ഓർമ്മകളുടെ കർപ്പൂരഗന്ധം

ചിതയിലേക്കെടുക്കുമ്പോൾ പ്രിയപ്പെട്ടവരെല്ലാം അദ്ദേഹത്തിന് അന്ത്യചുംബനം നൽകി. ആ സമയം ആദ്യമായും, അവസാനമായും അവളും അയാളുടെ നെറ്റിയിൽ മനസ്സു കൊണ്ട് ചുംബനം നൽകി അവിടെ നിന്ന് തിരിച്ചു പോന്നു.

 ചെറുതായി മഴ ചാറിത്തുടങ്ങി. മഴക്കാറുള്ളതു കൊണ്ടാവും ഇന്ന് ഇരുട്ടിന് കാഠിന്യം കൂടിയതുപോലെ. രോഹിണിയുടെ മനസ്സും ഇരുട്ടില്‍ തപ്പിതടയുകയാണ്. എന്നും അടക്കുന്ന സമയം പിന്നിട്ടിട്ടും കടയടക്കാന്‍ മനസ്സു വരാതെ അവള്‍ അവിടെയൊക്കെ ചുറ്റിത്തിരിഞ്ഞുകൊണ്ടിരുന്നു. ഫ്രിഡ്ജില്‍ മാറ്റിവെച്ചിരുന്ന ഒരു കൂട് പാല് പുറത്തെടുത്ത് ടേബിളിന്റെ മുകളില്‍ വയ്ക്കും. കുറച്ചു സമയം അതിലേക്ക് നോക്കിനിന്നശേഷം അവള്‍ വീണ്ടും ആ പാലെടുത്ത് ഫ്രിഡ്ജിലേക്ക് തിരിച്ചു വയ്ക്കും. മാനസികനില നഷ്ടമായിപ്പോയവളെപ്പോലെ രോഹിണി രണ്ടു മുന്നു തവണയായി ഇതുതന്നെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. 

 ഓര്‍മ്മകള്‍ക്ക് വല്ലാതെ ഭാരമേറിയപ്പോള്‍ ഒട്ടൊരു തളര്‍ച്ചയോടെ അവള്‍ കസേരയിലേക്കമര്‍ന്നു. പതിയെ മേശമേല്‍ തലവച്ച് കണ്ണുകളടച്ചു കിടക്കവേ അവളുടെ അടഞ്ഞ കണ്‍പോളകള്‍ക്കുള്ളില്‍ ആ രൂപം തെളിഞ്ഞു. കാവിമുണ്ടും കറുത്ത ടീ ഷര്‍ട്ടും ധരിച്ച് ചിരിച്ചു കൊണ്ട് അയാള്‍ മുന്നില്‍ വന്നുനില്‍ക്കുന്നപോലെ തോന്നി അവള്‍ക്ക്.

 ണ്ണുകൾ തുറക്കാൻ ശ്രമിക്കുമ്പോളേക്കും. ചിന്തകൾ അവളെയും വലിച്ചു കൊണ്ട് അയാളോടൊപ്പം കുറെ ദൂരത്തെത്തിയിരുന്നു. ആ മനുഷ്യൻ തനിക്ക് ആരായിരുന്നു എന്ന് രോഹിണി ചിന്തിച്ചു നോക്കി . ഇല്ല ഉത്തരമില്ല സുഹൃത്തോ, കാമുകനോ, സഹോദരനോ   .. അങ്ങനെ പറയത്തക്ക ഒരു ബന്ധത്തിന്റേയും വർണ്ണത്തൂവൽ അവളയാൾക്ക് വച്ചു കൊടുത്തിട്ടില്ല. എന്തിന് ഇന്നലെ വരെ അങ്ങനെ ഒരാൾ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നോ എന്ന് ചിന്തിച്ചിട്ടെ ഇല്ലായിരുന്നു.പക്ഷെ ഇന്നവൾ തിരിച്ചറിയുന്നു ഒരു ബന്ധവും കല്പിച്ചു കൊടുക്കാതെ തന്നെ അയാൾ തനിക്കാരൊക്കെയോ ആയിരുന്നെന്ന്. 

