കഥ ; വാസുകി

കാലങ്ങൾ എത്രയായെന്നറിയാതെ മനയുടെ അകത്തളത്തിൽ അടക്കപ്പെട്ട അവൾ അന്ന് വാതിൽ തുറന്ന് പുറത്തു കടന്നു

മയക്കം വിട്ടുണരുമ്പോൾ എന്നും അവൾ അയാളുടെ മേശയ്ക്ക് മുകളിലെ ചുവന്ന ചില്ലുകുപ്പിക്കുള്ളിലായിരിക്കും. സ്വബോധം തിരികെ കിട്ടുന്ന സമയത്തെല്ലാം ഒന്നനങ്ങാനോ മിണ്ടാനോ കഴിയാതെ കുപ്പിക്കുള്ളിലും,കുപ്പിക്കുള്ളിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ആകട്ടെ അവളുടെ മനസ്സും ചിന്തകളും അവളുടെ നിയന്ത്രണത്തിൽ അല്ലാതാവും. എത്ര കാലങ്ങളായി ബന്ധനസ്ഥയായിട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല അവൾക്ക്. ഇരുപതാം വയസ്സിൽ അവളുടെ സമയവും കാലവും നിലച്ചു പോയതാണ്.

               അവൾ വാസുകി  ദുർമന്ത്രവാദിയും കാരോടിമൂർത്തിയുടെ ഉപാസകനുമായ തേവല്ലശ്ശേരി മനയിൽ ദേവദത്തന്റെ ഭാര്യ.അയാൾക്കു വേണ്ടി മാത്രം ചലിക്കാനും ചിന്തിക്കാനും കഴിയുന്ന വിധം അയാളുടെ മാന്ത്രിക  വലയത്തിൽ അടിമയാക്കി വച്ചിരിക്കുന്നവൾ.വാസുകി ഒരു  ഇടത്തരം നായർ തറവാട്ടിൽ ജനിച്ചു വളർന്ന പെൺകുട്ടി. കുഞ്ഞുനാൾ മുതൽ നൃത്തം പ്രാണനായി കരുതുന്നവൾ.കലാ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച വാസുകി നർത്തകിയായ അച്ഛൻ പെങ്ങളുടെ ശിക്ഷണത്തിൽ ചുവടുറയ്ക്കും മുൻപ്തന്നെ നൃത്തം പഠിച്ചു തുടങ്ങി.

