കുപ്രസിദ്ധ പയ്യൻ വീണ്ടും കുപ്രസിദ്ധനാക്കപ്പെടുമ്പോൾ

നിറഞ്ഞ കണ്ണുകളോടെ പോലീസിനാൽ വലയപ്പെട്ട് നിന്നിരുന്ന ജയേഷിന്റെ മുഖം അന്ന് മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു

ഒന്ന് കട്ടവൻ എല്ലാ കാലത്തേയ്ക്കും കള്ളനായിരിക്കും എന്ന് കേട്ടിട്ടില്ലേ?. കുറ്റം ചെയ്തവന്റെ തലയിൽ എല്ലാകാലത്തേക്കും ആയിട്ടാണ് ചാപ്പ കുത്തപ്പെടുന്നത്. എന്നാൽ കുറ്റം ആരോപിക്കപ്പെടുന്നവരുടെ കഥയോ? കഴിഞ്ഞദിവസം പോക്സോ കേസിൽ പിടിക്കപ്പെട്ട ഒരു പ്രതിയെ കോടതി വെറുതെ വിട്ടു. ആ പ്രതിയുടെ മുഖം കേരളത്തിന് അത്ര അപരിചിതമല്ല.  സുന്ദരി അമ്മ കൊലക്കേസിൽ കുറ്റം ആരോപിക്കപ്പെട്ട കോഴിക്കോട് ക്കാരനായ ജയേഷ്.

ഹോട്ടലുകളിൽ ഇഡ്ഡലി ഉണ്ടാക്കി വിറ്റിരുന്ന സുന്ദരി അമ്മ 2012 ജൂലൈ 21നാണ് അർദ്ധരാത്രിയിൽ അതിക്രൂരമായി വെട്ടേറ്റു കൊല്ലപ്പെട്ടത്.  ഈ വാർത്ത, താൻ ജോലി ചെയ്യുന്ന ഹോട്ടലിൽ സുന്ദരി അമ്മയുടെ അയൽവാസി പറഞ്ഞറിയുമ്പോൾ ജയേഷ് ഓർത്തിരിക്കില്ല, തന്റെ ജീവിതം ആ രാത്രികൊണ്ട് മാറിമറിയാൻ പോവുകയാണ് എന്ന്. അന്ന് സിറ്റി ലൈറ്റ് ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു ജയേഷ്. സുന്ദരി അമ്മയെ സ്വന്തം അമ്മയെപ്പോലെയായിരുന്നു ജയേഷ് കണ്ടത്.  അവരുടെ മരണവാർത്ത ജയേഷിനെയും തളർത്തിയിരുന്നു.

കേസിൽ ഒരു പുരോഗമനവും കണ്ടെത്താൻ പോലീസിന് സാധിക്കാതെ യായതോടുകൂടി, കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.  യാതൊരു സാക്ഷികളും ഇല്ലാതെ സാഹചര്യ തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് ജയേഷിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നിറഞ്ഞ കണ്ണുകളോടെ പോലീസിനാൽ വലയപ്പെട്ട് നിന്നിരുന്ന ജയേഷിന്റെ മുഖം അന്ന് മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.  കുറ്റം ഏറ്റെടുക്കാൻ തയ്യാറാകാതിരുന്നത്തോടെ അതിക്രൂരമായ പോലീസ് മുറകളാണ് ജയേഷിനെ കാത്തിരുന്നത്. അയാളുടെ ശരീരം ഇനിയും ആ വേദനകളിൽ നിന്ന് രക്ഷ നേടിയിട്ടില്ല.



പ്രതീക്ഷയുടെ വെളിച്ചം ഒരിക്കലും അവസാനിക്കില്ലെന്ന് ഓർമ്മപ്പെടുത്തി കൊണ്ടാണ് നിയമസഹായ പദ്ധതി പ്രകാരം അഡ്വ. എം അനിൽകുമാർ സുന്ദരി അമ്മ കൊലക്കേസിലേക്ക് എത്തുന്നത്. ഒടുവിൽ വ്യാജ തെളിവുകളുമായി പോലീസ് ജയേഷിനെ കോടതിയിലെത്തിച്ചു. പ്രധാന തെളിവായി ഹാജരാക്കിയത് സുന്ദരി അമ്മയെ കുത്തിയതെന്ന് കരുതപ്പെടുന്ന കത്തിയായിരുന്നു. പക്ഷേ രാസ പരിശോധനയിലൂടെ, തെളിവായി ഹാജരാക്കിയ കത്തി സുന്ദരി അമ്മയെ കൊലപ്പെടുത്താൻ ഉപയോഗിച്ചതല്ലെന്ന് കണ്ടെത്തി. സുന്ദരി അമ്മയുടെ ശരീരത്ത് ഉണ്ടായിരുന്ന മുറിവുകൾ സൃഷ്ടിക്കാൻ ആ കത്തിക്ക് സാധിക്കില്ലെന്നും, കൂടാതെ ആ കത്തിയിൽ രക്തത്തിന്റെ യാതൊരു അംശവും  ഉണ്ടായിരുന്നില്ല എന്നും കോടതിയിൽ പ്രതിഭാഗത്തിന് തെളിയിക്കാൻ സാധിച്ചു. 39 സാക്ഷികളെയാണ് കേസിൽ വിസ്‌തരിച്ചത്.  ഇതിൽ ഹോട്ടൽ ഉടമ ജലീലിന്റെ മൊഴി ആയിരുന്നു പോലീസിന്റെ കെട്ടുകഥയെ  വലിച്ചു  കീറിയത്. ആ രാത്രിയിൽ ജയേഷ് തന്റെ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് ജലീൽ മൊഴി നൽകി.