അയാളും ,അവളും തമ്മിൽ പരിചിതരായത് എന്നു മുതലാണെന്ന്  ഓർത്തെടുക്കാൻ ബുദ്ധിമുട്ടാണവൾക്ക്. അർബുദ ബാധിതനായ ഭർത്താവ്  മരിച്ചപ്പോൾ കൂടെ അവൾക്ക് മറ്റൊന്നുകൂടി നഷ്ടപ്പെട്ടു.  പുസ്തകങ്ങൾ വായിക്കാൻ ഒരുപാടിഷ്ടമുള്ള രോഹിണിയുടെ ആഗ്രഹപ്രകാരം "നീർമാതളം" എന്ന് അവർ പേരിട്ടിരുന്ന,അവരിരുവരുടെയും സപ്നങ്ങൾ ചേർത്തുവച്ച് പണികഴിപ്പിച്ച വീടായിരുന്നു അത് .ആ വീട്ടിൽ നിന്നുള്ള പടിയിറക്കം അവൾക്ക് ഒരിക്കലും ഉണങ്ങാത്ത മുറിവായി അവളുടെ ഉള്ളിലുണ്ട്... 

രോഹിണിയുടെ ഭർത്താവിന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ള പലചരക്കു കട അവൾക്കും മക്കൾക്കും ഒരു ജീവിതമാർഗ്ഗമായി ലഭിച്ച ആശ്വാസത്തിൽ പത്തിലും എട്ടിലും പഠിക്കുന്ന രണ്ട് പെൺമക്കളെയും ചേർത്തു പിടിച്ചുകൊണ്ട് കടയിൽ നിന്നും അധിക ദൂരെ അല്ലാതെ ഒരു കൊച്ചു വാടക വീട്ടിലേക്ക് അവർ താമസം മാറി.

ഭർത്താവിന്റെ ചികിത്സയ്ക്കായി വാങ്ങിക്കൂട്ടിയ കടങ്ങളിൽ വീട്ടിതീർക്കാൻ ഇനിയും ബാക്കിയുള്ള കടങ്ങളും , മക്കളുടെ വിദ്യാഭ്യാസവും ,വീട്ടുവാടകയും എല്ലാമായി രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിൽ ചിരി മറന്നൊരു കാർക്കശ്യക്കാരിയായി മാറിയിരുന്നു രോഹിണി. അത്യാവശ്യം സാമ്പത്തിക സ്ഥിതിയിൽ കുറവുകളറിയാതെ വളർന്നു വന്ന മക്കളോട് പലകാര്യങ്ങളിലും "ഇല്ല" എന്ന് പറയേണ്ടി വരുന്നതും , അവരുടെ ചില നിസ്സാര ആവശ്യങ്ങൾ പോലും എടുത്താൽ പൊങ്ങാത്ത ഭാരമായി തോന്നി തുടങ്ങുന്നതും രോഹിണിയെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചിരുന്നത്. എങ്കിലും തന്റെ ദുഃഖങ്ങൾ തന്റെ സ്വകാര്യതയാണ് അത് മറ്റൊരാളോട് പങ്കുവയ്ക്കേണ്ടതില്ല എന്ന കർശന നിലപാടായിരുന്നു അവളുടെത്.

