മതമൗലികവാദം രാഷ്ട്രത്തെ നശിപ്പിക്കുന്ന വിഷം

സ്പെഷ്യൽ ഫീച്ചർ.

ഫാദർ.തോമസ് കുഴിയിൽ പുൽപള്ളി ( OFM. Cap) സൈകോളജിസ്,  മോട്ടിവേറ്റർ.

ഈ കാലഘട്ടത്തിൽ അഴിമതിയെക്കാളും, മറ്റെല്ലാ തിന്മകളെകാളും കൂടുതൽ ഒരു രാഷ്ട്രത്തെ നശിപ്പിക്കുന്നത് "മതമൗലികവാദമാണ് ". അഴിമതി മൂലം ഒരു രാഷ്ട്രത്തിന്റെ സാമ്പത്തിക അവസ്ഥയാണ് തകരുന്നത്. എന്നാൽ "മതമൗലികത " മൂലം ഒരു സമൂഹത്തിന്റെ എല്ലാ മേഖലയും തകരുന്നു. കുട്ടികളിലും, പ്രായം ചെന്നവരിലും, സാധാരണക്കാരിലും, വിദ്യാസമ്പന്നരിലും, ഏത് പദവിയിൽ ഉള്ളവരിലും ഇത് കടന്നുകൂടുന്നു.

ഇത് മൂലം സമൂഹത്തിന്റെ / രാഷ്ട്രത്തിന്റെ സമാധാനവും, ഐക്യവും നശിപ്പിക്കപ്പെടുന്നു. ഇതുമൂലം 'മനുഷ്യത്വം ' ഇല്ലാതാകുന്നു. അതിനാൽ ഇതിനെ വളരെ ഗൗരവമായി കാണേണ്ടതുണ്ട്.

മതങ്ങളുടെ ആവിർഭാവം

പ്രാചീന കാലം മുതൽക്കേ മനുഷ്യർ തന്റെ ബുദ്ധിക്കും,  ശക്തിക്കും അധീനമായ ശക്തിയിൽ വിശ്വസിച്ചുപോരുന്നു. മനുഷ്യരല്ല പ്രപഞ്ചത്തെ നയിക്കുന്നതെന്നും,  മറിച്ച് 'പ്രപഞ്ചശക്തി 'ആണ് മനുഷ്യനെ നയിക്കുന്നതെ ന്നുമുള്ള  ബോധ്യം അവനെ ഈ ശക്തിയെ ആരാധിക്കാനും, വണങ്ങുവാനും കാരണമാക്കി. മാനുഷിക ശക്തിയെ ക്കാൾ അധീനമായ ശക്തിയെ 'ദൈവം' എ ന്ന് വിളിച്ചു.

ഈ ദൈവത്തെ ഭയക്കുകയും 'പ്രകൃതിക്ഷോഭം' ദൈവത്തിൽനിന്നുള്ള ശിക്ഷയായി കരുതി പോരുകയും ചെയ്തു. ദൈവ കോപത്തിൽ നിന്നും രക്ഷനേടാനായി ദൈവത്തെ പ്രീതിപ്പെടുത്തുവാൻ തിരഞ്ഞെടുത്ത മാർഗമാണ് "പ്രാർത്ഥനയും" വിവിധ തരത്തിലുള്ള "ഭക്തി മാർഗങ്ങളും". മനുഷ്യൻ തന്റെ ഭക്തി മാർഗ്ഗങ്ങൾ പ്രകടിപ്പിക്കുന്ന രീതിയാണ് "ആചാരങ്ങൾ". വിശ്വാസം ഒന്നാണെങ്കിലും ആചാരാനുഷ്ഠാനങ്ങൾ ഓരോ ദേശത്തും, ഓരോ മതത്തിലും വ്യത്യസ്തമായിരിക്കാം. ആത്മീയ സത്യങ്ങൾ ഒന്നാണെങ്കിലും,  ഇത്തരത്തിലുള്ള വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങൾ മൂലമാണ് മതങ്ങളെ തമ്മിൽ വേർതിരിക്കുന്നത്.

