നവ വ്യവസായയുഗം സഹകരണ, സാമൂഹിക സംരംഭങ്ങളുടേത്’. ഐസിഎ ഏഷ്യ-പസഫിക് ഗവേഷണസമ്മേളനത്തിന് തുടക്കം.
- Posted on October 17, 2024
- News
- By Goutham prakash
- 266 Views
അടുത്ത വ്യവസായയുഗത്തിലെ ഉത്പാദനബന്ധങ്ങളെയും സംഘടനാരൂപങ്ങളെയും പറ്റി ഗൗരവമേറിയ ചിന്തകൾ പങ്കുവച്ച് ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് ഏഷ്യ-പസഫിക്കിന്റെ ഗവേഷണസമ്മേളനത്തിനു തുടക്കമായി.
അടുത്ത വ്യവസായയുഗത്തിലെ ഉത്പാദനബന്ധങ്ങളെയും സംഘടനാരൂപങ്ങളെയും പറ്റി ഗൗരവമേറിയ ചിന്തകൾ പങ്കുവച്ച് ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് ഏഷ്യ-പസഫിക്കിന്റെ ഗവേഷണസമ്മേളനത്തിനു തുടക്കമായി. വിവിധവിഷയങ്ങളിൽ 150-ൽപ്പരം ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിക്കുന്ന മൂന്നുദിവസത്തെ സമ്മേളനത്തിൽ 18 രാജ്യങ്ങളിൽനിന്നുള്ള 320-ൽപ്പരം സഹകാരികളും വിദഗ്ദ്ധരും പങ്കെടുക്കുന്നു. രാജ്യത്തെ 11 സംസ്ഥാനങ്ങളിൽനിന്നുള്ള 170 യുവസംരംഭകർ മാറ്റുരയ്ക്കുന്ന നൂതനാശയമത്സരമായ കോ-ഓപ് പിച്ചിനും തുടക്കമായി. ഇവർക്ക് ഒരു വർഷം പിന്തുണ നല്കുന്ന വിവിധരാജ്യക്കാരായ 20 മെന്റോർമാരും സമ്മേളനത്തിലുണ്ട്.
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ആരംഭിച്ച അന്താരാഷ്ട്ര സഹകരണസമ്മേളനത്തിലെ പ്രധാനഭാഗമാണ് ഐസിഎ ഏഷ്യ-പസഫിക് സമ്മേളനം. കോഴിക്കോട് ഐഐഎമ്മുമായി ചേർന്നു നടത്തുന്ന സമ്മേളനത്തിന്റെ വേദിയും ഐഐഎം ആണ്.
ഐഐഎം ഡയറക്ടർ പ്രൊഫ. ദേബാഷിഷ് ചാറ്റർജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ആമുഖസമ്മേളനത്തോടെ ആയിരുന്നു തുടക്കം. മുൻ ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തി. നിലവിലെ ഡിജിറ്റൽ വ്യവസായയുഗത്തിൽ മുമ്പില്ലാത്തവിധം ചൂഷണവും തൊഴിലില്ലായ്മയും സാമ്പത്തികാന്തരവും പരിസ്ഥിതിനാശവും വർദ്ധിച്ചിരിക്കെ അടുത്ത വ്യവസായയുഗത്തിൽ വരാൻപോകുന്ന മാറ്റം മാനവികതയിലുള്ള ഊന്നൽ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിജ്ഞാനസമ്പദ്ഘടനയിലേക്കു മാറുന്ന കേരളത്തിന് തൊഴിലില്ലായ്മ അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിക്കണമെന്ന് അദ്ദേഹം പ്രതിനിധികളോട് അഭ്യർത്ഥിച്ചു.
ഇൻഡ്യൻ മൂല്യങ്ങളായ സത്യം, നിത്യം, പൂർണ്ണം എന്ന ദർശനം ആധാരമാക്കിയുള്ള പ്രവർത്തനം പരിസ്ഥിതിയാഘാതം ഇല്ലാത്ത സുസ്ഥിരമാതൃകയ്ക്കു വഴിതെളിക്കുമെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ പ്രൊഫ. ദേബാഷിഷ് ചാറ്റർജി പറഞ്ഞു. ആമുഖാവതരണം നടത്തിയ ചാണക്യ സർവ്വകലാശാല വൈസ് ചാൻസെലർ ഡോ. യശവന്ത ഡൊംഗ്രെ സുസ്ഥിരതയ്ക്ക് സഹകരണമേഖലയിൽ അടിയന്തരമായി ഗവേഷണവും സഹകരണസ്ഥാപനങ്ങൾക്കിടയിലെ സഹകരണവും ആരംഭിക്കണമെന്നു നിർദ്ദേശിച്ചു.