അദ്ദേഹത്തെ രോഹിണിക്ക് വളരെ  കാലമായിട്ട് അറിയാം . അവളുടെ ഭർത്താവുള്ള സമയത്തു തന്നെ അമ്മായിഅച്ഛനെ പ്രായത്തിന്റേതായ ബുദ്ധിമുട്ടുകൾ അലട്ടുമ്പോൾ അദ്ദേഹത്തെ സഹായിക്കാനായി അവൾ കടയിൽ പോകുമായിരുന്നു.സന്ധ്യ കഴിയുമ്പോൾ പാലും മറ്റ് അവശ്യ സാധനങ്ങളും വാങ്ങുവാനായി അയാൾ എന്നും കടയിൽ വരും. ഏറെ സമയം അച്ഛനും അയാളും കൂടി എന്തെങ്കിലുമൊക്കെ നാട്ടുവിശേഷവും തമാശകളുമൊക്കെ പറഞ്ഞു കഴിഞ്ഞേ അയാൾ സാധനങ്ങൾ വാങ്ങി പോകൂ. ചിലപ്പൊഴൊക്കെ അവരുടെ വർത്തമാനത്തിൽ രോഹിണിയും പങ്കുചേരും. 

അയാളുടെ പേര് അനന്ത കൃഷ്ണൻ എന്നാണ്. ജോലിയുമായി ബന്ധപ്പെട്ടാണ് അയാളും കുടുംബവും അവളുടെ കടയുടെ അടുത്ത് വീടുവാങ്ങി താമസിച്ചു തുടങ്ങിയത്. രോഹിണി ഭർത്താവിന്റെ മരണശേഷം വാടകയ്ക്കെടുത്തു താമസം മാറിയ വീടിന് എതിർവശമായിരുന്ന അവരുടെ വീട് . ഒറ്റയ്ക്കായി പോയ രോഹിണിക്കും മക്കൾക്കും എന്തിനും ആശ്രയിക്കാൻ കഴിയുന്നൊരു നല്ലയൽക്കാരായിരുന്നു അയാളുടെ കുടുംബം . അവർക്കും രണ്ട് മക്കളായിരുന്നു  ഒരു മകനും, മകളും .  പ്രായമായ അച്ഛനും അമ്മയ്ക്കും , തനിച്ചു കഴിയാൻ പറ്റാതെ വന്നപ്പോൾ രണ്ട് വർഷം  മുൻപ് അനന്ത കൃഷ്ണന്റെ ഭാര്യയും മക്കളും നാട്ടിലേക്കു പോയി . അതിനു ശേഷം അദ്ദേഹം തനിച്ചായിരുന്നു ആ വീട്ടിൽ താമസം .പൊതുവെ മറ്റുള്ളവരോട് അധികം അടുക്കാൻ താത്പര്യമില്ലാതിരുന്ന രോഹിണിക്ക് തുണയായിരുന്നവർ പോയപ്പോൾ കുറച്ചു നാളത്തേയ്ക്ക് വല്ലാത്തൊരു ശൂന്യത അനുഭവിക്കേണ്ടി വന്നു.

രോഹിണി കട ഏറ്റെടുത്ത് നടത്തി തുടങ്ങിയതിനു ശേഷം ഒരിക്കൽ കുറച്ചു വൈകി കട അടക്കാറായപ്പോളാണ് അയാൾ പതിവു പോലെ പാലു വാങ്ങിക്കുവാനായി അവിടെ വന്നത്. അയാൾക്കുള്ള സാധനങ്ങൾ നൽകിയ ശേഷം കട അടക്കുവാൻ തുടങ്ങിയ രോഹിണിയുടെ ഇടതു കൈക്ക് വർഷങ്ങൾക്കു മുൻപ് സംഭവിച്ച ഒരു അപകടത്തെ തുടർന്ന് മുഴുവനായി മുകളിലേക്ക് ഉയർത്തുവാൻ സാധിക്കില്ലായിരുന്നു. ഒരു കൈ കൊണ്ട് വളരെ ബുദ്ധിമുട്ടി ഷട്ടർ അടയ്ക്കാൻ ശ്രമിക്കുന്ന അവളെ അന്നാണ് അയാൾ കണ്ടത്. അന്ന് അയാളവൾക്ക് കട അടച്ചുകൊടുത്ത് സഹായിച്ചു. 

