കേരള വന്യജീവി സംരക്ഷണ ഭേതഗതി ബിൽ നിയമവിരുദ്ധവും അശാസ്ത്രിയവും അപ്രായോഗികവും വന്യജീവി വിരുദ്ധവും അധാർമ്മികവുമാണ്, വയനാട് പ്രകൃതി സംരംക്ഷണ സമിതി
- Posted on September 17, 2025
- News
- By Goutham prakash
- 123 Views
 
                                                    *സ്വന്തം ലേഖകൻ*
മന്ത്രിസഭ അംഗീകാരം നൽകി നിയമസഭയിൽ അവതരിപ്പിക്കാനിരിക്കുന്ന കേരള വന്യജീവി സംരക്ഷണ (ഭേദഗതി) ബിൽ അധാർമ്മികവും ശാസ്ത്രീയ പഠനത്തിൻ്റെ പിൻബലമില്ലാത്തതും നിയമവിരുദ്ധവും ജനവിരുദ്ധവും പരിസ്ഥിതി പ്രവർത്തകരെയും ശാസ്ത്രസമൂഹത്തെയും ആശങ്കപ്പെടുത്തുന്നതുമാണ്. അതിനൊക്കെ പുറമെ ഭരണഘടനാ ലംഘനവുമാണ്. മത- സ്ഥാപിതതാത്പര്യ കർഷക സംഘടനകളുടെ വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് ഫെഡറൽ തത്വങ്ങളെ സംസ്ഥാന സർക്കാർ ബലികഴിക്കുന്നത് ആത്മഹത്യാപരമാണ്. വന്യജീവികളുടെ സംരക്ഷണത്തിന്ന് ബാദ്ധ്യതപ്പട്ടിരിക്കുന്ന സർക്കാർ അവയെ ഉന്മൂലനാശം വരുത്തുന്നതിന്നുള്ള ശ്രമിത്തിലാണ് മുഴുകിയിരിക്കുന്നതെന്നത് ആശങ്കാജനകമാണ്.
ബിൽ ശാസ്ത്രീയ പഠനങ്ങളെയോ വിശ്വസനീയമായ ഡാറ്റയെയോ വിദഗ്‌ദാഭിപ്രായത്തേയൊ അടിസ്ഥാനമാക്കിയുള്ളതല്ല. വന്യജീവിശാസ്ത്രജ്ഞർ, ഗവേഷകർ , വ്യവസ്ഥാപിത സംരക്ഷണ സംഘടനകൾ എന്നിവയുമായി യാതൊരു വിധത്തിലുള്ള ആശയവിനിമയമോ കൃത്യമായ പഠനങ്ങളോ നടന്നിട്ടില്ല. അശാസ്ത്രീയ നടപടികൾ മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കുന്നതിന് പകരം കൂടുതൽ വഷളാക്കുകയേ ഉള്ളൂ എന്ന് നിരവധി അനുഭവങ്ങൾ തെളിയിച്ചിട്ടുണ്ട്.
ബിൽ അവതരിപ്പിക്കുന്നതിനുമുമ്പ് ചീഫ് വൈൽഡ്‌ലൈഫ് വാർഡന്റെ (CWW) അഭിപ്രായം സർക്കാർ ആരായുകയോ ലഭിക്കുകയോ ചെയ്തിട്ടില്ല എന്നത് സർക്കാരിൻ്റെ ഗൂഡ താത്പര്യം വ്യക്തമാക്കുന്നു.1972 ലെ വന്യജീവി (സംരക്ഷണ) നിയമപ്രകാരം നിർബന്ധമായ അധികാരമാണ് ചീഫ് വൈൽഡ് ലൈഫ് വാർഡനുളളത്. അദ്ദേഹത്തിന്റെ ഉപദേശവും അംഗീകാരവും ഇല്ലാതെ നിയമപരമായും ഭരണഘടനാപരമായും ഗൗരവമുള്ള ഭേദഗതികൾ വരുത്തുന്നത് നിയമവ്യവസ്ഥയ്ക്കും ഭരണഘടനയുടെ പ്രയോഗത്തിനും നേരേയുള്ള വെല്ലുവിളിയാണ്.
