ക്രിസ്തുമസ് ദിനത്തില്‍ ദുരന്ത മുഖത്ത് സേവനമനുഷ്ഠിച്ചവര്‍ക്കൊപ്പം മന്ത്രി വീണ ജോർജ്

ക്രിസ്തുമസ് ദിനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വയനാട് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം. മന്ത്രിയുടെ അപ്രതീക്ഷിതമായുള്ള സന്ദര്‍ശനത്തിന്റെ അമ്പരപ്പിലായിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍. വയനാട്ടിലെത്തി മേപ്പാടിയിലേക്കുള്ള യാത്രാമധ്യേയാണ് മന്ത്രി വീണാ ജോര്‍ജ് എംഎല്‍എ ടി. സിദ്ദിഖിനേയും ഡി.എം.ഒ. ദിനീഷിനേയും ഡി.പി.എം. ഡോ. സമീഹയേയുമൊക്കെ വിളിച്ചത്. പെട്ടന്നുള്ള ക്ഷണത്തിലും അവരെല്ലാം ഒപ്പം ചേര്‍ന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സഹദും എത്തിച്ചേര്‍ന്നു.


നൂറിലധികം മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ ആശപ്രവര്‍ത്തകയും കേരള ശ്രീ പുരസ്‌കാര ജേതാവുമായ ഷൈജാ ബേബി, ആശ പ്രവര്‍ത്തക സുബൈദ, സ്റ്റാഫ് നഴ്‌സ് സഫ്വാന, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആഴ്ചകളോളം വെന്റിലേറ്ററില്‍ കിടന്ന് വളരെ ഗുരുതരാവസ്ഥയില്‍ നിന്നും ജീവിതത്തിലേക്ക് രക്ഷപ്പെട്ടു വന്ന അവ്യുക്ത്, അമ്മ രമ്യ എന്നിവരെ വീട്ടിലെത്തി കണ്ടു. സുബൈര്‍, ഹോസ്പിറ്റല്‍ അറ്റന്റര്‍ ഫൈസല്‍ തുടങ്ങിയവരെ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് കണ്ടു. ദുരന്ത മുഖത്തും മനസാന്നിധ്യത്തോടെ സേവനമനുഷ്ഠിച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു.


ഉരുള്‍പ്പൊട്ടലിന്റെ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മേപ്പാടി ആരോഗ്യ കേന്ദ്രത്തില്‍ ഇന്‍ക്വസ്റ്റിനും പോസ്റ്റ്മോര്‍ട്ടത്തിനും മൃതദേഹം എത്തിക്കുന്നിടത്ത് കര്‍മ്മനിരതയായിരുന്നു ഷൈജാ ബേബി. എല്ലാം നഷ്ടപ്പെട്ട് ഉയര്‍ന്ന സ്ഥലത്തേയ്ക്ക് പോയപ്പോള്‍ ചെളിയില്‍ താഴ്ന്നു പോയിരുന്ന ഏഴു വസുകാരിയെ ചെറിയ ചലനം കണ്ട് കുട്ടിയാണെന്ന് മനസിലാക്കി പ്രാഥമിക ശുശ്രൂഷ നല്‍കി രക്ഷിച്ച ആശ പ്രവര്‍ത്തകയാണ് സുബൈദ. അടുത്ത ബന്ധുക്കളെ ദുരന്തത്തില്‍ നഷ്ടപ്പെട്ടെങ്കിലും രാപ്പകലില്ലാതെ പ്രവര്‍ത്തിച്ചയാളാണ് ഫൈസല്‍. 9 ബന്ധുക്കള്‍ മരണമടഞ്ഞിട്ടും മറ്റുള്ളവര്‍ക്കായി സേവനമനുഷ്ഠിച്ച സ്റ്റാഫ് നഴ്‌സാണ് സഫ്വാന. രണ്ട് കുട്ടികളേയും നഷ്ടപ്പെട്ട സുബൈറിന്റെ ഭാര്യ ഗുരുതാവസ്ഥയില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുകയാണ്. ക്രിസ്തുമസ് ദിനത്തില്‍ തങ്ങളെത്തേടി മന്ത്രി എത്തിയപ്പോള്‍ അവര്‍ക്കേറെ സന്തോഷവും ആശ്വാസവുമായി.

Author
Citizen Journalist

Goutham prakash

No description...

You May Also Like