നോർവേ സ്ഥാനപതി മെയ് എലിൻ സ്റ്റീനർ ബിനാലെ സന്ദർശിച്ചു.
- Posted on February 05, 2026
- News
- By Goutham prakash
- 31 Views
കൊച്ചി:
എല്ലാവരെയും ഉൾക്കൊള്ളുന്നതും ആകർഷകമായ കലാസൃഷ്ടികൾ നിറഞ്ഞതുമായ ഒരു 'ജനകീയ ബിനാലെ'യാണ് കൊച്ചി-മുസിരിസ് ബിനാലെയെന്ന് ഇന്ത്യയിലെ നോർവേ സ്ഥാനപതി മെയ് എലിൻ സ്റ്റീനർ പറഞ്ഞു. ഭർത്താവ് എസ്പെൻ ആസെൻ, സഹപ്രവർത്തകൻ ആൻഡ്രിയാസ് ഷീ എന്നിവർക്കൊപ്പം ബിനാലെ പ്രദര്‍ശനങ്ങള്‍ കാണാനെത്തിയതായിരുന്നു അവര്‍.
മട്ടാഞ്ചേരി 111 മര്‍ക്കസ് കഫെ, ആസ്പിന്‍വാള്‍ ഹൗസ് തുടങ്ങിയ വേദികളാണ് അവര്‍ സന്ദര്‍ശിച്ചത്.
ഏകദേശം രണ്ട് വർഷം മുമ്പാണ് ആദ്യമായി കൊച്ചിയിലെത്തിയത്. അന്ന് മുതൽ ബിനാലെ കാണാന്‍ ആഗ്രഹിച്ചിരുന്നതായി സ്റ്റീനർ പറഞ്ഞു. വിവിധ സംസ്കാരങ്ങളെയും പല രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരെയും ഒന്നിപ്പിക്കുന്നതിനോടൊപ്പം പ്രബലമായ ഇന്ത്യൻ കലാരീതികളെയും ബിനാലെ സമന്വയിപ്പിക്കുന്നു. ബിനാലെയുടെ എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനത്തെ അവർ പ്രത്യേകം അഭിനന്ദിച്ചു, കൂടാതെ കലയെ വിശാലമായ ജനവിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഓരോ മാസവും നിശ്ചിത ദിവസങ്ങളിൽ സൗജന്യ പ്രവേശനം അനുവദിക്കുന്നത് ഇതിന്റെ ജനകീയ സ്വഭാവം വ്യക്തമാക്കുന്നു.
മട്ടാഞ്ചേരിയിലെ 111 മർക്കസ് ആൻഡ് കഫേയിലെ നോർവീജിയൻ കലാകാരിയായ സാന്ദ്ര മുജിംഗയുടെ പ്രദർശനം സന്ദര്‍ശിച്ച അവര്‍ സൃഷ്ടികൾ വിസ്മയിപ്പിക്കുന്നതാണെന്ന് പറഞ്ഞു. കലാപ്രതിഷ്ഠയില്‍ മീൻവലകൾ ഉപയോഗിച്ചതും പ്രാദേശിക സമൂഹവുമായി സഹകരിച്ച് പ്രവർത്തിച്ചതും വളരെയധികം ആകർഷിച്ചു. ഒരു നോർവീജിയൻ കലാകാരി കൊച്ചി ബിനാലെയില്‍ പങ്കെടുക്കുന്നതിലും ഇവിടുത്തെ പ്രാദേശിക സമൂഹവുമായി ചേർന്ന് പ്രവർത്തിക്കുന്നതിലും തനിക്ക് വലിയ അഭിമാനമുണ്ടെന്നും അവര്‍ കൂട്ടിച്ചേർത്തു.
