുക്കളയിലെ ചില്ലറ സഹായങ്ങൾക്കുമല്ലാതെ പാചകം അവരെ കൊണ്ടവൾ ചെയ്യിക്കാറില്ല .      തൻ്റെ കെട്ടിയോനും മക്കൾക്കും ഇഷ്ടമുള്ള ആഹാരം വെച്ചുവിളമ്പാൻ പറ്റിയില്ലെങ്കിൽ പെണ്ണൊരുത്തിയായി താനീ വിട്ടിലെന്തിനാണെന്നാണ് അവളുടെ ചിന്ത. അതു കൊണ്ടു തന്നെ ഇന്നലത്തെ കെട്ടു വിട്ടുമാറിയിട്ടില്ലെങ്കിലും തലയ്ക്കിട്ട് രണ്ട് കൊട്ടും കൊടുത്ത് അവളിപ്പോൾ തന്നെ അടുക്കളയിലേക്ക് വരും. 

           അടുക്കള പാത്രങ്ങളെയും അവൾ ഓരോ വ്യക്തി കളായാണ് സങ്കൽപ്പിച്ചു വച്ചിരിക്കുന്നത് . കഞ്ഞിക്കലത്തിൻ്റെ  ഒരടക്കവും ഒതുക്കവുമൊക്കെ കാണുമ്പോൾ ഒരിരുത്തംവന്ന അമ്മച്ചിയായി തോന്നും അതുകൊണ്ടവൾ കഞ്ഞിക്കലത്തിനെ മറിയാമ്മച്ചിന്നാണ് വിളിക്കാറ്. മേക്കാമോതിര മിട്ടിരിക്കുന്ന ഇഡ്ലി പാത്രത്തിനെ അന്നാമ്മെന്നു പേരിട്ടിട്ടുണ്ട്. ഇടക്കിടെ വിസിലൂതുന്ന കുക്കറിന് മീൻകാരൻ മുരുകനോട് സാമ്യവും. നിർത്താതെ സിഗററ്റ് വലിച്ചുകൊണ്ടിരിക്കുന്ന പുരുഷൻമാരെ ഓർമ്മപ്പെടുത്തുന്നതു കൊണ്ട് പുട്ടുകണ അവൾക്ക് വിൽസപ്പനാണ്.

           സാറാ കൊച്ച് പതിവുപോലെ അടുക്കളയിലെത്തി. തലേന്നു വെള്ളം നിറച്ചു വച്ചിരുന്ന കഞ്ഞിക്കലം അടുപ്പത്തേയ്ക്ക് വയ്ക്കാൻ തുടങ്ങിയപ്പോൾ " ഒന്നു കുളിച്ചിട്ട് അടുക്കളയിൽ കയറി കൂടെ " എന്ന് കഞ്ഞിക്കലം കെർവിച്ചു . "ഒന്നു പോ എൻ്റെ മറിയാമ്മച്ചി നിങ്ങളെന്താ പണ്ട് വല്ല പട്ടരു വീട്ടിലുമായിരുന്നോ  കൊല്ലം കൊറെയായില്ലെ എന്നെ കണാൻ തുടങ്ങിയിട്ട് എന്നെങ്കിലും ഞാൻ കുളിച്ചിട്ട് അടുക്കളയിൽ കയറിയിട്ടുണ്ടോ പിന്നെന്താ പതിവില്ലാത്തൊരു ചോദ്യം" വായടച്ചിരുന്ന് പണി നോക്ക് പെണ്ണുപിള്ളേ എന്ന് കഞ്ഞികലത്തോടു പറഞ്ഞു കൊണ്ട് സാറാ കൊച്ചിൻ്റെ പുതിയൊരു ദിവസം ആരംഭിച്ചു.


കഥ-എൻ്റെ മരണം      

Author
Citizen Journalist

Remya Vishnu

Writer and Entrepreneur

You May Also Like