മാനുഷിക മുഖത്തോടെ കാന്‍സര്‍ ചികിത്സയില്‍ ഇടപെടാന്‍ കാന്‍കോണിനു കഴിഞ്ഞു: ഡോ. നാരായണന്‍കുട്ടി വാര്യര്‍.
- Posted on June 07, 2025
- News
- By Goutham prakash
- 192 Views
സ്വന്തം ലേഖകൻ.
കോഴിക്കോട്: സാധാരണക്കാര്‍ക്ക് അപ്രാപ്യമായി കണക്കാക്കിയിരുന്ന കാന്‍സര്‍ ചികിത്സ എല്ലാവര്‍ക്കും പ്രാപ്യമാക്കാനും അന്താരാഷ്ട്രതലത്തില്‍ ചികിത്സയിലുണ്ടായ പുരോഗതി ഇന്ത്യയിലും എത്തിക്കാനും കഴിഞ്ഞു എന്നതാണ് എം.വി.ആര്‍ കാന്‍സര്‍സെന്ററിന്റെ കാന്‍കോണ്‍ അന്താരാഷ്ട്ര സെമിനാര്‍കൊണ്ടുണ്ടായ നേട്ടമെന്ന് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ ഡയറക്ടര്‍ ഡോ.നാരായണന്‍കുട്ടി വാര്യര്‍ പറഞ്ഞു. കാന്‍കോണ്‍ 9ാം എഡിഷന്റെ മൂന്നാം ദിനം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില അവയവങ്ങളെ ബാധിക്കുന്ന ഏറെ സങ്കീര്‍ണമായ കാന്‍സര്‍ രോഗത്തിന് നിലവില്‍ ലോകത്തിലുള്ള ഏറ്റവും മികച്ച ചികിത്സാരീതികള്‍ ഇന്ത്യയിലും സാര്‍ക്ക് രാജ്യങ്ങളില്‍നിന്നും എത്തുന്ന പ്രതിനിധികള്‍ക്ക് പരിചയപ്പെടുത്താന്‍ കാന്‍കോണ്‍ കൊണ്ടു കഴിയുന്നുണ്ട്. രാജ്യത്തെതന്നെ ഇത്തരം കോണ്‍ഫറന്‍സുകള്‍ കൈകാര്യംചെയ്യുന്ന പ്രധാന സ്ഥാപനമാകാന്‍ ഈ കുറഞ്ഞകാലംകൊണ്ട് എം.വി.ആര്‍ കാന്‍സര്‍സെന്റിന് കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരനെ മുന്നില്‍കണ്ടുകൊണ്ടുള്ള ചികിത്സാരീതിയും ഗവേഷണപദ്ധതിയും അവതരിപ്പിക്കാനായി എന്നതാണ് കാന്‍കോണിന്റെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാന്‍കോണ്‍ 2025ന്റെ മൂന്നാം ദിനം പെരിറ്റോണിയല്‍ കാന്‍സര്‍ ചികിത്സയിലെ നൂതന സംവിധാനങ്ങളെയും ഗവേഷണങ്ങളെയും സംബന്ധിച്ച് ബീറ്റെ റൗ, കാര്‍ത്തിക് ഉഡുപ്പ, സ്വപ്‌നില്‍ പട്ടേല്‍, ഒലിവര്‍ ഗ്ലെന്‍, ഫ്രെഡറിക് ബിബ്യു, ഡോ.നാരായണന്‍കുട്ടി വാര്യര്‍, യാന്‍ ലീ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. നാലുദിവസമായി തുടരുന്ന കാന്‍കോണ്‍ 2025 ഇന്ന് സമാപിക്കും.