 അവളുടെ വീടിനടുത്താണ് ദുർമന്ത്രവാദത്തിനും, ആഭിചാരത്തിനും പേരുകേട്ട കല്ലേലി മന . ചാത്തൻസേവയും , വെച്ചാരാധനയും, കാവുകളുംഒക്കെയുള്ള  എപ്പോഴും മണിയടി ശബ്ദവും , കർപ്പൂര മണവുമെല്ലാം നിറഞ്ഞുനിൽക്കുന്ന.' ഇരുളു മൂടിയ ആ മനയിലേക്ക്  പകൽ സമയത്തു പോലും കയറിചെല്ലുവാൻ ആളുകൾക്ക് പേടിയാണ്. വാസുകിക്കും അങ്ങനെ തന്നെ ചാത്തൻമാരും , ദുർദേവതകളും സ്വൈര്യവിഹാരം നടത്തുന്നിടമായതുകൊണ്ട് പലമായക്കാഴ്ചകളും കണ്ട് ഭയക്കാൻ ഇടയുണ്ടെന്നും ,അതുകൊണ്ട്' അതുവഴി പോകുമ്പോൾ അവിടേയ്ക്ക് നോക്കരുതെന്നും മുത്തശ്ശി അവൾക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട് . മനയുടെ മുന്നിലൂടെയുള്ള വഴിതന്നെയാണ് അവളുടെ വീട്ടിലേക്കും. എല്ലാ ദിവസവും രാവിലെ  വീട്ടിൽനിന്നും കുറച്ചു ദൂരം അപ്പുറത്തുള്ള  അച്ഛൻപെങ്ങളുടെ വീടിനോട് ചേർന്നുള്ള നൃത്തവിദ്യാലയത്തിലേക്ക് അവൾ പോകും . പതിവുപോലെ ഒരു ദിവസം അവൾ അവിടേയ്ക്ക് പോകുന്ന വഴിക്ക് മനയുടെ മുന്നിൽവച്ച് പെട്ടെന്ന് ഒരു കല്ലിൽ തട്ടി വീണു.കാല്‌പാദം മടങ്ങി വീണതുകൊണ്ട് അവൾക്ക് വീണിടത്തുനിന്ന്' എഴുന്നേൽക്കാൻ കഴിയാതെ വന്നു.മനയുടെ മുന്നിലാണെന്നുള്ളതും അവളെ കൂടുതൽ ഭയപ്പെടുത്തി.പേടിച്ചു കരയുവാൻതുടങ്ങിയ അവളുടെ അടുത്തേയ്ക്ക് ശാന്തമായ മുഖവും തിളങ്ങുന്നകണ്ണുകളുമുള്ള സുമുഖനായ ഒരു ചെറുപ്പക്കാരൻ മനയിൽ നിന്ന് ഓടിയെത്തി അവളെ പിടിച്ചെഴുന്നേൽപ്പിച്ചു  അത് ദേവദത്തനായിരുന്നു. അവൾക്ക് വേദന കൊണ്ട് ഒരടിപോലും നടക്കുവാൻ കഴിയുന്നില്ലായിരുന്നു. അയാൾ അവളെ താങ്ങിപിടിച്ചു കൊണ്ട് പതിയെ നടത്തി അവളുടെ വീട്ടിലേക്ക് എത്തിച്ചു. അയാളോട് ചേർന്നു നടക്കുമ്പോൾ അതുവരെ അനുഭവിച്ചിട്ടില്ലാത്തൊരു അനുഭൂതി അവളെ പൊതിഞ്ഞു. പിന്നീട് അവൾക്ക് അയാളുടെ കണ്ണുകളുടെ കാന്തിക വലയത്തിൽ നിന്നു പുറത്ത് കടക്കാൻ കഴിഞ്ഞില്ല.  അയാളുമായുള്ള കണ്ടുമുട്ടലിനു ശേഷം കൃത്യം ഏഴാംനാൾ  അർദ്ധരാത്രിയിലെപ്പൊഴോ തോന്നിയ ഒരുൾവിളിയിൽ അയാൾക്കൊപ്പം വീടുവിട്ടിറങ്ങിയതാണ് . ദേവദത്തൻ അറിഞ്ഞു കൊണ്ടൊരുക്കിയ ഒരു  കെണിയായിരുന്നു കല്ലേലി മനയ്ക്ക് മുന്നിലുള്ള അവളുടെ വീഴ്ച്ച . സാമുദ്രിക ലക്ഷണം ഒത്തൊരു സ്ത്രീ കൂടെയുള്ളത് തന്റെ ആഭിചാര കർമ്മങ്ങൾക്ക് ശക്തിക്കൂട്ടും എന്നറിഞ്ഞുകൊണ്ട് അയാൾ സ്ത്രീ സൗന്ദര്യത്തിന്റെ  അഴകളവുകൾ തികഞ്ഞ വാസുകിയെ തന്റെമന്ത്രശക്തികൊണ്ട്ബന്ധിക്കുകയായിരുന്നു. ദുർമന്ത്രവാദത്തിന്റെ അധികഠിനമായ ചില ഏടുകൾ പഠിക്കുവാനായി കല്ലേലിമനയിൽ എത്തിയതായിരുന്നു അയാൾ. ഒരു രാത്രിയിൽ വീട്ടിൽ ഉറങ്ങാൻ കിടന്ന അവൾ എവിടേക്ക് അപ്രത്യക്ഷമായി എന്നത് അവളുടെ പ്രിയപ്പെട്ടവർക്ക് ഇന്നും അജ്ഞാതം. 

പകൽ ,ദേവദത്തൻ  കർമ്മങ്ങൾക്കായി പുറത്തു പോകുന്ന സമയമത്രയും അവളെ മന്ത്രത്താൽ ബന്ധിച്ച് കുപ്പിക്കുള്ളിലാക്കും .  ഒരു സമയം കഴിഞ്ഞാൽ മാന്ത്രികനിദ്രയിൽ നിന്ന് അവൾ ഉണരുമെന്ന് അയാൾക്കറിയാം. അങ്ങനെ ഉണർന്നാൽ അയാളിൽ നിന്ന് അവൾ രക്ഷപ്പെട്ടാലോ എന്ന ഭയം കൊണ്ടാണ്  അവളെ മാന്ത്രിക കുപ്പിക്കുള്ളിലാക്കുന്നത്. അയാളെ മത്തു പിടിപ്പിക്കുന്ന അവളുടെ സൗന്ദര്യവും. അവൾ കൂടെയുള്ളതുകൊണ്ട് മാത്രം അയാൾക്ക് നേടാൻ കഴിഞ്ഞ പല മന്ത്രശക്തികളെക്കുറിച്ചും 