അതിനു ശേഷം പിന്നീടെന്നും മനപ്പൂർവ്വമായി അയാൾ വൈകി വരുവാൻ തുടങ്ങി. കട അടയ്ക്കാറാകുമ്പോൾ വന്ന് അയാൾക്കാവശ്യമുള്ള സാധനങ്ങൾ വാങ്ങി അവൾക്ക് കട അടച്ചു കൊടുക്കും . യാത്ര പറഞ്ഞ് അവൾ  നടക്കുമ്പോൾ മെയിൻ റോഡിൽ നിന്ന് രോഹിണിയുടെ വീട്ടിലേക്ക് തിരിയുന്ന വഴിയുടെ തുടക്കത്തിലുള്ള  പോസ്റ്റിനു താഴെനിന്ന് അയാൾ ഭാര്യയേയോ , മറ്റാരെയെങ്കിലുമോ ഫോൺ ചെയ്തു കൊണ്ടോ അല്ലെങ്കിൽ  ഫോണിൽ മറ്റെന്തെങ്കിലും തിരഞ്ഞു കൊണ്ടോ രോഹിണി അവളുടെ വീടിന്റെ ഗെറ്റ് കടന്ന് അകത്തു കയറി എന്ന് ഉറപ്പു വരുത്തും വരെ ആ വിളക്കുകാലിനു താഴെ നിൽക്കും. അയാൾ അവിടെയുണ്ട് എന്നുള്ള ധൈര്യം രാത്രിയിൽ തനിച്ചാ വഴിയുടെ നടക്കുമ്പോൾ രോഹിണിക്കുണ്ടെങ്കിലും ഒരിക്കലും അവൾ തിരിഞ്ഞു നോക്കാറില്ല. 

സാമ്പത്തികമായ പ്രശ്നങ്ങൾ വല്ലാതെ അലട്ടുമ്പോൾ പൊതുവെ ചിരിയില്ലാത്ത രോഹിണിയുടെ മുഖത്തിന് കുറെകൂടി കാഠിന്യം വരും. കടയിൽ വരുന്നവരോടും ആ സമയത്ത് തീര മയമില്ലാത്ത പെരുമാറ്റമാകും . അവളുടെ മാറ്റം  ശ്രദ്ധയിപ്പെടുമ്പോഴെല്ലാം അനന്തകൃഷ്ണൻ  "എന്തു പറ്റി വല്ലാത്ത സങ്കടത്തിലാണല്ലോ എന്താ ബുദ്ധിമുട്ടെന്ന് പറയൂ നമ്മുക്കു പരിഹാരമുണ്ടാക്കാന്നേ" എന്ന് പറയും. അത് കേൾക്കുമ്പോൾ അവളുടെ കണ്ണുകളിൽ നിന്ന് അനുസരണയില്ലാത്ത അഹങ്കാരികൾ താഴെക്ക് ചാടാനൊരുങ്ങും. പണിപ്പെട്ട് അവരെ ഒളിപ്പിച്ച് ഒരു വാടിയ ചിരിയിൽ മറുപടി ഒതുക്കും. അയാൾക്കും അറിയാം ആ ചോദ്യത്തിന് അവളൊരിക്കലും മറുപടി തരില്ലെന്ന്. 


       കഴിഞ്ഞ ദിവസം രാത്രിയിൽ കണ്ടു പിരിഞ്ഞപ്പോൾ നാളെ വെളുപ്പിന് നാട്ടിലേക്ക് പോകും മകളുടെ കോളേജിൽ ചെല്ലേണ്ട ഒരാവശ്യമുണ്ടെന്നു പറഞ്ഞിരുന്നു. പിറ്റേന്നും പതിവു ജോലി തിരക്കുകൾക്കിടയിൽ അയാളെ അവൾ ഓർത്തില്ല. അന്ന് അവസാനം കടയിൽ വന്ന കസ്റ്റമറിനെ കൊണ്ട് കടയടപ്പിച്ച് നന്ദിയും പറഞ്ഞ് അവൾ വീട്ടിലേക്കു പോയി. 

