എംടിക്ക് കലാകാരരുടെയും സർഗാലയയുടെയും ആദരം: എംടിയെ ആധാരമാക്കിയ കലാസൃഷ്ടികളുടെ പ്രദർശനം ഇന്നുമുതൽ
- Posted on December 30, 2024
- News
- By Goutham prakash
- 175 Views
മലയാളത്തിൻ്റെ അനശ്വരകഥാകാരൻ എംടി വാസുദേവൻ നായർക്ക് കലാകാരുടെയും കലാകരകൗശല കേന്ദ്രമായ ഇരിങ്ങൽ സർഗ്ഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൻ്റെയും ആദരം. ഏതാനും പ്രമുഖ ചിത്രകാരരും ശില്പികളും നെയ്ത്തുകാരും കരകൗശലവിദഗ്ദ്ധരും നർത്തകരും അവരവരുടെ മാദ്ധ്യമങ്ങളിൽ എംടിയെ ആവിഷ്കരിക്കുന്നു. ഇരിങ്ങൽ സർഗാലയയിൽ സർഗാലയ അന്താരാഷ്ട്ര കല, കരകൗശല മേളയുടെ ഭാഗമായി നടന്നവരുന്ന ശില്പശാലയിൽ പിറവികൊണ്ട സർഗ്ഗസൃഷ്ടികളുടെ പ്രദർശനം ഇന്നു (തിങ്കൾ) വൈകിട്ട് ഏഴിന് എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും.
എംടിയുടെ രണ്ടാമൂഴത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് കളരിയും ഭരതനാട്യവും മോഹിനിയാട്ടവും സമന്വയിപ്പിച്ച് എറണാകുളം തുടിപ്പ് ഡാൻസ് അക്കാദമി ആവിഷ്കരിച്ച 'ഒറ്റ' എന്ന നൃത്തനാടകവും വൈകുന്നേരം സർഗാലയയിൽ അവതരിപ്പിക്കും. ഇവയ്ക്കൊപ്പം എംടിയുടെ ഫോട്ടോകളുടെ പ്രദർശനം ദേശാഭിമാനിയും എംടി പുസ്തകങ്ങളുടെ പ്രദർശനം മാതൃഭൂമിയും സർഗാലയയിൽ ഒരുക്കുന്നുണ്ട്.
ടേപ്സ്ട്രി നെയ്ത്തിൽ കണ്ണൂർ ഐഐഎച്ഛ്ടിയിലെ മനോഹരൻ, കളിമണ്ണിൽ അരുൺ എ. കെ., മരത്തിൽ എസ്. അശോക് കുമാർ, ചുമർച്ചിത്രത്തിൽ നവീൻ കുമാർ, കാരിക്കേച്ചറിൽ മധുസൂദനൻ, വുഡ് കാർവിങ്ങിൽ സുരേന്ദ്രൻ വി. പി., അക്ഷരവരയിൽ പവിത്രൻ ഇരിങ്ങൽ, മെറ്റൽ എൻഗ്രേവിങ്ങിൽ വാസുദേവൻ മാസ്റ്റർ, വാട്ടർ കളറിലെ പോർട്രയിറ്റ് പെയിൻ്റിങ്ങിൽ അഭിലാഷ് തിരുവോത്ത്, അക്രിലിക് കളറിൽ ഷിൻജിത് കുമാർ, പേപ്പർ ക്വില്ലിങ്ങിൽ ആഷ, ദാരുകലയിൽ ശ്രീനി എടവണ്ണ എന്നിവരാണ് എംടിയെ ആവിഷ്കരിക്കുന്നത്.
സ്വന്തം ലേഖകൻ.