ആത്മീയ സത്യങ്ങളെക്കാൾ കൂടുതൽ ആചാരങ്ങൾക്ക് പ്രാധാന്യം നൽകുമ്പോൾ അത് മതങ്ങൾ തമ്മിൽ കലഹങ്ങൾ ഉണ്ടാക്കുന്നു. ആചാരങ്ങളിൽ ഉള്ള "വൈരുദ്ധ്യം" മൂലമാണ് ഓരേ മതത്തിൽ തന്നെ പല ഗ്രൂപ്പുകൾ രൂപപ്പെടുന്നത്. കാലക്രമേണ, ചിലർ ദൈവത്തെ പ്രീതിപ്പെടുത്തുക എന്ന് മാത്രമല്ല,  ദൈവത്തെക്കുറിച്ച് കൂടുതൽ അറിയുവാനായി "തപസ്യ" എന്ന 'കഠിനമായ 'മാർഗം തെരഞ്ഞെടുക്കുകയും, അതിൽ നിന്നും ലഭിച്ച അനുഭവത്തെ "ആത്മീയ നിർവൃതി "(മിസ്റ്റിക്കൽ എക്സ്പീരിയൻസ് ) അഥവാ "ആത്മീയ അനുഭവം "എന്ന് വിളിക്കുകയും ചെയ്തു.

ഈ ആത്മീയ അനുഭവത്തിന്റെ വെളിച്ചത്തിൽ രേഖപ്പെടുത്തിയ ആത്മീയ കാര്യങ്ങളാണ് 'ആത്മീയ സത്യങ്ങൾ' അഥവാ 'ആത്മീയ രഹസ്യങ്ങൾ'. ഇത്തരത്തിലുള്ള ആത്മീയ രഹസ്യങ്ങൾ വെളിപ്പെടുത്തിയ വ്യക്തികളെ "ആത്മീയ ഗുരുക്കൾ "ദൈവപുരുഷൻ,  പ്രവാചകൻ തുടങ്ങി പല പേരുകളിൽ അറിയപ്പെടുന്നു.

 ഇത്തരത്തിലുള്ള ആത്മീയ ഗുരുക്കളുടെ 'ജീവിതവും സന്ദേശങ്ങളും 'എക്കാലത്തും എല്ലാ സമൂഹങ്ങളിലും സ്വാധീനം ചെലുത്തി പോന്നിരുന്നു. മാനുഷിക വികാരങ്ങൾക്കനുസരിച്ച്, സ്വാർത്ഥതയിലും, അക്രമത്തിലും,  ലോകത്തിന്റെ സുഖലോലുപതയിലും മാത്രം ജീവിക്കുകയും, വെറും മാനുഷികമായി  മാത്രം വിധിക്കുകയും ചെയ്തിരുന്ന സമൂഹത്തിൽ, ആത്മീയഗുരുക്കളുടെ വരവോടെ ആത്മീയ മൂല്യങ്ങൾ പഠിപ്പിക്കുവാൻ തുടങ്ങി.

അതിന്റെ ഫലമായി സ്നേഹം, ത്യാഗം, കരുണ, ക്ഷമ തുടങ്ങിയ അനേകം ധാർമികമൂല്യങ്ങൾ പഠിപ്പിക്കുകയും,  അതനുസരിച്ച് ജീവിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള ആത്മീയ ഗുരുക്കന്മാരെ പിന്തുടരുകയും,  അവരുടെ ആശയങ്ങൾക്കനുസരിച്ച് ജീവിക്കുകയും ചെയ്തുപോന്ന "കൂട്ടായ്മയാണ്" പിൽക്കാലത്ത് മതമായി മാറിയത്. ഇത്തരത്തിൽ പല 'വ്യക്തികളിലൂടെ '  പല സമൂഹങ്ങളായി 'വ്യത്യസ്ത മതങ്ങൾ' രൂപംകൊണ്ടു.

എല്ലാ മതങ്ങളിലും ഉള്ള പൊതു സ്വഭാവങ്ങൾ

എല്ലാ മതങ്ങളുടെയും ലക്ഷ്യം സമൂഹത്തിന്റെയും, മനുഷ്യരാശിയുടെയും "നന്മയും ആത്മീയ"  വളർച്ചയുമാണ്. ഇതിനായി ഓരോ മതങ്ങളും "വ്യക്തി കേന്ദ്രീകൃത നിയമങ്ങളും (ധാർമിക നിയമങ്ങൾ )", ആത്മീയ രഹസ്യങ്ങളെ ( ഡിവൈൻ ട്രൂത്ത് ) സംബന്ധിച്ചുള്ള കാര്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ കാലഘട്ടത്തിന്റെ യും, സാമൂഹ്യ പശ്ചാത്തലത്തിന്റെയും വെളിപ്പെടുത്തിയ ആത്മീയഗുരുക്കളുടെ വ്യത്യസ്ത അനുഭവത്തിന്റെ വെളിച്ചത്തിൽ മുകളിൽ പറഞ്ഞ രണ്ടു കാര്യങ്ങളി ലും വ്യത്യസ്തയു ണ്ടായിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്. എങ്കിലും, എല്ലാ മതങ്ങളിലുമടങ്ങിയിട്ടുള്ള അടിസ്ഥാന വിശ്വാസമൊന്നാണെന്ന് കാണുവാൻ സാധിക്കും.