ഐസിഎ ഏഷ്യ പസഫിക് മേഖലാഡയറക്ടർ ബാലസുബ്രഹ്മണ്യൻ അയ്യർ ആഗോളതലത്തിൽ സഹകരണസ്ഥാപനങ്ങൾ അറിവു പങ്കുവയ്ക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചു. “കൃഷിയും ബാങ്കിങ്ങും ആരോഗ്യവും പോലുള്ള വിവിധ മേഖലകളിലെ 306 സ്ഥാപനങ്ങൾ അംഗങ്ങളായ ഐസിഎ ലോകസഹകരണരംഗത്തിന്റെ സുസ്ഥിരവും എല്ലാവരെയും ഉൾച്ചേർക്കുന്നതുമായ ഭാവിക്കാണു പരിശ്രമിക്കുന്നത്”, അദ്ദേഹം പറഞ്ഞു. ആമുഖസമ്മേളനത്തിൽ ഐഐഎം ഡീൻ പ്രൊഫ. ആനന്ദക്കുട്ടൻ ബി. ഉണ്ണിത്താൻ ആശംസ നേർന്നു.
വ്യവസായത്തെപ്പറ്റിയുള്ള മൂന്നു പാനൽച്ചർച്ചകളിൽ രണ്ടെണ്ണം ആദ്യദിനം നടന്നു. ‘ഡിജിറ്റൽ പരിവർത്തനത്തിലൂടെ സഹകരണമേഖലയുടെ ശാക്തീകരണം: വെല്ലുവിളികളും അവസരങ്ങളും’, ‘സുസ്ഥിരകൃഷിയും കൃഷിസാങ്കേതികവിദ്യകളും: ലോകോത്തരമാതൃകകളിൽനിന്നുള്ള പഠനം’ എന്ന വട്ടമേശസമ്മേളനവുമാണു നടന്നത്. പ്ലാറ്റ്ഫോം മാതൃകകൾ, വികസനവും സാമൂഹിക ഉൾച്ചേർക്കലും, കർഷകരും കൃഷിയും, നൂതനാശയങ്ങൾ എന്നീ വിഷയങ്ങളിലെ സമാന്തരസെഷനുകളും നടന്നു.
ഡിജിറ്റൽ സാങ്കേതികവിദ്യ നടപ്പാക്കുമ്പോൾ സഹകരണത്തിന്റെ അടിസ്ഥാനമൂല്യമായ ജനാധിപത്യത്തിനു കോട്ടം വരാതിരിക്കാനും കേന്ദ്രീകരണം ഒഴിവാക്കാനുമുള്ള ജാഗ്രത വേണമെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. സ്വയംതൊഴിൽ ചെയ്യുന്ന വനിതകളുടെ സംഘടന സേവ ഡിജിറ്റൽ വിദ്യയിലൂടെ രാജ്യമെമ്പാടും സ്ത്രീകളെ ശാക്തീകരിക്കുന്നതിന്റെയും സാമ്പത്തികമായി ഉൾച്ചേർക്കുന്നതിന്റെയും ചിത്രം അവതരിപ്പിച്ചത് ശ്രദ്ധേയമായി.
സഹകരണത്തിന്റെ അടിസ്ഥാനമൂല്യങ്ങളിൽ ഊന്നിനിന്ന് ഡിജിറ്റൽ വിദ്യയുടെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള ആഹ്വാനവുമായാണ് ആദ്യദിവസത്തെ ആലോചനകൾ സമാപിച്ചത്. തുടർന്ന്, അതിഥികൾക്കായി കേരള കലാമണ്ഡലത്തിലെ കലാകാരർ കേരളത്തനിമയാർന്ന സാംസ്ക്കാരികപരിപാടി അവതരിപ്പിച്ചു.
