താൽക്കാലിക പുനരധിവാസം ഓഗസ്റ്റിൽ പൂർത്തിയാക്കാൻ നടപടികളുമായി സർക്കാർ

വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള താൽക്കാലിക പുനരധിവാസം ഓഗസ്റ്റിൽ തന്നെ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നു മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ. രാജനും ഒ.ആർ. കേളുവും വാർത്താസമ്മേളനത്തിൽ അറിയിച്ചു. പുനരധിവാസം സംബന്ധിച്ചു തെറ്റായതും സംശയം ജനിപ്പിക്കുന്നതുമായ വാർത്തകൾ പ്രചരിപ്പിക്കരുത്. 

കണ്ടെത്തിയിട്ടുള്ള കെട്ടിടങ്ങൾ താമസിക്കാൻ പറ്റുന്നതാണോ എന്നതു സംബന്ധിച്ചു ശാസ്ത്രീയമായ പരിശോധനകൾ നടത്തും. പുനരധിവാസത്തിന് ഉപയോഗിക്കുന്ന എല്ലാ വീടുകളിലും ആവശ്യമായ ഉപകരണങ്ങൾ ഉറപ്പാക്കും. വാടക സംബന്ധിച്ച നയം സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂടി അംഗങ്ങളായ ക്യാമ്പ് മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചായിരിക്കും പുനരധിവാസം സംബന്ധിച്ച കാര്യങ്ങൾ പൂർത്തിയാക്കുക. 

 കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ ചൊവ്വാഴ്ചയും മലപ്പുറം ജില്ലയിലെ ചാലിയാറിലെ വിവിധ ഭാഗങ്ങളിൽ നടക്കും. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ശേഖരിച്ച ഡി.എൻ.എ. സാമ്പിളുകളുടെ ഫലം ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളിൽ പൂർത്തിയാകും. കാണാതായവരുടെ 90 ബന്ധുക്കളിൽ നിന്നുള്ള രക്തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇവയും ക്രോസ് മാച്ച് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ക്യാമ്പുകളിലൂടെ 1172 സർട്ടിഫിക്കറ്റുകൾ നൽകി. 

തിങ്കളാഴ്ചത്തെ തെരച്ചിലിൽ ഒരു മൃതദേഹവും രണ്ടു ശരീരഭാഗങ്ങളും ലഭിച്ചു. മൃതദേഹവും ഒരു ശരീരഭാഗവും നിലമ്പൂരിൽ നിന്നാണ് ലഭിച്ചത്. ഇതുവരെ 231 മൃതദേഹങ്ങൾ കണ്ടെത്തി. 178 പേരെ തിരിച്ചറിഞ്ഞു. കളക്‌ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയും പങ്കെടുത്തു.






Author

Varsha Giri

No description...

You May Also Like