മനുഷ്യനെ പരിക്കേൽപ്പിച്ചതിൻ്റെ പേരിലും കാർഷിക വിളവുകൾ നശിപ്പിച്ചതിൻ്റെ പേരിലും ഏതൊരു വന്യമൃഗത്തെയും ഉടൻ കൊല്ലാൻ അധികാരം നൽകുന്ന ബില്ലിലെ വ്യവസ്ഥ നിയമപരമായ മുൻകരുതലുകളെ മറികടക്കുന്നു.തെറ്റായ തിരിച്ചറിവിൻ്റെ സാധ്യത വർധിപ്പിക്കുകയും വംശനാശ ഭീഷണി നേരിടുന്ന ജീവികൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്യും. മറ്റൊരു നിവൃത്തിയുമില്ലാത്ത സന്നിഗ്ദാവസ്ഥയിൽ അവസാന നടപടിയായ കൊല്ലലിന് മുമ്പ് മയക്കുവെടി, പിടികൂടൽ, പുനരധിവാസം എന്നീ നിലവിലുള്ള സുരക്ഷാമാനദണ്ഡങ്ങൾ നിരാകരിക്കപ്പെടും.ഇത് മനുഷ്യജീവൻ്റെ സംരക്ഷണത്തിന്റെ പേരിൽ രാഷ്ട്രീയ അരാജകത്വത്തിനും തെറ്റായ ആൾക്കൂട്ട അഴിഞ്ഞാട്ടത്തിനും വഴിയൊരുക്കുമെന്ന് തീർച്ചയാണ്.
കേന്ദ്ര നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും അപ്രായോഗികവും നടപടികൾ വൈകിപ്പിക്കുന്നതുമാണെന്ന മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇവ മനുഷ്യസുരക്ഷയും പരിസ്ഥിതി സംരക്ഷണവും തമ്മിലുള്ള അസന്തുലിതാവസ്ഥ വർദ്ധിപ്പിക്കാനാണ് ഉതകുക. അവയെ തടസ്സങ്ങളായി ചിത്രീകരിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഹ്രസ്വകാല രാഷ്ട്രീയ ലാഭത്തിനായി ഭയം പ്രസരിപ്പിക്കാനുമാണെന്നത് ഏറെ ഖേദകരമാണ്.
ജീവികളെ കീടങ്ങൾ അഥവാ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്ന അധികാരം കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് കൈമാറാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. ഒരിക്കൽ അങ്ങനെ പ്രഖ്യാപിച്ചാൽ രാഷ്ട്രീയ സമ്മർദ്ദത്തിൽ വന്യജീവികളുടെ കൂട്ടക്കൊലകൾ സംസ്ഥാനത്താകെ നടമാടും. ഇത് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകർക്കും.ഇന്ത്യയുടെ അന്താരാഷ്ട്ര പരിസ്ഥിതി കരാറുകളിലെ (CBD, CITES) പ്രതിബദ്ധതകൾ ലംഘിക്കപ്പടും.
മനുഷ്യ-വന്യജീവി സംഘർഷത്തിന് പ്രധാന കാരണം ആവാസവ്യവസ്ഥയുടെ നാശം, ഖനന പ്രവർത്തനങ്ങൾ, അനിയന്ത്രിത ടൂറിസം, ഏകവിളത്തോട്ടങ്ങൾ, വനനശീകരണം, അശാസ്ത്രീയമായ ഭൂവിനിയോഗം കാട്ടുതീ എന്നിവയാണ്. ഇതിനെതിരെ നടപടികൾ സ്വീകരിക്കാതെ, ബിൽ വന്യജീവികളെ കൊലയാളികളും കുറ്റക്കാരുമാക്കി ചിത്രീകരിച്ച് ഭരണ പരാജയം മറയ്ക്കുകയാണ്.
ആർട്ടിക്കിൾ 48- (എ)പരിസ്ഥിതി സംരക്ഷിക്കുകയും വന്യജീവികളെ സംരക്ഷിക്കുകയും ചെയ്യുക എന്ന സംസ്ഥാനത്തിന്റെ കടമയെയും,
ആർട്ടിക്കിൾ 51-എ(ജി): പ്രകൃതിയെ സംരക്ഷിക്കാനുള്ള ഓരോ പൗരന്റെയും കടമയാണെന്നതിനെയും
വന്യജീവി (സംരക്ഷണ) നിയമം, 1972: ശാസ്ത്രീയവും കരുതലോടെയുള്ള സമീപനങ്ങൾ സ്വീകരിക്കണം എന്ന വ്യവസ്ഥയെയും അപ്രസക്തമാക്കുന്നതിലൂടെ ബിൽ ഭരണഘടനയെയും നിയമവ്യവസ്ഥയെയും നഗ്നമായി ലംഘിക്കുന്നുണ്ട്. ഇതിനൊക്കെ പുറമെ കേരള ഹൈക്കോട്ടി വിധി (2024)യെ അവഗണിക്കുന്നുമുണ്ട്.
W.P.(C).No.13204/2021-ൽ (ഓർഡർ: 19.02.2024, ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജെ. & ഗോപിനാഥ് പി., ജെ.) ഹൈക്കോടതി വ്യക്തമായി വിധിച്ചത് സി.ആർ.പി.സി. സെക്ഷൻ 133 വന്യമൃഗങ്ങൾക്ക് ബാധകമല്ല എന്നാണ്.
