ട്രെയിനിൽ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം ലഭിക്കുമോ? ഉത്തരവുമായി ഉപഭോക്തൃ കമ്മീഷൻ
- Posted on July 15, 2026
- News
- By Goutham prakash
- 27 Views
രാജധാനി എക്സ്‌പ്രസ് ട്രെയിനിലെ യാത്രയ്ക്കിടെ താലിമാലയും പണവും അടങ്ങിയ ഹാൻഡ്ബാഗ് മോഷണംപോയ സംഭവത്തിൽ ദമ്പതികൾക്ക് 80,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. നോർത്തേൺ റെയിൽവേ നഷ്ടപരിഹാരം നൽകണമെന്നാണ് പഞ്ചാബിലെ ജില്ലാ ഉപഭോക്തൃ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. യാത്രക്കാർക്കുള്ള സേവനത്തിലെ വീഴ്ചയിൽ റെയിൽവേ ഉത്തരവാദിയാണെന്നും കമ്മീഷൻ വ്യക്തമാക്കുന്നുണ്ട്.
2021 ഡിസംബർ 14നാണ് പരാതിക്കാരായ കാലുറാം ഭാര്യ സുമനോടും കുഞ്ഞിനോടുമൊപ്പം ദിബ്രുഗഡ്- ന്യൂഡൽഹി രാജധാനി എക്സ്‌പ്രസിലെ എ സി കോച്ചിൽ യാത്രചെയ്തത്. 13,280 രൂപ നൽകിയാണ് മൂന്ന് സീറ്റുകൾ ബുക്കുചെയ്തത്. പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഹാൻഡ് ബാഗ് മോഷണം പോയതായി ഇവർ അറിഞ്ഞത്.65,000 രൂപ വിലമതിക്കുന്ന താലിമാലയും അയ്യായിരം രൂപയും ബാങ്ക് പാസ്ബുക്കുമായിരുന്നു ബാഗിലുണ്ടായിരുന്നത്. മോഷണം ശ്രദ്ധയിൽപ്പെട്ട ഉടൻ വിവരമറിയിക്കായി കോച്ച് അറ്റൻഡന്റിനെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതിനെത്തുടർന്ന് ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ് എക്സാമിനറെയും വിവരമറിയിച്ചതായും പരായിയിൽ പറയുന്നു. ന്യൂഡൽഹിയിൽ എത്തിയപ്പോൾ സീറോ എഫ് ഐ ആർ രജിസ്റ്റർചെയ്തു.സഹായത്തിനായി പലതവണ റെയിവേയാേട് ആവശ്യപ്പെട്ടെങ്കിലും ഫലമില്ലാതെ വന്നതോടെയാണ് മോഷണംപോയ സാധനങ്ങളുടെ വിലയായ എഴുപതിനായിരം രൂപയും മാനസിക പ്രയാസത്തിന് അഞ്ചുലക്ഷം രൂപയും ആവശ്യപ്പെട്ട് ദമ്പതികൾ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. എന്നാൽ മോഷണവിവരം ബന്ധപ്പെട്ട സ്റ്റേഷൻമാസ്റ്ററെ അറിയിച്ചില്ലെന്നും ബുക്കുചെയ്യാത്ത ലഗേജുകളുടെ ഉത്തരവാദിയാകാൻ തങ്ങൾക്കാവില്ലെന്നുമായിരുന്നു റെയിൽവേയുടെ വാദം.തെളിവുകളുടെ ബലത്തിൽ റെയിൽവേയുടെ വാദം തള്ളിയ കമ്മീഷൻ മോഷണം പോയ സാധനങ്ങളുടെ മൂല്യമായ എഴുപതിനായിരം രൂപയും കേസ് ഫയൽചെയ്ത തീയതിമുതൽ ഉത്തരവ് പുറപ്പെടുവിച്ച സമയംവരെ പ്രതിവർഷം ആറുശതമാനം പലിശയും മാനസിക പ്രയാസത്തിന് പതിനായിരം രൂപയും നൽകാൻ ഉത്തരവിടുകയായിരുന്നു. ഉത്തരവിന്റെ പകർപ്പ് ലഭിച്ച് ഒരുമാസത്തിനുള്ള പണം നൽകിയില്ലെങ്കിൽ ആകെ തുകയ്ക്ക് പ്രതിവർഷം 12 ശതമാനം പിഴ നൽകേണ്ടിവരുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