പിറ്റേന്നു മക്കളെ വിടാനുള്ള രാവിലത്തെ തിരക്കു കഴിഞ്ഞ് മുറ്റമടിക്കാനായി പുറത്തേക്കിറങ്ങിയപ്പോഴാണ് ചവിട്ടു പടിയിൽ തന്നെ കിടക്കുന്ന പത്രം അവളുടെ കണ്ണിൽപ്പെട്ടത്  . സാധാരണ കടയിൽ എത്തിയിട്ടാണ് രോഹിണി പത്രം വായിക്കാറ് പതിവു തെറ്റിച്ച് അന്ന് വെറുതെയൊന്നു മറിച്ചു നോക്കാനായി അത് കയ്യിലെടുത്ത അവൾ ആദ്യ പേജിലെ വാർത്ത കണ്ട് തളർന്ന് താഴേക്കിരുന്നു പോയി. "മകളുടെ കൺമുന്നിൽ പിതാവിന് ദാരുണാന്ത്യം. മകൾ പഠിക്കുന്ന കോളേജിനു മുന്നിൽ വച്ച് നിയന്ത്രണം വിട്ടുവന്ന ഒരു മിനിലോറി പിതാവിനെ ഇടിച്ചു തെറിപ്പിച്ചു . ഇടിയുടെ ആഘാതത്തിൽ അദ്ദേഹം തൽക്ഷണം മരിച്ചു. മകൾ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. "

എന്നതായിരുന്നു ആ വാർത്തയുടെ ഉള്ളടക്കം. മരണപ്പെട്ടയാളുടെ ഫോട്ടോ അനന്തകൃഷ്ണന്റേതായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ പത്രവും പിടിച്ച് രോഹിണി തരിച്ചിരിമ്പോഴാണ് ഗേയ്റ്റ് കടന്ന് അടുത്ത വീട്ടിൽ താമസിക്കുന്ന യമുന കയറി വന്നത്.  രോഹിണി അറിഞ്ഞോ അനന്തൻ ചേട്ടൻ മരിച്ചു. ഞങ്ങളും പത്രത്തിൽ നിന്നാണ് അറിഞ്ഞത്.ഏട്ടനിപ്പോൾ അനന്തൻചേട്ടന്റെ വീട്ടിലേക്ക് വിളിച്ചിരുന്നു വൈകിട്ട് നാലുമണിക്കേ എടുക്കൂന്ന് പറഞ്ഞു ഞങ്ങൾ പോകുന്നുണ്ട് . കഴിഞ്ഞ ദിവസം വരെ കണ്ട് സംസാരിച്ചു പോയ മനുഷ്യനല്ലെ. അറിഞ്ഞിട്ടു ചെല്ലാതിരിക്കുന്നത് ശരിയല്ല. നീ വരുന്നുണ്ടെങ്കിൽ വേഗം റെഡിയാവ് . ആദ്യം പോകേണ്ടെന്നു ചിന്തിച്ചെങ്കിലും അവൾ പെട്ടെന്നു ഡ്രെസ്സ്മാറി അവരോടൊപ്പം പോയി.

അവരവിടെ എത്തുമ്പോൾ പോസ്റ്റ്മോർട്ടം കഴിഞ്ഞ് ബോഡി വീട്ടിൽ കൊണ്ടു വന്നിട്ടേ ഉണ്ടായിരുന്നുള്ളു.  അലമുറയിട്ട് തലതല്ലി കരയുകയായിരുന്നു അദ്ദേഹത്തിന്റെ  ഭാര്യയും, മക്കളും. അത്രയ്ക്ക് ജീവനായിരുന്നു അവർക്കയാൾ. ആ സമയം അതിനേക്കാൾ ആർത്തലച്ച് രോഹിണിയുടെ ഉള്ളും കരയുന്നുണ്ടായിരുന്നു. കണ്ണീരിനെ പിശുക്കി ഉപയോഗിക്കാൻ പഠിച്ചിരുന്നതു കൊണ്ട് കണ്ണിലെ ചെറിയ നനവിൽ ആ കരച്ചിൽ ഒതുങ്ങിയെന്നു മാത്രം.

