ഒരു കോടി രൂപയുടെ ഉഷസ് ധനസഹായം കരസ്ഥമാക്കി കെ.എസ്‌.യു.എം. സ്റ്റാര്‍ട്ടപ്പ് ഡോക്കര്‍ വിഷന്‍.

                                                                                                         



കൊച്ചി: 


നിര്‍മ്മിത ബുദ്ധി, കമ്പ്യൂട്ടര്‍ വിഷന്‍ എന്നീ സാങ്കേതികവിദ്യയിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പായ ഡോക്കര്‍ വിഷന് ഉഷസ് പദ്ധതി പ്രകാരം ഒരു കോടി രൂപയുടെ ധനസഹായം ലഭിച്ചു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്‍റെ ഉഷസ് പദ്ധതിയില്‍ പെടുത്തി ഐഐടി മദ്രാസിന്‍റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ മാരിടൈം സ്റ്റാര്‍ട്ടപ്പ് പദ്ധതിയിലൂടെയാണ് ഈ ധനസഹായം ലഭിച്ചത്.


കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ധനസഹായത്തിന്‍റെ ചെക്ക് ഡോക്കര്‍ വിഷന്‍ സിഇഒ പ്രജിത് നായര്‍ക്ക് കൈമാറി. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് സിഎംഡി മധു എസ് നായരും ചടങ്ങില്‍ സന്നിഹിതനായിരുന്നു.


തുറമുഖ-കപ്പല്‍ ഗതാഗതത്തില്‍ നിര്‍മ്മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഒപ്ടിക്കല്‍ ക്യാരക്ടര്‍ റെക്കഗനിഷന്‍ ഏര്‍പ്പെടുത്തിയത് കണക്കിലെടുത്താണ് ധനസഹായം ഡോക്കര്‍ വിഷന് ലഭിച്ചത്. തുറമുഖങ്ങളുടെ പൂര്‍ണമായ ഓട്ടോമേഷന്‍ ഇതിലൂടെ സാധ്യമാകും. കണ്ടെയ്നര്‍ നീക്കം, വാഹനങ്ങള്‍, ഷിപ്പിംഗ് രേഖകള്‍ എന്നിവയെല്ലാം എഐ സഹായത്തോടെ ഓട്ടോമേറ്റ് ചെയ്യാനും നിയന്ത്രിക്കാനും സാധിക്കും.


ഡോക്കര്‍ വിഷന്‍റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തില്‍ നാഴികക്കല്ലാണ് ഉഷസ് ധനസഹായമെന്ന് പ്രജിത് നായര്‍ പറഞ്ഞു. കേവലം സാങ്കേതികവിദ്യയ്ക്ക് മാത്രമല്ല, മാരിടൈം, ലോജിസ്റ്റിക്സ് മേഖലയെ അടിമുടി മാറ്റാനുള്ള ഡോക്കര്‍ വിഷന്‍റെ കാഴ്ചപ്പാടിന്‍റെ അംഗീകാരം കൂടിയാണിത്. ഉത്പന്ന വികസന പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താന്‍ ഈ ധനസഹായം വളരെയധികം സഹായിക്കും. ആഗോള മാരിടൈം ഭൂപടത്തില്‍ ഇന്ത്യന്‍ നൂതനത്വത്തെ പ്രതിഷ്ഠിക്കാനും ഇതിലൂടെ കഴിയുമെന്നും പ്രജിത് പറഞ്ഞു.


മാരിടൈം സേവനങ്ങളില്‍ എഐ സാങ്കേതികവിദ്യയുടെ സങ്കലനം വര്‍ധിപ്പിക്കാനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ധനസഹായം മുതല്‍ക്കൂട്ടാകുമെന്ന് ഡോക്കര്‍ വിഷന്‍ സിടിഒ ആതിര എം ചൂണ്ടിക്കാട്ടി. ആഗോള നിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ മാത്രമല്ല, തുറമുഖ പ്രവര്‍ത്തനങ്ങള്‍, കസ്റ്റംസ്, ലോജിസ്റ്റിക്സ് പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാനും സാധിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

Author
Citizen Journalist

Goutham prakash

No description...

You May Also Like