പ്ലാവുകളെ പുണർന്ന് പ്ലാവ് സംരംക്ഷണ സമരം.
- Posted on June 06, 2025
- News
- By Goutham prakash
- 321 Views
സ്വന്തം ലേഖകൻ.
പ്ലാവുകളുടെ പറുദീസയായ കാർഷിക സർവ്വകലാശാല മോഡൽ ഓർഗാനിക് ഫാം സംരക്ഷിക്കുക. ജൈവ വൈവിധ്യ സരംക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യം വെച്ച് ഫാം സംരക്ഷണ കൺവെൻഷനും പ്ലാവിനെ പുണർന്നും ലോക പരിസ്ഥിതി ദിനത്തിൽ നടന്ന സമരം ശ്രദ്ധേയമായി.
കർഷകർക്ക് ഗുണമേന്മയും വൈവിധ്യവുമുള്ള പ്ലാവിൻ തൈകൾ ഉൽപ്പാദിപ്പിക്കാനാവശ്യമായ 193 തരം നാടൻ പ്ലാവുകളുടെ മദർ പ്ലാന്റുകളെ സംരക്ഷിക്കുന്ന, തൃശൂരിലെ കാർഷിക സർവ്വകലാശാലയുടെ മോഡൽ ഓർഗാനിക് ഫാമിലെ പ്ലാവുകൾ മുഴുവൻ വെട്ടിക്കളഞ്ഞ് വെറ്റിനറി സർവ്വകലാശാലയ്ക്ക് കൈമാറാനുള്ള തീരുമാനത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയരുന്നു. ലോക പരിസ്ഥിതി ദിനത്തിൽ മണ്ണുത്തി മഹാത്മാ സ്‌ക്വയറിൽ ചക്കക്കൂട്ടത്തിന്റെയും ഫാം സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഫാം സംരക്ഷണ കൺവെൻഷനിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകരും കാർഷിക സർവ്വകലാശാല മോഡൽ ഓർഗാനിക് ഫാമിലെ തൊഴിലാളികളും പൊതുജനങ്ങളും പങ്കെടുത്തു.
പ്ലാവിന്റെ കാര്യത്തിൽ ലോകത്തിലെ തന്നെ ഒരേ ഒരു ജൈവ വൈവിധ്യ തോട്ടമാണ് 50 വർഷത്തിലേറെ പ്രായമുള്ള 193 തരം നാടൻ പ്ലാവുകളെ സംരക്ഷിക്കുന്ന മണ്ണുത്തിയിലെ മോഡൽ ഓർഗാനിക് ഫാം (MOF). ഇവിടെ 1917 ൽ ശക്തൻ തമ്പുരാന്റെ കാലം മുതൽ കീടനാശിനികളോ, രാസവളമോ ഉപയോഗിക്കാതെയാണ് ഈ പ്ലാവുകൾ വളർത്തി വരും തലമുറക്കായി സംരക്ഷിച്ചു വരുന്നത്. കേരള കാർഷിക സർവ്വകലാശാല (KAU) യുടെ കീഴിലുള്ള അഗ്രികൾച്ചർ റിസേർച്ച് സ്റ്റേഷനിൽ (ARS) 70 ഏക്കറിലായി, നൂറിലധികം മാവുകളും 200 ഓളം വൈവിധ്യമായ ജാതി മരങ്ങളും മറ്റ് ഫല വൃക്ഷങ്ങളും, പഴ ചെടികളും, പച്ചക്കറികളും വളർത്തുകയും സംരക്ഷിക്കുകയും ഗവേഷണങ്ങൾക്കായി ഉപയോഗിച്ച് വരികയും ചെയ്യുന്നുണ്ട്.
ഇന്ത്യയിലെന്നല്ല ലോകത്തിൽ തന്നെ പ്ലാവുകളുമായി ബന്ധപ്പെട്ട് ഇത്ര വൈവിധ്യപൂർണ്ണമായ ഈ സ്ഥലം ഏറ്റെടുത്ത് അവിടെയുള്ള പ്ലാവുകൾ നീക്കം ചെയത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനാണ് വെറ്റിനറി സർവ്വകലാശാല (KVASU) അധികൃതർ ആലോചിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വൈവിധ്യം കാത്തു സൂക്ഷിക്കുന്ന, ഗവേഷണം നടത്തുന്ന, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടും വിവിധ മൂല്യ വർദ്ധിത ഉല്പ്പന്നങ്ങളുടെ നിർമ്മാണവും വിപണനവുമായി ബന്ധപ്പെട്ടും രാജ്യത്തിന് തന്നെ വലിയ മാതൃകകകൾ / സംഭാവനകൾ നൽകുന്ന ഈ ഫാമിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഈ ഇടപെടൽ സർക്കാരും വെറ്റിനറി സർവ്വകലാശാലയും നടത്തുന്നത്.
