*ഡ്രൈവിങ് ലൈസൻസ് അപേക്ഷകരിൽ നിന്ന് പണം ഈടാക്കരുത്; പ്രീ ലേണേഴ്സ് ക്ലാസ് ഫീസിന് വിലക്കിട്ട് ഗതാഗത കമ്മിഷണർ*

 *തിരുവനന്തപുരം* : ഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്കായി നടത്തുന്ന പ്രീ ലേണേഴ്സ് ക്ലാസുകൾക്ക് ഫീസ് ഈടാക്കുന്നത് വിലക്കി ഗതാഗത കമ്മിഷണർ നാഗരാജു ചകിലം. കൊല്ലം, കരുനാഗപ്പള്ളി മോട്ടോർ വാഹന ഓഫീസുകളിൽ ക്ലാസ് നടത്തിപ്പിന്റെ പേരിൽ അപേക്ഷകരിൽ നിന്ന് പണം ഈടാക്കിയെന്ന പരാതിയെ തുടർന്നാണ് നടപടി.


മോട്ടോർ വാഹന വകുപ്പ് ചുമതലപ്പെടുത്തിയ സന്നദ്ധസംഘടനയായ ട്രോമ കെയർ ആൻഡ് റോഡ് ആക്സിഡന്റ് എയ്ഡ് സെന്റർ (ട്രാക്ക്) ലൈസൻസ് അപേക്ഷകരിൽ നിന്ന് 100 രൂപ മുതൽ 500 രൂപ വരെ ഫീസ് വാങ്ങിയതോടെയാണ് വിവാദം ഉയർന്നത്. ലൈസൻസിന്റെ വിഭാഗമനുസരിച്ചായിരുന്നു ഈ തുക ഈടാക്കിയിരുന്നത്.


റോഡ് സുരക്ഷാ ബോധവത്കരണം ലക്ഷ്യമിട്ടാണ് മോട്ടോർ വാഹന വകുപ്പ് പ്രീ ലേണേഴ്സ് ക്ലാസുകൾ ആരംഭിച്ചത്. സാധാരണയായി മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർമാരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. എന്നാൽ സ്ഥലപരിമിതിയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പരിഗണിച്ച് ചില ഓഫീസുകളിൽ സന്നദ്ധസംഘടനകളുടെ സഹായം തേടാൻ വകുപ്പ് അനുമതി നൽകിയിരുന്നു.


ഈ അനുമതിയുടെ അടിസ്ഥാനത്തിൽ കൊല്ലം, കരുനാഗപ്പള്ളി ഓഫീസുകളിലെ ക്ലാസ് നടത്തിപ്പ് ട്രാക്കിന് കൈമാറുകയായിരുന്നു. പ്രതിമാസം 1,500-ലധികം പേർ ഈ ക്ലാസുകളിൽ പങ്കെടുത്തിരുന്നതായാണ് വിവരം.


ലൈസൻസ് ടെസ്റ്റിന് ഹാജരാകാൻ ട്രാക്കിന്റെ കോഴ്സിൽ പങ്കെടുക്കുകയും സർട്ടിഫിക്കറ്റ് നേടുകയും വേണമെന്ന നിലപാടാണ് ചില സ്ഥലങ്ങളിൽ സ്വീകരിച്ചിരുന്നതെന്ന് പരാതിയുണ്ട്. കരുനാഗപ്പള്ളി, കൊല്ലം, കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളിലെയും ഹെവി ലൈസൻസിന് അപേക്ഷിക്കുന്നവരുടെയും കാര്യത്തിൽ ഈ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായും ആരോപണം ഉയർന്നിരുന്നു.


മറ്റ് ആർ.ടി.ഒ ഓഫീസുകളിലേക്കും സമാന സംവിധാനം വ്യാപിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ഗതാഗത കമ്മിഷണറുടെ ഇടപെടൽ. സന്നദ്ധസംഘടനകളുടെ സഹായത്തോടെ ക്ലാസുകൾ നടത്തുന്നതിൽ എതിർപ്പില്ലെങ്കിലും അപേക്ഷകരിൽ നിന്ന് യാതൊരു സാഹചര്യത്തിലും പണം ഈടാക്കാൻ പാടില്ലെന്ന് കമ്മിഷണർ കർശന നിർദേശം നൽകിയിട്ടുണ്ട്.


അതേസമയം, കോഴ്സ് നടത്തിപ്പിനും അനുബന്ധ ചെലവുകൾക്കുമായി മാത്രമാണ് തുക വാങ്ങിയതെന്നും മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലായിരുന്നുവെന്നും ട്രാക്ക് ഭാരവാഹികൾ വിശദീകരിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like