ഓർമ്മിക്കുമ്പോൾ' ഭ്രാന്തമായൊരിഷ്ടമാണ് അയാൾക്ക് അവളോട്.   വാസുകി  കുപ്പിക്കുള്ളിൽ മയക്കം വിട്ടുണരുന്ന സമയങ്ങളിൽ അവൾ അലറിക്കരയും,  ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത തന്റെ പ്രിയപ്പെട്ട ഇടങ്ങളെയോർത്ത് . സന്തോഷത്തോടെ ജീവിച്ച ബാല്യകൗമാര സ്മൃതികൾ അവളെ ചുട്ടു പഴുപ്പിക്കും. അമ്മയുടെ മടിയിതലവെച്ച് മുത്തശ്ശി പറഞ്ഞു തരുന്ന പഴങ്കഥകൾക്ക് കാതോർത്ത് കിടക്കുന്ന സുന്ദരനിമിഷങ്ങളും. വൈകിട്ട് അച്ഛൻ വരുമ്പോൾ അവൾക്കായി കൊണ്ടുവരുന്ന പലഹാരപ്പൊതിയിലെ സ്നേഹക്കരുതലും. കുസൃതി ഒളിപ്പിച്ച നാട്ടുവഴികളും. അച്ചോളുടെ തട്ടുമണിയുടെ താളത്തി നൊപ്പിച്ചുള്ള ചുവടുവയ്ക്കലുകളും എല്ലാം ഓർമ്മവരുമ്പോളുള്ള അവളുടെ നെഞ്ചുരുക്കം ശബ്ദം പുറത്തു വരാത്തൊരു അലറിക്കരച്ചിലാവും......

 ദേവദത്തൻ ചെയ്യുന്ന "സഹസ്രാരപ്രവേശം " , "പരദാരാക്കമനം" തുടങ്ങിയവ പോലുള്ള അത്യന്തം നീചമായ  പല ദുർമന്ത്രവാദ കർമ്മങ്ങളിലും പൂർണ്ണ നഗ്‌നയാക്കി അവളെ അയാളുടെ അടുത്തിരുത്തും . അയാൾ ചെയ്യുന്ന തന്ത്രങ്ങൾക്ക് ശക്തി കൂടാൻ സാമൂദ്രിക ലക്ഷണങ്ങൾ ഒത്ത പൂർണ്ണ നഗ്നയായൊരു സ്ത്രീ സാനിധ്യം ആവശ്യമാണ്. അയാളുടെ ദുഷ്കർമ്മങ്ങളിൽ പാതിമയക്കത്തിലെന്ന പോലെ അവൾക്കും പങ്കാളിയാവേണ്ടി വരും .

അധികഠിനമായ പല വ്രതങ്ങളുടെയും ഇടവേളകളിൽ. "വീണാഖ്യതന്ത്രം" ഉപയോഗച്ച് ''സംഭോഗയക്ഷിണി" യുടെ സിദ്ധിനേടിയ അയാൾ അവളെ പ്രാപിക്കാനൊരുങ്ങും. ആ സമയങ്ങളിൽ നൂറ്റൊന്നുമണികൾ കൊരുത്തെടുത്ത ചിലങ്ക അവളുടെ കാലുകളിൽ അയാൾ കെട്ടിക്കൊടുക്കും ,ഒരു മുലക്കച്ച മാത്രം ഉടുപ്പിച്ച് അയാളുടെ മൃദംഗത്തിന്റെ മാന്ത്രിക താളത്തിനൊപ്പം അവളെക്കൊണ്ട് നൃത്തം ചെയ്യിക്കും. ദേവദത്തനും വാസുകിയും തളരുവോളം അത് തുടരും. അതിനു ശേഷം വിയർത്തു തളർന്ന അവളെ ദേവദത്തൻ രതിയുടെ ലോകത്തേയ്ക്ക് കൂട്ടികൊണ്ടുപോകും. നഗ്‌നമായ അവളുടെ പൂവുടലിൽ അയാളുടെ കൈവിരലുകൾ ശ്രുതിമിട്ടും. അപ്പോഴേക്കും  അയാളോടുള്ള കാമവും പ്രണയവും ഇഴചേർന്നൊരു അനുഭുതിയിൽ അവളെത്തിയിട്ടുണ്ടാവും. രതിയുടെ തിരയടികളിൽ ,അവളുടെ  ചിലങ്ക സംഗീതം പൊഴിച്ചുകൊണ്ടിരിക്കും. കാമത്തിന്റെ അതിതീവ്രമായൊരിടത്തു വച്ച് അവൾ അവളായി ഉണരുമെങ്കിലും , എല്ലാ ഉണർച്ചയിലും അയാളോട് തോന്നുന്ന വെറുപ്പ് .. അന്ന് പ്രണയത്തിന് വഴിമാറും .  അവൾ അയാളെ ഭ്രാന്തമായി അമർത്തി ചുംബിക്കും. പ്രണയാലസ്യത്തിൽ സുഖമുള്ളൊരു മയക്കത്തിലേക്ക് വീഴുന്ന അവൾ പക്ഷെ നിദ്രവിട്ടുണരുന്നത്  കുപ്പിക്കുള്ളിൽ തന്നെയാവും.

