സംസ്ഥാനത്ത് ഭക്ഷ്യ പോഷകാഹാര ഭദ്രത ഉറപ്പ് വരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. - മന്ത്രി ജി. ആർ. അനിൽ .

കോഴിക്കോട്: സംസ്ഥാന ഭക്ഷ്യകമ്മീഷന്റെ പ്രഥമ ഭക്ഷ്യഭദ്രതാ പുരസ്കാരം ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പ്  മന്ത്രി ജി. ആർ. അനിൽ ജൈവ കർഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമന് സമ്മാനിച്ചു. ഭക്ഷ്യ പോഷകാഹാര ഭദ്രത ഉറപ്പ് വരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പുരസ്കാരം നൽകി കൊണ്ട് മന്ത്രി ജി. ആർ. അനിൽ പറഞ്ഞു. ഭക്ഷ്യഭദ്രത ഉറപ്പ് വരുത്താൻ എന്തെല്ലാം ചെയ്യാനാകുമെന്ന് പരിശോധിച്ച് അതെല്ലാം പ്രാവർത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ ഉല്പാദിപ്പിക്കുന്ന തവിടിന്റെ അംശം കൂടുതലുള്ള അരി റേഷൻ കടകളിലൂടെ ലഭ്യമാക്കാൻ ശ്രമിക്കും.കേരളീയരുടെ ഭക്ഷണശീലത്തിൽ ഗുണപരമായ മാറ്റം ആവശ്യമാണെന്നും ചെറു ധാന്യങ്ങൾ (Millet) പൊതുവിതരണത്തിന്റെ ഭാഗമാക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു സർക്കാർ സംവിധാനങ്ങൾ വഴി കണ്ടെത്തിയ  റേഷൻ കാർഡില്ലാത്ത മുഴുവൻ പേർക്കും റേഷൻ കാർഡുകൾ നൽകുമെന്നും മന്ത്രി പറഞ്ഞു. കർഷകരെ അംഗീകരിക്കുകയെന്ന് പറഞ്ഞാൽ നാടിനെ അംഗീകരിക്കുന്നു എന്നാണ്. കാലാവസ്ഥാ മാറ്റങ്ങൾ ഉൾപ്പെടെ ഉണ്ടാവുമ്പോൾ കർഷകർ അനുഭവിക്കുന്ന ദുരിതവും വേദനയും അറിയുന്നവർക്കേ കൃഷിക്കാരനെ മനസ്സിലാക്കാനാവൂയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. രാസവളം ഉപയോഗിക്കുന്നത് നിർത്തലാക്കാനും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും നടപടികൾ സ്വീകരിക്കണമെന്ന് മറുപടി പ്രസംഗത്തിൽ പുരസ്ക്കാര ജേതാവ് ചെറുവയൽ രാമൻ പറഞ്ഞു.  തോട്ടത്തിൽ രവീന്ദ്രൻ എം.എൽ. എ. അധ്യക്ഷത വഹിച്ചു. മേയർ ഡോ. ബീന ഫിലിപ്പ്, പുരസ്ക്കാര നിർണ്ണയ കമ്മിറ്റി അംഗം ഡോ. ജി.എസ്. ശ്രീദയ തുടങ്ങിയവർ  വിശിഷ്ടാതിഥികളായിരുന്നു. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പ് സെക്രട്ടറി അലി അസ്ഗർ പാഷ മംഗള പത്രം സമർപ്പിച്ചു. സംസ്ഥാന ഭക്ഷ്യകമ്മീഷൻ ചെയർമാൻ കെ.വി. മോഹൻ കുമാർ ഭക്ഷ്യ ഭദ്രതാ പുരസ്ക്കാര രൂപരേഖയെ കുറിച്ച് സംസാരിച്ചു. വാർഡ് കൗൺസിലർ എസ്.കെ. അബൂബക്കർ, ഭക്ഷ്യ കമ്മീഷൻ അംഗങ്ങളായ വി. രമേശൻ, കെ. ദിലീപ് കുമാർ, എം. വിജയലക്ഷ്മി, അഡ്വ. സബീദാ ബീഗം, എ.ഡി. എം. സി. മുഹമ്മദ് റഫീഖ്, വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ, ജില്ലാ സപ്ലൈ ഓഫീസർ കെ. രാജീവ്, വനിതാ ശിശു വികസനം ജില്ലാ പ്രോഗ്രാം ഓഫീസർ പി.പി. അനിത തുടങ്ങിയവർ സംസാരിച്ചു. ഭക്ഷ്യ കമ്മീഷൻ അംഗം പി വസന്തം സ്വാഗതവും മെമ്പർ സെക്രട്ടറി ശ്രീജ കെ. എസ്. നന്ദിയും പറഞ്ഞു.

സ്വന്തം ലേഖകൻ .

Author
Citizen Journalist

Goutham Krishna

No description...

You May Also Like