പഹൽഗാമിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്‌ജലിയുമായി കിളിക്കൂട്ടം ക്യാമ്പ്.
- Posted on April 26, 2025
- News
- By Goutham prakash
- 99 Views
തിരുവനന്തപുരം: കാശ്‌മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്‌ജലി അർപ്പിച്ച് ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വേനലവധി ക്യാമ്പായ കിളിക്കൂട്ടത്തിലെ കുഞ്ഞുങ്ങൾ. ക്യാമ്പ് അംഗങ്ങളായ കുട്ടികൾ തൈക്കാട് ഗവ. മോഡൽ എൽ.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ ഇന്ത്യയുടെ ഭൂപടം വരച്ച് അതിൽ ദീപങ്ങൾ തെളിയിച്ച് പൂക്കൾ അർപ്പിച്ചാണ് മരണമടഞ്ഞവർക്കായി ശ്രദ്ധാഞ്‌ജലി അർപ്പിച്ചത്. ശ്രദ്ധാഞ്‌ജലിയുടെയും ഹൃദയതാളം പദ്ധതിയുടെയും ഉദ്‌ഘാടനം ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി ഉദ്‌ഘാടനം ചെയ്‌തു. ഹൃദയ സംബന്ധമായ രോഗങ്ങൾ അനുദിനം വർദ്ധിക്കുന്ന ഇന്നത്തെ സമൂഹത്തിൽ ഹൃദയാരോഗ്യത്തിന്റെ പരിപാലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അനുബന്ധ രോഗങ്ങളെക്കുറിച്ചും സമൂഹത്തിൽ അവബോധം സൃഷ്‌ടിക്കുന്നതിനായാണ് എലിഡ ഫൗണ്ടേഷനൊപ്പം കൈകോർത്ത് ശിശുക്ഷേമ സമിതി 'ഹൃദയതാളം' പദ്ധതിയ്‌ക്ക് തുടക്കമിട്ടത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ വരും ദിവസങ്ങളിൽ ജില്ലയുടെ ഗ്രാമപ്രദേശങ്ങളിലും കുട്ടികൾക്കായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. ശിശുക്ഷേമ സമിതി ട്രഷറർ കെ. ജയപാൽ അധ്യക്ഷത വഹിച്ചു. എലിഡ ഫൗണ്ടേഷൻ സെക്രട്ടറി കേശവൻ സ്വാഗതം ആശംസിച്ചു. ക്യാമ്പ് ഡയറക്‌ടർ എൻ.എസ് വിനോദ്, എസ്.എ.ടി ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി പ്രൊഫ. ഡോ. ലക്ഷ്‌മി എസ്., അസിസ്‌റ്റന്റ് പ്രൊഫസർമാരായ ഡോ. ഹരികൃഷ്‌ണൻ കെ.എൻ, ഡോ. രോഹിത്‌രാജ് ജി.ആർ തുടങ്ങിയവർ പങ്കെടുത്തു. എലിഡ ഫൗണ്ടേഷൻ പ്രസിഡന്റ് ലതിൻ രാജ് നന്ദി രേഖപ്പെടുത്തി.
