കൊച്ചി-മുസിരിസ് ബിനാലെ: ലക്ഷ്മി നിവാസ് കളക്ടീവിന്റെ ശില്പങ്ങള് ശ്രദ്ധേയം.
- Posted on April 10, 2026
- News
- By Goutham prakash
- 34 Views
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയിലെ ലക്ഷ്മി നിവാസ് കളക്ടീവിന്റെ കലാസൃഷ്ടികള്‍ ശ്രദ്ധേയമാകുന്നു. സമകാലീന, പരിസ്ഥിതീയിൽ അസമത്വത്തിന്റെ ഭയാനകമായ ഓര്‍മ്മപ്പെടുത്തലുകള്‍ ചിത്രീകരിച്ചിരിക്കുന്ന റെസിസ്റ്റന്‍സ് പ്രെയര്‍ സോംഗ് 2025, ഫെയ്ത്ത് വാസ് നെവര്‍ എബൗട്ട് അസ് (2025) എന്നീ ശില്പങ്ങളും 'വെയ്റ്റ് (2025)' എന്ന വീഡിയോ ഇന്‍സ്റ്റലേഷനുമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
വില്ലിംഗ്ഡണ്‍ ഐലന്‍ഡിലെ വെയര്‍ഹൗസിലാണ് കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. മരത്തില്‍ താങ്ങിനിര്‍ത്തിയിരിക്കുന്ന ഗ്രാഫൈറ്റ്, ടെറാക്കോട്ട, പനമരത്തടി എന്നിവകൊണ്ടുള്ള മൃഗങ്ങളുടെ ശരീരഭാഗങ്ങളാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ജന്തുക്കളുടെ തുറന്നിരിക്കുന്ന വായ, കാലുകള്‍ തുടങ്ങിയവ ഇന്നത്തെ ഭീതിതമായ ചുറ്റുപാടുകളെ ഓര്‍മ്മപ്പെടുത്തുന്നു. ഒരുകാലത്ത് ഭൂമി എല്ലാത്തരം ജീവികളുടെയും ആവാസവ്യവസ്ഥയായിരുന്നുവെന്ന സൂചന നല്കുന്ന ശില്പങ്ങളാണിവ.
പശുവിന്റെയും ആടിന്റെയും കുളമ്പുകളുടെയും കാലുകളുടെയും ആകൃതിയിലുള്ള സൃഷ്ടികളില്‍ മനുഷ്യനും മറ്റ് ജന്തുക്കളും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടുന്നു. മനുഷ്യവംശം, മൃഗങ്ങള്‍, സസ്യങ്ങള്‍, അവയുടെ സഹവര്‍ത്തിത്വം എന്നിവയും ഇതിനോട് ചേര്‍ത്ത് വായിക്കാം. മനുഷ്യരും പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്കായുള്ള പ്രവര്‍ത്തനങ്ങളും ശില്പങ്ങള് പ്രമേയമാക്കുന്നു.
ഋതുക്കളെയും ഋതുക്കളെക്കുറിച്ചുള്ള മനുഷ്യന്റെ കാഴ്ചപ്പാടിനെയും പ്രതിപാദിക്കുന്ന വീഡിയോ ഇന്‍സ്റ്റലേഷനാണ് 'വെയ്റ്റ് (2025)'.
വിഷ്വല്‍ ആര്‍ട്ടിസ്റ്റ് സുനോജ് ഡിയും പുരാവസ്തുശാസ്ത്രം, നരവംശശാസ്ത്രം, ചരിത്രം എന്നിവയില്‍ അഗ്രഗണ്യയായ നമ്രത നിയോഗുമാണ് 2018 ല്‍ സ്ഥാപിതമായ ലക്ഷ്മി നിവാസ് കളക്റ്റീവിന് പിന്നില്‍.
പ്രകൃതിയോടിണങ്ങി ജീവിക്കാനായി സുനോജിന്റെ ജന്മദേശമായ പാലക്കാട്ട് കുറച്ച് ഭൂമി പാട്ടത്തിനെടുത്തതിനൊപ്പം തദ്ദേശീയമായി പശു വളര്‍ത്തല്‍ ആരംഭിച്ചിരുന്നതായി നമ്രത പറഞ്ഞു. അതിന്റെ പരിപാലന അനുഭവങ്ങളിലൂടെ കൂടുതല്‍ ഉള്‍ക്കാഴ്ചയും പുത്തന്‍ കാഴ്ചപ്പാടുകളും ഭാഷയും ലഭിച്ചു. നമ്മെയും പ്രകൃതിദൃശ്യങ്ങളെയും മനസ്സിലാക്കാന്‍ മൃഗങ്ങള്‍ ലെന്‍സ് ആയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രകൃതിദൃശ്യങ്ങളുടെയും മനുഷ്യനിര്‍മിത, മനുഷ്യകേന്ദ്രിക ഘടനയുടെയും സഹവര്‍ത്തിത്വത്തിനും കുടിയേറ്റ-നഗര സമൂഹങ്ങളുടെ ആശയങ്ങള്‍ക്കും വ്യവസായവല്‍ക്കരണത്തിനും അവ പ്രകൃതിയില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ക്കും ഈ ഇന്‍സ്റ്റലേഷനുകള്‍ ഒരു മികച്ച ദൃശ്യഭാഷ നല്കുന്നു.