1. ആത്മാവിന്റെ അസ്ഥിത്വം.

എല്ലാ മനുഷ്യരിലും ശരീരം മാത്രമല്ല ദൈവത്തിൽനിന്നുള്ള ആത്മാവുമുണ്ട് എന്നാണ് വിശ്വാസം.

2. മരണാനന്തരജീവിതം.

മരിച്ചാലും മനുഷ്യന്റെ അസ്ഥിത്വം അവസാനിക്കുന്നില്ല എന്ന ആത്മീയ സത്യം.

3. നന്മ ചെയ്യുന്നവർക്ക് പ്രതിഫലവും, തിന്മ ചെയ്യുന്നവർക്ക് ശിക്ഷയും ലഭിക്കുമെന്ന ധാർമിക നിയമങ്ങൾ.

ഈ മൂന്ന് കാര്യങ്ങളും എല്ലാ മതങ്ങളും ഒരുപോലെ അംഗീകരിക്കുന്ന സത്യങ്ങളാണ്.

മതങ്ങളുടെ സ്വാധീനം

ഓരോ മതങ്ങളും അതാത് സമൂഹത്തിൽ സ്വാധീനം ചെലുത്തുകയും,  "സാമൂഹ്യ നിയമങ്ങൾ " രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുകയും ചെയ്തു. ഇന്ന് എല്ലാവരും ആഗ്രഹിക്കുകയും, ആവശ്യപ്പെടുന്നതുമായ "മനുഷ്യത്വം ", "ധാർമികത "തുടങ്ങിയവയുടെ ഉത്ഭവം പോലും "ആത്മീയാധിഷ്ഠിതമായ " സാമൂഹിക കാഴ്ചപ്പാടിൽ നിന്നുമാണ്. അതായത് "മരണാനന്തരം"  മോഷം ലഭിക്കുവാനായി ഒരു വ്യക്തി തന്റെ ജീവിതത്തിൽ ചെയ്യേണ്ട കാര്യങ്ങളാണ് ത്യാഗം, ക്ഷമ,  കരുണ,  കാരുണ്യപ്രവർത്തികൾ തുടങ്ങിയ അനേക സൽഗുണങ്ങൾ. ഇവ സമൂഹത്തിൽ പ്രാവർത്തികമാക്കിയത് മതങ്ങളിലൂടെയാണ്.

പിന്നീട്, ഇത്തരത്തിലുള്ള നന്മ പ്രവർത്തികളുടെ വെളിച്ചത്തിലാണ് ഒരു വ്യക്തിയുടെ " വ്യക്തിത്വവും, മനുഷ്യത്വവും" വരെയെത്തി പോരുന്നത്. കൂടാതെ " സാമൂഹ്യ നിയമങ്ങൾ" രൂപപ്പെടുത്തിയത് പോലും ആത്മീയ സത്യങ്ങളിൽ നിന്നും പുറപ്പെട്ട "ധാർമിക മൂല്യങ്ങളുടെ" അടിസ്ഥാനത്തിലാണ്. അതിനാൽ ഒരു രാജ്യത്തിന്റെ അഭ്യന്തര കെട്ടുറപ്പിന് ആവശ്യമായ സത്യസന്ധത,  ത്യാഗം,  ഐക്യം, സാമൂഹ്യബോധം തുടങ്ങിയ അനേക 'ധാർമികമൂല്യങ്ങൾ' ഓരോ സമൂഹത്തിലും നിലനിൽക്കുന്നതിന് "ആത്മീയ അവബോധം" അനിവാര്യമാണ്. നമ്മുടെ സമൂഹത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സൽഗുണങ്ങൾ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഓരോ മതത്തിന്റെയും,  മത നേതാക്കളുടെയും കർത്തവ്യം.

