മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകരുത്: വയനാട്, ജില്ലാ കളക്റ്റർ ഡി ആർ മേഘശ്രീ
- Posted on June 26, 2025
- News
- By Goutham prakash
- 218 Views
സ്വന്തം ലേഖകൻ.
മാധ്യമങ്ങൾ ജനങ്ങളിൽ പരിഭ്രാന്തിയും ഭീതിയും ഉണ്ടാക്കുന്ന തരത്തിലുള്ള വാർത്തകൾ നൽകരുതെന്ന് ജില്ലാ കളക്റ്റർ ഡി.ആർ മേഘശ്രീ അഭ്യർത്ഥിച്ചു. ജില്ലയിലെ കാലാവസ്ഥ സംബന്ധിച്ച കാര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയും ഏത് സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പുകളും സർക്കാറും ജില്ലാ ഭരണകൂടവും നടത്തുന്നുണ്ട്. തെറ്റായ വാർത്തകൾ നൽകുന്നത് വയനാട് ജില്ലയിയുടെ ടൂറിസം മേഖലയേയും വ്യാപാര വാണിജ്യ പ്രവർത്തനങ്ങളേയും സാരമായി ബാധിക്കും. മഴയുടെ അളവ് ജില്ലയുടെ എല്ലാ ഭാഗങ്ങളിലും രേഖപ്പെടുത്തുന്നുണ്ട്. ഡാമുകളിലേയും നദികളിലേയും ജലനിരപ്പ് കൃത്യമായി വിലയിരുത്തുന്നുണ്ട്. ഉദ്യോഗസ്ഥർക്കാവശ്യമായ നിർദേശങ്ങളും അപ്പപ്പോൾ നൽകുന്നുണ്ട്. ദുരന്ത നിവാരണ വിഭാഗം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. എല്ലാ മുന്നറിയിപ്പുകളും ഇൻഫർമേഷൻ വകുപ്പ് മുഖേന നൽകും. ഔദ്യോഗിക കൃത്യനിർവ്വഹണം നടത്തുന്ന ഉദ്യോഗസ്ഥരെ അക്രമിക്കുകയോ കയ്യേറ്റം ചെയ്യുകയോ കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. തെറ്റായ വാർത്തകൾ നൽകുന്നവർക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്റ്റർ അറിയിച്ചു.