ജൈവ വൈവിദ്ധ്യവുമായി ബന്ധപ്പെട്ടും ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടും വലിയ പ്രതിസന്ധികൾ നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ യാതൊരു യുക്തിയുമല്ലാതെ വെറ്റിനറി സർവ്വകലാശാല (KVASU) അധികൃതർ വര്ഷങ്ങളായി നടത്തുന്ന ഈ തർക്കത്തിന് അടിയന്തിരമായി ശാശ്വത പരിഹാരം ഉണ്ടാക്കണം എന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. കാർഷിക സർവ്വകലാശാല (KAU) യുടെ കീഴിലുള്ള അഗ്രികൾച്ചർ റിസേർച്ച് സ്റ്റേഷനിൽ (ARS) 70 ഏക്കറിലായി നടന്നു വരുന്ന ഈ മോഡൽ ഫാമിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടു പോകുന്നതിനായുള്ള അനുകൂല തീരുമാനങ്ങൾ ജൂൺ 09നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ഓൺലൈൻ യോഗത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം എന്നും അവിടെ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികളുടെയും തൊഴിൽപരമായ ആശങ്കകൾ പരിഹരിക്കണം എന്നും ഫാം സംരക്ഷണ കൺവെൻഷൻ ആവശ്യപ്പെട്ടു.
ജൂൺ 5നു രാവിലെ 11 മണിക്ക് മണ്ണുത്തി മഹാത്മ സ്‌ക്വയറിൽ സംഘടിപ്പിക്കപ്പെട്ട കൺവെൻഷനിലും ജനകീയ റാലിയിലും മുന്നൂറോളം പങ്കെടുത്തു. കാർഷിക സർവകലാശാലയിൽ ഒത്തുചേർന്നുകൊണ്ട് മാവിൻ്റെയും പ്ലാവിന്റെയും ജാതിയുടെയും ഫാമുകൾ സന്ദർശിക്കുകയും ഓരോ മാവിലും പ്ലാവിലും ജാതിയിലും റിബൺ കെട്ടുകയും വട്ടം കെട്ടിപ്പിടിക്കുകയും പ്ലാവിൻ തോട്ടത്തിൽ കൈകൾ ചേർത്തു പിടിച്ചു സംരക്ഷണ വലയം തീർക്കുകയും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. സാമൂഹ്യ പ്രവർത്തകനും പരിസ്ഥിതി മനുഷ്യാവകാശ സമരങ്ങളിൽ സജീവ സാന്നിധ്യവുമായ സി.ഡി.സുനീഷ് കൂട്ടായ്മക്ക് സ്വാഗതം പറഞ്ഞു. ചക്കക്കൂട്ടം കോഓർഡിനേറ്റർ അനിൽ ജോസ് വിഷയാവതരണം നടത്തുകയും ജൈവ വൈവിധ്യവുമായി ബന്ധപ്പെട്ട ഈ പ്രവർത്തനങ്ങളുടെ പ്രാധാന്യം കൺവെൻഷനിൽ പങ്കെടുത്തവരുമായി പങ്കു വയ്ക്കുകയും ചെയ്തു. പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകരായ ശരത് ചേലൂർ, ഡോ. ഷാജു കെ വൈ, അഞ്ജന ശ്രീധരൻ, വത്സമ്മ, ലളിത പി എ, സുബ്രമണിയൻ, ശിവദാസൻ, മോഹൻദാസ്, കണ്ണൻ, ജോയ് പീറ്റർ, ഐ.ബി.അബ്ദുൾ റഹ്മാൻ, പ്രേമൻ എം, ഗീത പി.എം, എം വി രാജേന്ദ്രൻ, രാജഗോപാലൻ എൻ, ജോഷി എം കെ, മാത്യൂ ചെറിയാൻ, വിൽസൻ ചിറമ്മൽ, വിഷ്ണു പ്രിയൻ, ആന്റോ ഡി. ഒല്ലൂക്കാരൻ, ജോർജ് സെബാസ്റ്റ്യൻ, ജബ്ബാർ, അയൂബ്, ബിജു കുരുവിള എന്നിവർക്കു ഫാം സംരക്ഷണ കൺവെൻഷനിൽ പങ്കെടുത്തു സംസാരിച്ചു.