കോടതിയിൽ വെച്ച്, തന്റെ അമ്മ വളർത്തമ്മയാണെന്നും മാതാപിതാക്കൾ മറ്റാരോ ആണെന്ന നടുക്കുന്ന മറ്റൊരു സത്യം കൂടി ജയേഷ് തിരിച്ചറിയുന്നുണ്ട്. വ്യാജ തെളിവുകൾ സൃഷ്ടിച്ച് ഒരു നിരപരാധിയുടെ ജീവിതം നശിപ്പിച്ച, രണ്ട് വർഷത്തോളം ജയിലിലടച്ച പോലീസിനെ രൂക്ഷമായി കോടതി അന്ന് വിമർശിച്ചു. കേസന്വേഷണത്തിന് നേതൃത്വം കൊടുത്ത  കസബ സി ഐ പി. പ്രമോദ്, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പൃഥ്വിരാജ് എന്നിവർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിനും ഉത്തരവ് ഉണ്ടായി. തന്റെ ജോലി സത്യസന്ധതയോടെ നിർവഹിച്ച അഡ്വ. എം. അനിൽകുമാർ, സ്പെഷ്യൽ അഡീഷണൽ ജഡ്ജ് എസ് കൃഷ്ണകുമാർ എന്നിവർ കാരണം ജയേഷ് വീണ്ടും വെളിച്ചം കണ്ടു.

ജയേഷിന്റെ ജീവിതം ആസ്പദമാക്കിയെടുത്ത 'ഒരു കുപ്രസിദ്ധ പയ്യൻ' എന്ന സിനിമയിൽ, ജയിൽ നിന്നിറങ്ങിയതിന് ശേഷം ജയേഷിന്റെ ജീവിതം വീണ്ടും സമാധാനപൂർണമാവുകയാണ്. എന്നാൽ ജയേഷിന്റെ ജീവിതം, ജയിലിൽ നിന്നിറങ്ങിയതിന് ശേഷവും ഒരു പോരാട്ടമായിരുന്നു. കൊലക്കേസ് പ്രതിയെന്ന ചാപ്പ അയാളുടെ തലയിൽ നിന്ന് ഇനിയും മാഞ്ഞിട്ടില്ല.

ജയേഷിനോടുള്ള പോലീസിന്റെ അമർഷം ഒരിക്കലും അവസാനിച്ചില്ല. നഗരത്തിൽ ഒരു കൊലപാതകമോ മോഷണമോ നടന്നാൽ ജയേഷിനെ  തിരക്കിയിറങ്ങും പോലീസ്. നഷ്ടപരിഹാരമായി കിട്ടാനുള്ള തുകയും അപ്പീലുകളിൽ കുടുങ്ങി അയാൾക്ക് ലഭിച്ചില്ല. അന്ത്യമില്ലാത്ത അനാഥത്തിലേക്ക് കൂടിയായിരുന്നു അയാളുടെ ജീവിതം വലിച്ചെറിയപ്പെട്ടത്.

2022 ൽ ഒരു 'പോക്സോ കേസിൽ കുപ്രസിദ്ധ പയ്യൻ വീണ്ടും പിടിയിൽ' എന്ന തലക്കെട്ടോടു കൂടിയാണ് ജയേഷിന്റെ മുഖം വീണ്ടും വാർത്തകളിൽ നിറയുന്നത്. ഇപ്പോഴിതാ തെളിവുകളുടെ അഭാവത്തിൽ ആ മനുഷ്യനെ വീണ്ടും കോടതി വെറുതെ വിട്ടു. പോലീസിന്റെ പ്രതികാര നടപടിയെ കോടതി വീണ്ടും വിമർശിച്ചു. ജയേഷ് ആശ്വസിക്കുന്നില്ല, സമാധാനിക്കുന്നുമില്ല. ഇന്നും സുന്ദരി അമ്മയെ കൊന്ന പ്രതി  എവിടെയെങ്കിലും സമാധാനമായി ജീവിക്കുന്നുണ്ടായിരിക്കാം. എന്നാൽ ജയേഷ്  വീണ്ടും പോരാടുകയാണ് കേസുകൾക്കെതിരെ.. പോലീസിനെതിരെ...

Author
No Image
Journalist

Dency Dominic

No description...

You May Also Like