വെര്‍ച്വല്‍ കേരള ട്രാവല്‍ മാര്‍ട്ട് മെയ് മൂന്നു മുതല്‍ ആറ് വരെ
- Posted on February 18, 2023
- News
- By Goutham prakash
- 218 Views
തിരുവനന്തപുരം: ടൂറിസം മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ബയര്‍-സെല്ലര്‍ മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ (കെടിഎം) വെര്‍ച്വല്‍ മീറ്റ് മെയ് മൂന്ന് മുതല്‍ ആറ് വരെ നടത്തുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ലോകമെമ്പാടുമുള്ള ടൂറിസം ഉപഭോക്താക്കളുമായുള്ള പങ്കാളിത്തം ഉറപ്പിച്ച് കേരളത്തിന്‍റെ ടൂറിസം വ്യാപാരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കാനും വെര്‍ച്വല്‍ കെടിഎമ്മിലൂടെ ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി സംഘടിപ്പിക്കുന്ന നാല് ദിവസത്തെ ബയര്‍-സെല്ലര്‍ ചര്‍ച്ചയില്‍ കഴിഞ്ഞ വര്‍ഷം മെയില്‍ നടന്ന കെടിഎമ്മില്‍ രാജ്യത്തിനകത്തും വിദേശത്തു നിന്നുമുള്ള പങ്കാളികളുമായി നടന്ന ബിസിനസ് ചര്‍ച്ചകളുടെ തുടര്‍നടപടികള്‍ സുഗമമാക്കുകയാണ് ലക്ഷ്യം. 2022 ല്‍ കേരള ടൂറിസം നേടിയ മികച്ച നേട്ടം നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ ഉത്തേജനം നല്‍കാന്‍ വെര്‍ച്വല്‍ കെടിഎമ്മിലെ ബയര്‍-സെല്ലര്‍ ആശയവിനിമയം കൊണ്ട് സാധിക്കുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൊവിഡ് മാന്ദ്യത്തില്‍ നിന്ന് കേരള ടൂറിസത്തിന്‍റെ പുനരുജ്ജീവനം ലോകശ്രദ്ധയാകര്‍ഷിച്ചു. പോയവര്‍ഷം ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവ് 1.88 കോടി കടന്ന് സര്‍വ്വകാല റെക്കോര്‍ഡിലെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ട് വര്‍ഷം കൂടുമ്പോഴാണ് കെടിഎം സാധാരണ നടക്കുന്നത്. നേരിട്ട് നടത്തിയ ബിസിനസ് കൂടിക്കാഴ്ചകളുടെ തുടര്‍ ആശയവിനിമയം ഏറെ പ്രധാനമാണ്. അതിനുള്ള ഔദ്യോഗിക വേദി കൂടിയായി വെര്‍ച്വല്‍ കെടിഎം മാറുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ പിന്തുണയോടെ നടക്കുന്ന വെര്‍ച്വല്‍ കെടിഎം കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിനുള്ള കേരള ടൂറിസത്തിന്‍റെ സംരംഭങ്ങളെ സ്വാധീനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സംസ്ഥാന ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ് പറഞ്ഞു. ടൂറിസത്തെ അതീവ ഗൗരവത്തോടെയും പ്രാധാന്യത്തോടെയുമാണ് സംസ്ഥാനത്തെ ടൂറിസം മേഖല കാണുന്നതെന്ന സന്ദേശം ലോകവിപണിയ്ക്ക് മുന്നില്‍ നല്‍കാന്‍ വെര്‍ച്വല്‍ കെടിഎമ്മിലൂടെ സാധിക്കുമെന്ന് കേരള ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം നടന്ന കെടിഎമ്മിന്‍റെ 11-ാം ലക്കത്തില്‍ നടന്ന എല്ലാ കൂടിക്കാഴ്ചകളും കമ്പ്യൂട്ടര്‍ അധിഷ്ഠിത സംവിധാനത്തിലൂടെ ശേഖരിച്ചിട്ടുണ്ടെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്‍റ് ബേബി മാത്യു പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഫലപ്രദമായ തുടര്‍ചര്‍ച്ചകള്‍ നടക്കുന്നതിലൂടെ സഞ്ചാരികളുടെ വരവ് വര്‍ധിക്കുന്നതിനോടൊപ്പം വാണിജ്യബന്ധങ്ങള്‍ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്‍റെ എല്ലാ കോണുകളില്‍ നിന്നും വന്‍ പ്രതികരണമാണ് കെടിഎം 2022 ന് ലഭിച്ചത്. 55,000 ബിസിനസ് മീറ്റുകള്‍ക്ക് ആതിഥേയത്വം വഹിക്കാനും മഹാമാരി സൃഷ്ടിച്ച മാന്ദ്യത്തിന് ശേഷം സംസ്ഥാനത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമായെന്ന് ലോകത്തെ അറിയിക്കുന്നതിലും കെടിഎം 11-ാം ലക്കം വിജയിച്ചു. ബയേഴ്സും സെല്ലേഴ്സും തമ്മില്‍ 49,000 ഓണ്‍ലൈന്‍ ആശയവിനിമയങ്ങളും 6,000 അനുബന്ധ മീറ്റിംഗുകളും നടന്നു. 897 ആഭ്യന്തര ബയേഴ്സും 69 രാജ്യങ്ങളില്‍ നിന്നായി 234 വിദേശ പ്രതിനിധികളുമുള്‍പ്പടെ ആകെ 1,200 ബയേഴ്സ് പങ്കെടുത്തു.
പ്രത്യേക ലേഖകൻ
