കഥ - ചില സന്തോഷങ്ങൾ

എന്റെ കല്യാണ തലേന്ന് ചേച്ചി എനിക്ക് സമ്മാനമായി നൽകിയതും ഒരു മുല്ല പൂമാലയായിരുന്നു. അതെന്റെ കയ്യിൽ വച്ചു തന്നിട്ട് ചേച്ചി പറഞ്ഞു . " മുല്ല ഇന്ന് മോൾക്കു വേണ്ടി പൂത്തപോലയായിരുന്നു. എന്നും ഉള്ള തിനേക്കാളും ഒരു പാട് കൂടുതലായിരുന്നു."

മേടമാസത്തിലെ ചൂടുള്ള പുലർക്കാലങ്ങളിൽ വേനലവധിയായതുകൊണ്ട് ഞാൻ ഉറങ്ങിക്കോട്ടെ എന്ന് കരുതി എന്നെ വിളിച്ചുണർത്താറില്ലായിരുന്നു ആരും. എങ്കിലും അച്ഛമ്മ അടുക്കളയിൽ ദോശ ചുടുന്നതിൻ്റെ മണവും ,പാത്രങ്ങളുടെ അനക്കവും ഒക്കെ കേൾക്കമ്പോൾ തന്നെ ഞാൻ ചാടി എഴുന്നേൽക്കും.കാരണം മുറ്റത്ത്  പുന്നമരത്തിൻ്റെ വെളുത്ത നക്ഷത്രങ്ങൾ പോലെ കിടക്കുന്ന പൂക്കളെ കുറിച്ചോർത്തിട്ടാണ് . മുറ്റമടിക്കാൻ വരുന്ന തങ്കേടത്തി വരുന്നതിനു മുൻപേ ആ പൂക്കളൊക്കെ പെറുക്കിയെടുക്കണം അത് വാഴനാരിൽ കോർത്ത്  ചൂടണം അതെൻ്റെ നിത്യാഭ്യാസമായിരു. 

എനിക്കന്ന് ഏഴു വയസ്സാണ്  അമ്മ അനിയനെ പ്രസവിച്ച്  അമ്മയുടെ വീട്ടിലായിരുന്നു .ഞാൻ അച്ഛമ്മയോടും അച്ഛച്ച നോടുമൊപ്പം അച്ഛൻ്റെ വിട്ടിലായിരുന്നു. തറവാടിനോട് ചേർന്ന് അച്ഛൻ പണികഴിപ്പിക്കുന്ന പുതിയ വീടിൻ്റെ പണി അച്ഛച്ചൻ്റ മേൽനോട്ടത്തിൽ തകൃതിയായി  നടക്കുകയാണ് അന്ന്. പട്ടാളത്തിൽ ജോലി ചെയ്യുന്ന അച്ഛൻ,  അടുത്ത ലീവിനു വരുമ്പോൾ പാലുകാച്ചൽ നടത്താനുള്ള താണെന്ന് അച്ഛമ്മ ഇടയ്ക്ക് പലരോടും പറയുന്നത് കേട്ടിട്ടുണ്ട്. എപ്പോഴും നാലഞ്ച് പണിക്കാരുണ്ടാകും. അവരുടെ കൂട്ടത്തിൽ ഒരു സ്ത്രീയുണ്ട് സഹായിയായി എണ്ണ തൊട്ടെടുക്കാൻ പാകത്തിന് നല്ല എണ്ണ കറുപ്പ് നിറവും ചുരുണ്ട മുടിയും ഉള്ള ഒരു ചേച്ചി. നല്ല ഭംഗിയാണ് അവരുടെ ചിരി കാണാൻ . മേനോ ചേച്ചി എന്ന് കൂടെ പണിയെടുക്കുന്നവരും, മേരികുട്ടി എന്ന് എന്റെ അച്ഛമ്മയും ആ ചേച്ചിയെ വിളിക്കുന്നതു കേൾക്കാം. പണി നടക്കുന്നിടത്തേയ്ക്ക് ചെന്നാൻ എന്നെ അച്ഛച്ചൻ വഴക്കു പറയും കല്ലിൽ തട്ടിവീഴുകയോ, കമ്പിയോ മറ്റോ തട്ടി മുറിഞ്ഞാലോ എന്നൊക്കെകരുതിയാണ് അച്ഛച്ചൻ വഴക്കു പറയുന്നത്. അതുകൊണ്ട് ഞാൻ അവിടേയ്ക്ക് പോകാറില്ല.