മത മൗലികതയുടെ ആവിർഭാവം

മതങ്ങൾ സമൂഹത്തിനു നൽകുന്ന നല്ല വശങ്ങളെ കുറിച്ചും, അതിന്റെ അനിവാര്യതയെ കുറിച്ചും നമ്മൾ കണ്ടുകഴിഞ്ഞു. എന്നാൽ സമൂഹത്തെ അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കേണ്ട മതങ്ങൾ തന്നെ ഇതിനെ കൂടുതൽ നാശത്തിലേക്ക് നയിക്കുന്നു എന്നത് വേദനാജനകമാണ്. സ്നേഹത്തിൻന്റെയും,  ഐക്യത്തിന്റെയും, സഹിഷ്ണുതയുടെയും മാർഗ്ഗത്തിലൂടെ സമൂഹത്തെ ഉന്നതങ്ങളിലേക്ക് നയിക്കേണ്ട മതങ്ങൾ വിദ്വേഷത്തിന്റെയും , വെറുപ്പിന്റെയും,  ആക്രമണത്തിന്റെയും സന്ദേശങ്ങൾ നൽകി, സമൂഹത്തിന്റെ ഐക്യവും,  സമാധാനവും നശിപ്പിക്കുകയാണെങ്കിൽ "മതം രാഷ്ട്രത്തെ നശിപ്പിക്കുന്ന 'വിഷം ' ആയി മാറുന്നു".

എന്തുകൊണ്ട് മതങ്ങൾ തമ്മിൽ കലഹിക്കുന്നു?

നമ്മൾ നേരത്തെ കണ്ടുകഴിഞ്ഞു,  ഒരു മതത്തിന്റെ ആവിർഭാവവും കെട്ടുറപ്പും ആ മതത്തിന്റെ ആത്മീയ രഹസ്യങ്ങളെയും, ധാർമിക മൂല്യങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണെന്ന്. എന്നാൽ ഇവയെക്കാൾ കൂടുതൽ ആചാരാനുഷ്ഠാനങ്ങൾക്ക് പ്രാധാന്യം കൊടുക്കുകയും,  തങ്ങളുടെ 'കൂട്ടായ്മയിൽ'( മതത്തിൽ )പെടാത്തവരെ വെറുപ്പോടെ നോക്കുകയും ചെയ്യുന്ന പ്രവണത സാവധാനം ഓരോ മതത്തിലും വന്നു കൂടി.

തന്റെ മതത്തെ സംരക്ഷിക്കാമെന്ന മട്ടിൽ ചിലർ "മതതീവ്രവാദം/ മതം മൗലികത" പ്രചരിപ്പിക്കാൻ തുടങ്ങി. ഈ കാഴ്ചപ്പാടോട് കൂടിയാണ് മതങ്ങൾക്കിടയിൽ വിദ്വേഷം തുടങ്ങുവാൻ കാരണമായത്.

മതമൗലികവാദത്തെ തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങൾ

1. തന്റെ മതം മാത്രമാണ് "യഥാർഥ മതം",  അതായത് തന്റെ മതത്തിൽ മാത്രമേ സത്യം ഉള്ളൂ എന്ന ധാരണ വെച്ചു പുലർത്തുക.

2. മറ്റു മതങ്ങളെ 'വെറുപ്പോടെയും,  ഭയത്തോടെയും' കൂടി നോക്കി കാണുക.

3.  മറ്റു മതങ്ങളിൽ യാതൊരു നന്മയും കാണാൻ കഴിയാതെ വരിക.

4.  തന്നെ മതത്തിന്റെ വളർച്ചയ്ക്കായി മറ്റു മതങ്ങളെ വിമർശിക്കുകയും, നശിപ്പിക്കുകയും ചെയ്യുന്നത്പുണ്യമായി കരുതുക.

5. മതത്തിന്റെ പേരിൽ മരിക്കുന്നതും ഭാഗ്യമായി കരുതുക.

മത മൗലികതയുടെ പരിണതഫലങ്ങൾ

1. മത മൗലികത വർദ്ധിക്കുമ്പോൾ ആത്മീയ അന്ധത വർധിക്കുന്നു.

എല്ലാ മതത്തിന്റെയും ഏറ്റവും നല്ല വശം,  എല്ലാ മനുഷ്യരെയും' സഹോദരി, സഹോദരങ്ങൾ' അഥവാ ഒരേ "ദൈവത്തിന്റെ മക്കളായി" കാണാൻ പഠിപ്പിക്കുന്നു എന്നതാണ്. എന്നാൽ മത മൗലികത വർധിക്കുമ്പോൾ ഇവയ്ക്ക് കോട്ടം തട്ടുകയും, പരസ്പരം വെറുക്കുവാനും,  നശിപ്പിക്കുവാനും തുടങ്ങുകയും ചെയ്യുന്നു. ഇത് ആത്മീയ അന്ധതയുടെ ഫലമാണ്.

