വന്യജീവി ആക്രമണം പ്രതിരോധിക്കാനുള്ള നടപടികൾ അറിയിച്ചില്ല : വനം മേധാവിക്ക് മനുഷ്യാവകാശ കമ്മീഷന്റെ,വിമർശനം.
- Posted on February 13, 2025
- News
- By Goutham prakash
- 280 Views
എറണാകുളം: ജനവാസ മേഖലയിൽ വന്യജീവികൾ നടത്തുന്ന അതിക്രമങ്ങൾ തടയുന്നതിനായി വനം വകുപ്പ് സ്വീകരിക്കുന്ന പ്രതിരോധ നടപടികളെ കുറിച്ച് ആവശ്യപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാത്ത വനംവകുപ്പ് മേധാവിക്ക് (ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ്) മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷവിമർശനം.
ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സിനു പകരം മൂന്നാർ ഡി.എഫ്.ഒ. നേരിട്ട് ഹാജരായി സമർപ്പിച്ച റിപ്പോർട്ടിൽ കമ്മീഷൻ ആവശ്യപ്പെട്ട വ്യക്തമായ വിശദീകരണങ്ങൾ ലഭ്യമല്ലെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. ഉത്തരവ് അനുസരിക്കാൻ ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സിന് ബാധ്യതയുണ്ട്. ഇത്തരം നടപടികൾ ഗൗരവമായി എടുക്കും. 10 ദിവസത്തിനകം കമ്മീഷൻ ആവശ്യപ്പെട്ട റിപ്പോർട്ട് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് ഒപ്പിട്ട് സമർപ്പിക്കണം. ഇല്ലെങ്കിൽ മേൽനടപടിയിലേക്ക് പ്രവേശിക്കുമെന്നും ഉത്തരവിൽ പറയുന്നു.മൂന്നാർ ഡി. എഫ്.ഒ. ഹാജരാക്കിയ റിപ്പോർട്ടിൽ എറണാകുളം ജില്ലയിലുണ്ടായ വന്യജീവി ആക്രമണത്തിന്റെ വ്യക്തമായ കണക്കില്ലെന്നും ഉത്തരവിൽ പറയുന്നു.
വിഷയത്തിൽ എറണാകുളം ജില്ലാ കളക്ടർ ഒരു
അഡീഷണൽ റിപ്പോർട്ട് കൂടി മൂന്നാഴ്ചക്കകം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സിനു വേണ്ടി ഡി.എഫ്.ഒ. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനും ജില്ലാ കളക്ടർക്ക് വേണ്ടി സീനിയർ ഉദ്യോഗസ്ഥനും മാർച്ച് 25ന് രാവിലെ 10 ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.
കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കോടിയാട്ട് എൽദോസ് വർഗീസ് മരിച്ച സാഹചര്യത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