പണിക്കാരെല്ലാം ഊണു കഴിക്കാനിരിക്കുന്നത്  പണി നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ തന്നെയാണ്. എന്നാൽ മേരിചേച്ചി എന്റ തറവാടിന്റെ അടുക്കള കോലായിൽ വന്നിരുന്നാണ് ഊണു കഴിക്കുന്നത്. വാഴയില വാട്ടി പൊതി കെട്ടിയാണ് മേരി ചേച്ചി ചോറു കൊണ്ടുവരുന്നത്. അച്ഛച്ചന് ഊണുമേശയിൽ ചോറെടുത്തു വച്ചിട്ട് അച്ഛമ്മ മേരി ചേച്ചിയോട് ഒത്തിരുന്ന് ഊണു കഴിക്കാൻ അടുക്കള കോലായിലേക്ക് പോകും, കൂടെ എന്റെ പാത്രവും പൊക്കിപ്പിടിച്ച് ഞാനും ചെല്ലും. പുറത്തുന്ന് ആരെന്ത് തന്നാലും വാങ്ങി കഴിക്കരുതെന്ന കർശന നിർദ്ദേശമുണ്ട് എനിക്ക് അച്ഛമ്മയുടെ വക. മേരിചേച്ചി ചോറു പൊതി തുറന്നാൽ ഒരുരുള ചോറ് എന്റെ വായിൽ വച്ചു തന്നിട്ടേ ഉണ്ണാറുള്ളൂ. അച്ഛമ്മ  അത് അനുവദിച്ചു തന്നിട്ടുണ്ട്. എന്ത് രുചിയാണെന്നോ മേരി ചേച്ചിയുടെ കറികൾക്ക്. ചില ദിവസങ്ങളിൽ ചെമ്മീൻ തേങ്ങാ കൊത്തിട്ട് ഉലത്തി കൊണ്ടു വരും ചേച്ചി , അതിന്റെ രുചി ഇപ്പോഴും നാവിലുണ്ട്. 

ഒരു ദിവസം മേരി ചേച്ചി ജോലിക്കു വന്നപ്പോൾ ഇടത്തേ ക്കവിൾ നീരുവച്ച് വീർത്തിരുന്നു. ചുണ്ടും പൊട്ടിയിരുന്നു. എപ്പോഴും തെളിഞ്ഞ് ചിരിക്കുന്ന മേരി ചേച്ചി  അന്ന് വോൾട്ടേജ് കുറഞ്ഞൊരു ചിരിയാണ് എനിക്കു സമ്മാനിച്ചത്. അന്ന് ചേച്ചി ചോറു കൊണ്ടുവന്നില്ല. അച്ഛമ്മ എത്ര നിർബന്ധിച്ചിട്ടും ഊണു കഴിച്ചില്ല. വിശപ്പില്ല എന്നു പറഞ്ഞ് ഒഴിഞ്ഞു മാറി . അച്ഛമ്മയും അന്ന് ഭക്ഷണം കഴിച്ചില്ല. കാര്യമെന്താണെന്ന് മനസിലായില്ലെങ്കിലും എനിക്കും വിഷമമായി . വൈകിട്ട് അച്ഛമ്മയും അച്ഛച്ചനും തമ്മിലുള്ള സംസാരത്തിൽ നിന്നാണ് എനിക്ക് കാര്യം പിടികിട്ടിയത്. മേരി ചേച്ചിയെ ചേച്ചിയുടെ ഭർത്താവ് മദ്യപിച്ചു വന്ന് തല്ലിയതാണെന്ന്. എന്തിനായിരിക്കും മേരി ചേച്ചിയെ അയാൾ തല്ലിയതെന്ന് ഞാൻ അന്ന്ഒരു പാടാലോചിച്ചു. മുതിർന്നവരെ ആരും തല്ലുന്നത് ഞാനതു വരെ കണ്ടിട്ടില്ലായിരുന്നു. അമ്മ മാത്രമാണ് വല്ലപ്പോഴുമെങ്കിലും എന്നെ തല്ലിയിരുന്നത്. വേറാരും എന്നെ തല്ലിയിട്ടില്ല. എന്ത് കുറ്റമാകും മേരി ചേച്ചി ചെയ്തത് എന്ന ചിന്തയായിരുന്നു എനിക്കന്നു മുഴുവനും

പിന്നീടെപ്പഴോ അച്ഛമ്മ പറഞ്ഞു ഞാൻ മേരി ചേച്ചിയുടെ കഥയറിഞ്ഞു . ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച മേരി ചേച്ചി  പ്രണയിച്ച് വിവാഹം കഴ്ച്ചത് പുലയ സമുദായത്തിൽപ്പെട്ട ഒരാളെയാണ്. അയാൾ ചേച്ചിയുടെ മേരി എന്നപേരു മാറ്റി മേനക എന്നാക്കി അന്നുമുതൽ വീട്ടുകാരാരും തിരിഞ്ഞു നോക്കാറില്ല. ആ മനുഷ്യന്റെ അമിത മദ്യപാനം കാരണം കുടുംബം പുലർത്താൻ കൂലി വേലക്കിറങ്ങേണ്ടിന്നു. .

കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ഞങ്ങളുടെ വീടു പണി കഴിഞ്ഞു എങ്കിലും മേരി ചേച്ചി ഇടയ്ക്കിടെ വീട്ടിൽ വരുമായിരുന്നു.  നിറയെ പൂക്കുന്നൊരു മുല്ലയുണ്ട് മേരി ചേച്ചിയുടെ വീട്ടിൽ മുല്ല പൂക്കുന്ന കാലമായാൽ ചേച്ചി മോളെ കൊണ്ട് കെട്ടിച്ച മുല്ലപ്പൂ മാല കൊണ്ടുവന്നു തരും എനിക്ക് . പൂ ചൂടുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണെന്ന് ചേച്ചിക്കറിയാം. 

