വേര്‍പാടിന്‍റെ സഹനത്തിലും പത്ത് മാസമുള്ള മകളുടെ അവയവങ്ങള്‍ ദാനം ദാനം ചെയ്ത് മാതാപിതാക്കൾ.
- Posted on February 14, 2026
- News
- By Goutham prakash
- 30 Views
വേര്‍പാടിന്‍റെ സഹനത്തിലും പത്ത് മാസമുള്ള മകളുടെ അവയവങ്ങള്‍ ദാനം ചെയ്യാനൊരുങ്ങി മാതാപിതാക്കള്‍, ആലിൻ ഷെറിന്‍റെ അവയവങ്ങള്‍ പുതുജീവനേകുന്നത് അഞ്ച് പേര്‍ക്ക്, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്
തിരുവനന്തപുരം: റോഡപകടത്തില്‍ ജീവൻ നഷ്‌ടമായ പൊന്നോമനയുടെ അവയവങ്ങള്‍ ദാനം ചെയ്യാനൊരുങ്ങി മാതാപിതാക്കള്‍. 10 മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിന്‍റെ അവയവങ്ങള്‍ അഞ്ച് പേർക്കാണ് പുതുജീവൻ നല്‍കുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള മകളാണ് ആലിൻ ഷെറിൻ എബ്രഹാം. റോഡപകടത്തെ തുടര്‍ന്നാണ് കുഞ്ഞിന് മസ്തിഷ്ക മരണം സംഭവിച്ചത്. തുടർന്ന് മകളുടെ അവയവങ്ങള്‍ ദാനം ചെയ്യാൻ രക്ഷിതാക്കള്‍ സന്നദ്ധത അറിയിക്കുകയായിരുന്നുവെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആണ് ആലിന്‍ ഷെറിന്‍.
തങ്ങളുടെ മകള്‍ നഷ്‌ടമായ ദുഖത്തിനിടയിലും അവളുടെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യാൻ സന്മനസ് കാണിച്ചിരിക്കുകയാണ് ആ ദമ്പതികള്‍. വൃക്കയും, കരളും, ഹൃദയ വാല്‍വുകളുമാണ് ദാനം ചെയ്യുന്നത്. ആലിന്‍ ഷെറിന്‍റെ 2 വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്ക് നല്‍കും. കൊച്ചിയില്‍ നിന്നും റോഡ് മാർഗം അവയവങ്ങള്‍ തിരുവനന്തപുരത്ത് എത്തിക്കുമെന്നും. കുഞ്ഞ് ജീവൻ പൊലിഞ്ഞ തീവ്ര ദുഖത്തിന്റ ഇടയിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് ആ മാതാപിതാക്കള്‍ എടുത്ത വലിയ തീരുമാനത്തിന് നന്ദിയെന്ന് ആരോഗ്യ മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്നും മന്ത്രി കുറിച്ചു.