         "അഷ്ടസിദ്ധി" കളെല്ലാം കൈവരിച്ച ദേവദത്തന്റെ അടിമയായി കാരോടിമൂർത്തിയും,  കുട്ടിച്ചാത്തൻമാരും മൊക്കെയുണ്ടെങ്കിലും . യക്ഷിയെ പൂജാവിധികളാൽ ഒരു പ്രത്യേക അവസ്ഥയിൽ എത്തിച്ച് അടിമയാക്കുവാനുള്ള  അതികഠിനമായ കർമ്മങ്ങളിലായിരുന്നു അയാൾ . അന്ന് വാസുകി ഉണർച്ചയിലേക്ക് വരുന്നതിനു മുൻപ് അവളെ കുപ്പിക്കുള്ളിൽ ബന്ധിക്കാൻ അയാൾ മറന്നു.നിദ്ര  വിട്ടുണർന്ന അവൾ പേടിച്ച് അലറിക്കരയാൻ തുടങ്ങി .  അവൾ ബന്ധനസ്ഥയല്ല എന്നത്  തിരിച്ചറിഞ്ഞപ്പോൾ അയാൾ നടുങ്ങി .  മറ്റൊന്നും ഓർക്കാതെ പൂജാമുറിയിൽ നിന്ന് ഓടിവന്ന്  ബന്ധിച്ച് കുപ്പിയിലാക്കാനുള്ള മന്ത്രം അവൾക്കു നേരെ നിന്ന് ചൊല്ലി തുടങ്ങിയ മാത്രയിൽ തന്നെ അയാൾ വെട്ടിയിട്ടതു പോലെ താഴെവീണു. ചലന ശേഷി നഷ്ട്ടപ്പെട്ട ദേവദത്തൻ അവ്യക്തമായ ഭാഷയിൽ അവളോട് രക്ഷിക്കണേ എന്ന് പറഞ്ഞ് നിലവിളിക്കാൻ തുടങ്ങി. ചെയ്തു കൊണ്ടിരുന്ന കർമ്മത്തിന് വിഗ്നം  വന്നതു കൊണ്ടു അയാൾക്കു സംഭവിച്ച വിപരീത ഫലമായിരുന്നു അത്. എന്താണ്  നടക്കുന്നതെന്ന് മനസിലാവാതെ ഒരു നിമിഷം പകച്ചു പോയ വാസുകിക്ക്,ചലിക്കാൻ കഴിയാതെ കിടക്കുന്ന ദേവദത്തനോട് അലിവുതോന്നി , അയാളെ പിടിച്ചെഴുന്നേൽപ്പിക്കു വാനായി അടുത്തേക്ക് ചെല്ലുന്നതിനിടയിൽ ആയാളുടെ മേശയ്ക്കു മുകളിൽ ,എന്നും അവളെ അടച്ചു വയ്ക്കാറുള്ള ആ ചുവന്ന ചില്ലുകുപ്പി കണ്ണിലുടക്കി. അതു കണ്ടപ്പോൾ അയാളോടുള്ള  വെറുപ്പും, പകയും കൊണ്ട് അവൾ  ആളിക്കത്തി. അടുത്ത നിമിഷം തന്നെ മനയുടെ വാതിൽ ലക്ഷ്യമാക്കി അവൾ തിരിഞ്ഞോടി . കാലങ്ങൾ എത്രയായെന്നറിയാതെ മനയുടെ അകത്തളത്തിൽ അടക്കപ്പെട്ട അവൾ അന്ന് വാതിൽ തുറന്ന് പുറത്തു കടന്നു. വർഷങ്ങൾക്കു ശേഷം മണ്ണിൽ ചവിട്ടുകയും, ആകാശം കാണുകയും ചെയ്തു.  വനത്തിനുള്ളിലുള്ളിലായുള്ള മനയുടെ പടിപ്പുരകടന്ന് എവിടേക്കെന്നറിയാനെ കാനനവഴിയിലൂടെ വാസുകി നടന്നു തുടങ്ങുമ്പോൾ അവൾക്ക് ജരാനരകൾ ബാധിച്ചു തുടങ്ങിയിരുന്നു.

എനിക്കു മുൻപേ നടക്കേണ്ടവൻ ഇന്ന് എന്റെ കയ്യും പിടിച്ചു നടക്കുന്നു

Author
Citizen Journalist

Remya Vishnu

Writer and Entrepreneur

You May Also Like