എന്റെ കല്യാണ തലേന്ന് ചേച്ചി എനിക്ക് സമ്മാനമായി നൽകിയതും ഒരു മുല്ല പൂമാലയായിരുന്നു. അതെന്റെ കയ്യിൽ വച്ചു തന്നിട്ട് ചേച്ചി പറഞ്ഞു . " മുല്ല ഇന്ന് മോൾക്കു വേണ്ടി പൂത്തപോലയായിരുന്നു. എന്നും ഉള്ള തിനേക്കാളും ഒരു പാട് കൂടുതലായിരുന്നു ഇന്ന് പുക്കൾ ,മറ്റൊന്നും തരാൻ മേരി ചേച്ചീടെ കയ്യിൽ ഇല്ലെന്ന് ദൈവത്തിനറിയാം" എന്നു പറഞ്ഞു ചേച്ചി വിതുമ്പി. ചേച്ചിയെ ചേർത്തുപിടിച്ച് കവിളിലൊരുമ്മ കൊടുത്തു കൊണ്ട് ഞാൻ പറഞ്ഞിരുന്നു ഈ സമ്മാനം ഞാനൊരിക്കലും മറക്കില്ലെന്ന്. 

ചേച്ചിടെ ഭർത്താവിന്റെ മദ്യപാനവും വീട്ടിലെ നിരന്തരമായ പ്രശ്നങ്ങളും മൂലം രണ്ട് അൺമക്കളും വിവാഹം കഴിഞ്ഞപ്പോൾ വീട്ടിൽ നിന്നും മാറി താമസിച്ചു വിവരമൊക്കെ പലപ്പോഴായി അമ്മ പറഞ്ഞു ഞാനറിഞ്ഞിരുന്നു. കുറേ നാളുകൾക്കു ശേഷം മേരി ചേച്ചിയെ ഈ അടുത്തിടെ വഴിയിൽ വച്ചു ഞാൻ കണ്ടു ഇപ്പൊഴും ജോലിക്കു പോകുന്നുണ്ട്. ആവ തൊള്ള ത്രകാലം ജോലി ചെയ്യണമെന്നാണഗ്രഹം എന്ന് ചേച്ചി പറഞ്ഞു. വിശേഷമൊക്കെ പറഞ്ഞ കൂട്ടത്തിൽ ചേട്ടനെ കുറിച്ച് ഞാൻ ചോദിച്ചു. ചേട്ടനി പ്പൊ തീരെ വയ്യ മോളെ പണിക്കൊന്നും പോകാറില്ല. ന്നന്നായി അപ്പൊ കുടിച്ചു വന്നിട്ടുള്ള പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലല്ലോ എന്നു പറഞ്ഞ് ഞാൻ ചിരിച്ചു. ആ.... ഇപ്പൊ ആള് ഡീസന്റാമോളെ ഒരു കുഴപ്പോമില്ല . കയ്യിൽ കാശില്ലാത്തതു കൊണ്ടല്ലേ അങ്ങര് നനഞ്ഞ കോഴീട മട്ട് വീടിന്റെ ഉമ്മറത്ത് കുത്തിരിക്കുന്നതെന്നോർക്കുമ്പൊ എനിക്ക് സങ്കടം വരും. അതുകൊണ്ട് ശനിയാഴ്ച ദിവസം കൂലി കിട്ടി കഴിയുമ്പോൾ ഞാൻ അങ്ങേർക്ക് രണ്ടണ്ണമിക്കാനുള്ള കാശു കൊടുക്കും. അന്നങ്ങേരുടെ ഉൻമേഷമൊന്നു കാണേണ്ടതാണ് എന്നു പറഞ്ഞ് ഒരു നാണിച്ചിരി ചിരിച്ചു. അതു കേട്ടപ്പൊ ഞാനും പൊട്ടിച്ചിരിച്ചു പോയി.  അമ്മയാണ് അച്ഛനെ ചീത്തയാക്കുന്നതെന്നു പറഞ്ഞ് മക്കള് വഴക്കിനു വരും. പോണടുത്തോളം പോട്ടെ മോളെ അങ്ങെരുടെ സന്തോഷമല്ലേ എന്റെ സന്തോഷം അത്രയും പറഞ്ഞ് ചേച്ചി വീട്ടിലേക്ക് നടന്നു. ഇങ്ങനെയും ചില സന്തോഷങ്ങളുണ്ടല്ലോ എന്നോർത്തു കൊണ്ട് ഞാനും എന്റെ സന്തോഷത്തിലേക്ക് മടങ്ങി. 

              *******


✍️  രമ്യ വിഷ്ണു

കഥ - കനൽവഴിയിലൂടെ

Author
Citizen Journalist

Remya Vishnu

Writer and Entrepreneur

You May Also Like