2. മതങ്ങൾ തമ്മിലുള്ള വെറുപ്പും, കലഹങ്ങളും മൂലം അനേകം ആളുകൾ  (പ്രത്യേകിച്ചും പുതുതലമുറ) മതങ്ങളെ വെറുക്കുകയും,  ആത്മീയതയിൽ നിന്ന് അകലുകയും ചെയ്യുന്നു.

തന്റെ ജീവിതത്തിലൂടെ ദൈവത്തെ കാണിച്ചു കൊടുക്കേണ്ട 'ആത്മീയ ഗുരുക്കൾ' വിദ്വേഷപ്രസംഗം നടത്തുമ്പോൾ,  ജനം ഇവരിൽ നിന്നും അകലുകയും, ആത്മീയ സത്യങ്ങൾ അറിയപ്പെടാതെ പോവുകയും ചെയ്യുന്നു.

3. ആത്മീയ സത്യങ്ങളെക്കാൾ ആചാരാനുഷ്ഠാനങ്ങൾക്ക് പ്രാധാന്യമേറുന്നു.

ഏതു മതത്തിനെയും അടിത്തറ ആത്മാവിനുള്ള (മരണാനന്തരജീവിതത്തിൽ ഉള്ള ) വിശ്വാസവും, സ്നേഹം, സഹിഷ്ണുത, ത്യാഗം തുടങ്ങിയ ധാർമിക മൂല്യങ്ങളുമാണ്. എന്നാൽ ആചാരങ്ങളുടെ പേരിൽ പരസ്പരം കലഹിക്കുമ്പോൾ ഇവയെല്ലാം നശിപ്പിക്കപ്പെടുന്നു.

4. സമൂഹത്തിലെ സമാധാനവും, ഐക്യവും തകർക്കപ്പെടുന്നു.

ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ വഴക്കുകളും,  കലഹങ്ങളും മതത്തിന്റെ പേരിലാണ് നടക്കുന്നത്. സ്നേഹത്തിന്റെയും, ഐക്യത്തിന്റെയും സന്ദേശം നൽകേണ്ട മതങ്ങൾ സമൂഹത്തിലെ ഐക്യവും,  സമാധാനവും തകർക്കാൻ കാരണമാകുന്നുവെന്നത് വളരെ വേദനാജനകമാണ്.

"സ്വന്തം മതത്തെ സ്നേഹിക്കുമ്പോൾ മറ്റു മതങ്ങളെ വെറുക്കുന്നത ല്ല, മറിച്ച് തന്റെ മതത്തിൽ നിന്നും ലഭിച്ച ധാർമികമൂല്യങ്ങൾ മറ്റുള്ളവരുമായി പങ്കിടുന്നതാണ് ആത്മീയത".

സഹോദരങ്ങളെ, നമ്മൾ മുകളിൽ കണ്ട കാര്യങ്ങളിലൂടെ തിരിച്ചറിയേണ്ട ചില സത്യങ്ങളുണ്ട്. ഒരു സമൂഹത്തിന്റെ വളർച്ചയ്ക്ക് മതങ്ങളുടെ സ്വാധീനം വളരെ വലുതാണ്. എന്നാൽ മനുഷ്യത്വമില്ലാത്ത മതത്തെ ജനങ്ങൾ വെറുക്കുന്നു.

അതിനാൽ, എല്ലാ മതങ്ങളും ആത്മീയതയിൽ നിറഞ്ഞ്, രാഷ്ട്രത്തിന്റെ ഉന്നതിക്ക് ഉതകുന്ന ആത്മീയവും, ധാർമികവുമായ കാര്യങ്ങൾ പഠിപ്പിക്കുകയും മനുഷ്യരാശിയെ മഹത്വവും ധാർമികബോധവും  ഉള്ളവരാക്കി തീർക്കുകയും ചെയ്യുക.

"ഭാരത ദേശം" എല്ലാ മതങ്ങളുടേയും നന്മയാൽ പുഷ്ടിപ്പെടട്ടെ.

"ദൈവത്തെപ്പോലെ സ്നേഹിക്കുന്നവർ ഉണ്ടെങ്കിൽ, ദൈവം ഇല്ലെന്ന് തെളിയിക്കാൻ ആർക്ക് കഴിയും?.

"ആത്മീയ നിറഞ്ഞ ജീവിതം മാത്രമേ ദൈവമുണ്ട് എന്നതിനുള്ള ചോദ്യം ചെയ്യപ്പെടാനാവാത്ത തെളിവ്".

യുവജനങ്ങളുടെ മനശാസ്ത്രം എന്താണ്?

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like