വന്യജീവിയെ കൊല്ലുന്നതോ മയക്കുവെടിവെയ്ക്കുന്നതോ സംബന്ധിച്ച തീരുമാനം ചീഫ് വൈൽഡ് ലൈഫ് വാർഡന്ന് മാത്രം അധികാരപ്പെട്ടതാണ് എന്നും കോടതി വിധി വ്യക്തമാക്കിയിട്ടുണ്ട്.
ജില്ലാ കളക്ടർമാർക്ക് വന്യജീവികളെ വെടിവയ്ക്കൽ ഉത്തരവുകൾ പുറപ്പെടുവിക്കാൻ അധികാരമില്ല.
ഇതിന് വിരുദ്ധമായ ഭേദഗതി സർക്കാർ കൊണ്ടുവരുന്നത് കോടതി വിധിയെ തന്നെ മറികടക്കുന്നതാണ്.
ഈ ബിൽ ശാസ്ത്രവിരുദ്ധവും, വന്യജീവിസംരക്ഷണവിരുദ്ധവും, അതുകൊണ്ടു തന്നെ ദീർഘകാലാടിസ്ഥാനത്തിൽ ജനവിരുദ്ധവുമാണ്.
ഇത് സുരക്ഷാ സംവിധാനങ്ങളെയും ജൈവവൈവിധ്യത്തെയും തകർക്കുന്നതിനൊപ്പം പൊതുജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുന്നതുമാണ്. അതിനാൽ
കേരള സർക്കാർ ഈ പിന്തിരിപ്പൻ ബിൽ ഉടൻ പിൻവലിക്കണം.
സിവിൽ സമൂഹവും പരിസ്ഥിതി പ്രവർത്തകരും പൊതുജനങ്ങളും ഒരുമിച്ച് ഈ തെറ്റായ നിയമനിർമാണത്തെ എതിർക്കണം.
കുറുക്കുവഴികളും ജനങ്ങളെ അഭിരമിപ്പിക്കുന്ന രാഷ്ട്രീയവും ഒഴിവാക്കി ശാസ്ത്രീയ പഠനങ്ങളിൽ, ആവാസവ്യവസ്ഥ പുനഃസ്ഥാപനത്തിൽ, സഹവർത്തിത്വ തന്ത്രങ്ങളിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണം.
ജൈവവൈവിധ്യ പൈതൃകത്തിന് പേരുകേട്ട കേരളം ദുഷ്oമായ രാഷ്ട്രീയ നേട്ടങ്ങൾക്കായി അതിന്റെ പാരിസ്ഥിതിക സമഗ്രതയിൽ വിട്ടുവീഴ്ച ചെയ്യരുത് എന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി കേരള ഗവൺമെൻറിനോട് ആവശ്യപ്പെടുന്നു. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ദീർഘവീക്ഷണമില്ലാത്ത ഇടപെടലുകൾ, ഉയർന്ന സംരക്ഷണവും ശ്രദ്ധയും സഹിഷ്ണുതയും ആവശ്യമുള്ള ഷെഡ്യൂൾ ഒന്നിൽ പെട്ട മൃഗങ്ങളെ കൊല്ലാൻ ഉത്തരവുകൾ നൽകാൻ ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പോലുള്ള മത-രാഷ്ട്രീയ നേതാക്കളെ പ്രോത്സാഹിപ്പിക്കുകയേ ഉള്ളൂ എന്ന് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഉയർന്ന സാക്ഷരതയും ജനാധിപതുബോധവുമുള്ള പുരോഗമന സമൂഹം എന്ന നിലയിൽ, വർഷങ്ങളായി ഒരുമിച്ച് ജീവിച്ചുകൊണ്ട് നാം വികസിപ്പിച്ചെടുത്ത സഹവർത്തിത്വ തന്ത്രങ്ങളെ അവഗണിച്ച്, അക്രമത്തെ ഒരു ജീവിതരീതിയായി മാറ്റുന്നതിനും മുഴുവൻ രാജ്യത്തിനും തെറ്റായ മാതൃത സൃഷ്ടിക്കുന്നതിന്നും നാം തയ്യാറാവരുത്.
വയനാട് പ്രകൃതി സംരക്ഷണ സമിതി യോഗത്തിൽ എൻ. ബാദുഷ അധ്യക്ഷൻ.എം.ഗംഗാധരൻ,തോമസ്സ് അമ്പലവയൽ, എ.വി. മനോജ് , ബാബു മൈലമ്പാടി, സണ്ണി മരക്കാവ് പി.എം സുരേഷ് , ഒ.ജെ. മാത്യൂ. , സി. എസ്സ് ഗോപാലകൃഷ്ണൻ പ്രസംഗിച്ചു.

 
                                                                     
                                