വിജയരാജിൽ നിന്ന് വിജയകാന്തിലേയ്ക്ക്, പുരട്ച്ചി കലൈഞ്ജർ എന്ന ക്യാപ്റ്റൻ

രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് പുതിയൊരു പേര് കൂടി ചാർത്തി കിട്ടി. 'പുരട്ച്ചി കലൈഞ്ജർ' അതായത് വിപ്ലവ കലാകാരൻ

തമിഴ്‌നാടിന് രാഷ്ട്രീയവും സിനിമയും ഒരേ തട്ടിലായിരുന്ന ഒരു കാലമുണ്ടായിരുന്നു. സിനിമയിൽ തിളങ്ങിയാൽ രാഷ്ട്രീയത്തിൽ വിളങ്ങാം. സിനിമയിലെ ആരാധകർ, രാഷ്ട്രീയത്തിലെത്തുമ്പോൾ അണികളാവുന്നു, വോട്ടാകുന്നു.  വിജയകാന്തിന്റെ ജീവിതത്തിന്റെ തിരക്കഥയും ഇത് തന്നെയായിരുന്നു. സുഹൃത്തുക്കളുടെ പ്രോത്സാഹനത്താൽ, സിനിമ മോഹവും കൊണ്ട്  മധുരയിൽ നിന്നും, അഴഗർ സാമി വിജയരാജ് ചെന്നൈയിലെത്തി. ആദ്യ നാളുകളിൽ അദ്ദേഹത്തിന്റെ തമിഴ് സംസാര ശൈലി സിനിമയിലെത്താൻ  ഒരു തടസ്സമായെങ്കിലും, വിജയരാജിന്റെ സിനിമ സ്വപ്നങ്ങളെ, ആർക്കും പിടിച്ച് നിർത്താനായില്ല. ഇനിക്കും ഇളമൈ എന്ന സിനിമയിലൂടെ 1979ൽ അദ്ദേഹം തന്റെ സിനിമ ജീവിതത്തിന് തുടക്കം കുറിച്ചു. ആദ്യം അദ്ദേഹത്തിന്റെ പേര് വിജയ രാജ് എന്നതിൽ നിന്നും അമൃത രാജ് എന്നാക്കി മാറ്റിയെങ്കിലും ആരാധകരുടെ ഇടയിൽ ഹിറ്റായില്ല.

രജനികാന്ത് തിളങ്ങി നിൽക്കുന്ന കാലത്താണ് വിജയരാജിന്റെ സിനിമ പ്രവേശനം. രജനികാന്തിന്റെ ചുവട് പിടിച്ച് വിജയരാജ് എന്ന പേര് വിജയകാന്താക്കി അദ്ദേഹം  മാറ്റി. തിരശീലയിൽ സാധാരണ തമിഴനായി വെന്നിക്കൊടി പാറിക്കുകയായിരുന്നു വിജയകാന്ത്. സാഹസികമായ സ്റ്റൻഡ് രംഗങ്ങൾ, മാസ് ഡയലോഗുകൾ....സൂപ്പർസ്റ്റാർ രജനീകാന്തിന് പോലും അവതരിക്കാൻ സാധിക്കാത്ത വേഷങ്ങളുമായി വിജയകാന്ത് നിറഞ്ഞാടി. തന്റെ സിനിമകളിലൂടെ തമിഴ് ജനത നേരിടുന്ന അനീതികളെ, നാട്ടിലെ അസമത്വങ്ങളെ,അഴിമതികളെ അദ്ദേഹം ചോദ്യം ചെയ്തു. എംജിആറിന്റെ പകരക്കാരനെയാണ് ആരാധകർ അദ്ദേഹത്തിൽ കണ്ടത്. ക്യാപ്റ്റൻ പ്രഭാകരൻ  എന്ന തന്റെ നൂറാം ചിത്രത്തിലൂടെ അദ്ദേഹം തമിഴ് മക്കൾക്ക് ക്യാപ്റ്റനായി. സിനിമയിലെ നായകൻ മുതൽ ലൈറ്റ് ബോയ് വരെ എല്ലാവർക്കും ഒരേ ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ട, കഷ്ടപ്പെടുന്ന പ്രൊഡ്യൂസർമാരുടെ കയ്യിൽ നിന്ന് പ്രതിഫലം വാങ്ങിക്കാത്ത, അദ്ദേഹത്തെ ജനങ്ങൾ മനസ്സിലേറ്റി. കോടികൾ മൂല്യമുള്ള സൂപ്പർ താരമായി വിജയകാന്ത് വളർന്നു.  

സിനിമയിലെ തന്റെ വിജയം, രാഷ്ട്രീയത്തിൽ ചുവട് വയ്ക്കാൻ  അദ്ദേഹത്തിന് പ്രചോദനമായി. പെരിയാറിൽ തുടങ്ങി, കാമരാജിലൂടെ, അണ്ണാദുരൈയിലൂടെ, എം ജി ആറിലൂടെ വിജയകാന്തിലേയ്ക്ക് എന്നതായിരുന്നു വിജയകാന്തിന്റെ രാഷ്ട്രീയ മന്ത്രം. ജയലളിതയോടും കരുണാനിധിയോടും ഒരു പോലെ കലഹിച്ച, വിജയകാന്ത് രാഷ്ട്രീയത്തിലും വിജയക്കൊടി പാറിച്ചു. 2005 ൽ ഡിഎംഡികെ  എന്ന സ്വന്തം പാർട്ടി രൂപകരിച്ച അദ്ദഹം ഒറ്റയാൾ പട്ടാളമായിരുന്നു. 2011 ൽ ജയലളിതയുമായി കൈ കോർത്തെങ്കിലും, ആ ബന്ധം അധിക നാൾ നീണ്ട് നിന്നില്ല. പിന്നീട് കണ്ടത് പ്രതിപക്ഷ നേതാവിന്റെ റോളിൽ ഉരുളക്കുപ്പേരി പോലെ മാസ് ഡയലോഗുകളുമായി കയ്യടി വാങ്ങുന്ന വിജയകാന്തിനെയായിരുന്നു. രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് പുതിയൊരു പേര് കൂടി ചാർത്തി കിട്ടി. 'പുരട്ച്ചി കലൈഞ്ജർ' അതായത് വിപ്ലവ കലാകാരൻ. പക്ഷെ 2011 മുതൽ 2016 വരെ മാത്രമായിരുന്നു ഡിഎംഡികെയുടെ സുവർണ്ണ കാലം. പിന്നീട് വിജയകാന്തിന്റെ തളർച്ചയും വീഴ്ചയുമായിരുന്നു. അണികൾ വിരലിലെണ്ണാവുന്നവർ മാത്രമായി. അനാരോഗ്യം കൂടിയായപ്പോൾ അദ്ദേഹത്തിന്റെ പ്രതാപ കാലം കത്തിത്തീരാൻ തുടങ്ങിയിരുന്നു. എന്നാൽ തമിഴ് മക്കൾ അദ്ദേഹത്തെ മറന്നില്ല. അദ്ദേഹത്തിന്റെ വിയോഗത്തിൽ ഇന്നും വിലാപമുയരുന്നത് അദ്ദേഹം മനുഷ്യപറ്റുള്ള ഒരു നായകനായത് കൊണ്ട് കൂടിയാണ്.

   

Author
No Image
Journalist

Dency Dominic

No description...

You May Also Like