ചിതയിലേക്കെടുക്കുമ്പോൾ പ്രിയപ്പെട്ടവരെല്ലാം അദ്ദേഹത്തിന് അന്ത്യചുംബനം നൽകി. ആ സമയം ആദ്യമായും, അവസാനമായും അവളും അയാളുടെ നെറ്റിയിൽ മനസ്സു കൊണ്ട് ചുംബനം നൽകി അവിടെ നിന്ന് തിരിച്ചു പോന്നു.

തൽക്കാലത്തേയ്ക്ക് അനിയത്തിയെ കടയേൽപ്പിച്ചിട്ടാണ് രോഹിണി പോയത്. അവളെ വീട്ടിലേക്ക് പറഞ്ഞു  വിട്ട് കലങ്ങിയ മനസ്സുമായി അവളവിടെ ഇരിപ്പു തുടങ്ങിയിട്ട് കുറേ നേരമായി. വൈകി വരുന്നതു കൊണ്ട് പാലൊരെണ്ണം അനന്തകൃഷ്ണനു വേണ്ടി എന്നും മാറ്റി വയ്ക്കാറുണ്ടവൾ ഇന്നും പതിവു പോലെ ഒരെണ്ണം മാറ്റി വച്ചു കാത്തിരിക്കുകയാണ് ഇനിയൊരിക്കലും അതു വാങ്ങാൻ അയാൾ വരില്ലെന്ന് ഉറപ്പുണ്ടായിട്ടും.  എന്നും വരാറുള്ള സമയം കഴിഞ്ഞിട്ടും കാണാത്തത് എന്താനെന്നറിയാൻ മകൾ വിളിച്ചപ്പോൾ രോഹിണി ചിന്തയിൽ നിന്നുണർന്ന്  ഒരിക്കൽക്കൂടി ആ പാൽ കവർ  എടുത്തു നോക്കി ഫ്രിഡ്ജിലേക്കു തന്നെ തിരിച്ചു വച്ചു. ഇനിയൊരിക്കലും ഈ മാറ്റിവയ്ക്കൽ ആവശ്യമില്ലെന്നോർത്തപ്പോൾ അതുവരെ അടക്കിവച്ചിരുന്ന സങ്കടമെല്ലാം അണപൊട്ടിയൊഴുകി. കരഞ്ഞു കലങ്ങിയ കണ്ണുമായി അവൾ കടയടയ്ക്കാനായി പുറത്തിറങ്ങി ആരെയും സഹായത്തിനു വിളിക്കാതെ ഒരു വാശിയോടെ അവൾ ഒറ്റകൈകൊണ്ട് പണിപ്പെട്ട് ഷട്ടർ വലിച്ചിട്ടു.  

 റോഡിലേക്കിറങ്ങി നടന്നു തുടങ്ങിയപ്പോൾ അനന്തൻ എന്നും നിൽക്കാറുള്ള  പോസ്റ്റിനു താഴേയ്ക്ക് നോക്കി. ഇല്ല തനിക്കു കാവലായി അവിടെ ആരുമില്ല .  അവൾ വീടിന്റെ ഗേയ്റ്റിനു മുന്നിലെത്തിയപ്പോൾ അന്നാദ്യമായി തിരിഞ്ഞു നോക്കി........

              ***

             ✍️രമ്യ വിഷ്ണു

Author
Citizen Journalist

Fazna

No description...

You May Also Like