-പച്ചത്തുരുത്ത് പരിപാലനത്തിന് ഹരിത കേരളം മിഷൻ സംസ്ഥാനത്ത്
- Posted on September 19, 2025
- News
- By Goutham prakash
- 18 Views
ആദരിച്ച 11 വ്യക്തികളിൽ പീറ്ററും

സ്വന്തം ലേഖകൻ
രാവിലെ 8 ന് ജോലി സ്ഥലത്ത് എത്തി പണി പൂർത്തിയാക്കി 11 മണിയ്ക്ക് മടങ്ങേണ്ട ആളാണ് സുൽത്താൻ ബത്തേരി, അമ്പുകുത്തി ഗവ. എൽപി സ്കൂളിലെ പാർട് ടൈം സ്വീപ്പറായ കെ സി പീറ്റർ. പക്ഷെ, കഴിഞ്ഞ 19 വർഷമായി ദിവസവും രാവിലെ എഴിന് എത്തി വൈകുന്നേരമാണ് 62-കാരനായ പീറ്റർ സ്കൂളിൽ നിന്ന് മടങ്ങുക. എങ്ങാനും നേരത്തെ പോയാൽ വൈകീട്ട് വീണ്ടുമെത്തും.
വേനലവധിക്കാലത്തും ഓണം, ക്രിസ്മസ് അവധിയ്ക്കും ഒരു ദിവസവും മുടങ്ങാതെ അയാൾ സ്കൂളിൽ എത്തുന്നു. അയാളെ കാത്ത് സ്കൂളിലെ 90 സെന്റ് ഭൂമിയിൽ വിശാലമായ പച്ചപ്പുണ്ട്. കിളച്ചും കീറിയും നട്ടും നനച്ചും തൊട്ടും തലോടിയും പീറ്റർ പരിപാലിക്കുന്ന വിശാലമായ പച്ചത്തുരുത്ത്.
ഈ സമർപ്പിത പച്ചത്തുരുത്ത് പരിപാലനത്തിനാണ് സംസ്ഥാന ഹരിത മിഷൻ ചൊവ്വാഴ്ച്ച സംസ്ഥാന തലത്തിൽ ആദരിച്ച 11 വ്യക്തികളിൽ ഒരാളായി പീറ്റർ മാറിയത്.
ഔഷധ സസ്യോദ്യാനം, ശലഭോദ്യാനം, പേരക്ക, സപ്പോട്ട, ചാമ്പ, നെല്ലിക്ക, ചക്ക, മാങ്ങ എന്നീ ഫലവൃക്ഷങ്ങൾ വിളയുന്ന മണ്ണ് എന്നിവ നിറയുന്ന സ്കൂളിലെ പച്ചത്തുരുത്ത് 2019 ലാണ് രൂപം കൊള്ളുന്നത്. പക്ഷെ, അതിനും വർഷങ്ങൾക്ക് മുന്നേ പീറ്ററുടെ അധ്വാനത്തിലൂടെ ഇവിടം കപ്പയും ചേനയും ചേമ്പും കാബേജും പയറും മറ്റും സമൃദ്ധമായി വിളയുന്ന കാർഷിക മണ്ണായിരുന്നു.
"വിളകൾ സ്കൂൾ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചിരുന്നു. കോവിഡ് കാലത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്കും ധാരാളം പച്ചക്കറികൾ നൽകി. പക്ഷെ, പന്നിയുടെയും കുരങ്ങിന്റെയും ശല്യം രൂക്ഷമായതോടെ കൃഷി നിർത്തേണ്ടി വന്നു. തുടർന്നാണ് പച്ചത്തുരുത്താക്കി മാറ്റിയത്," ബത്തേരിക്ക് സമീപം മണിച്ചിറ സ്വദേശിയായ പീറ്റർ പറഞ്ഞു.
90 സെന്റ് ഭൂമിയിലെ കാട് വെട്ടലും കളകൾ പിഴുതുമാറ്റലും ചെടികൾക്ക് കോൺക്രീറ്റ് വളയങ്ങൾ വാർക്കലും ഫലവൃക്ഷങ്ങൾക്ക് തടം ഒരുക്കലും എല്ലാം പീറ്റർ തന്നെ. മഴക്കാലത്ത് ഒഴികെ ദിവസവും രണ്ട് നേരം നനയ്ക്കണം. ഒരു നേരം നനയ്ക്കാൻ ചുരുങ്ങിയത് ഒരു മണിക്കൂർ എടുക്കും. കോവിഡ് ലോക്ഡൗൺ കാലത്ത് മനുഷ്യർ മുഴുവനും വീട്ടിൽ അടച്ചിരുന്നപ്പോഴും പീറ്റർ സ്കൂളിൽ എത്തി നനയും ചെടി പരിപാലനവും തുടർന്നു.
"പല സ്‌കൂളുകളിലും നല്ല രീതിയിൽ തുടങ്ങുന്ന പച്ചത്തുരുത്തുകൾ നശിക്കുന്നത് അവധിക്കാലത്ത് പരിപാലിക്കാൻ ആളില്ലാഞ്ഞിട്ടാണ്. ഇവിടെ പീറ്ററേട്ടൻ അവധി ദിവസങ്ങളിലും എത്തി സംരക്ഷിക്കുന്നത് കൊണ്ട് മാത്രമാണ് ഞങ്ങളുടെ പച്ചത്തുരുത്ത് മികച്ച രീതിയിൽ നിലനിൽക്കുന്നത്," സ്കൂളിലെ പ്രധാനാധ്യാപകൻ ഷാജി കെ എൻ സാക്ഷ്യപ്പെടുത്തുന്നു. സ്കൂളിലെ അധ്യാപകർ ഒന്നടങ്കം പീറ്ററിന്റെ ഉദ്യമത്തിന് പിന്തുണയായുണ്ട്.
സ്കൂളിൽ മൂന്ന് വിധം വസ്ത്രങ്ങളാണ് പീറ്റർക്ക്. വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് വരാനും പോകാനും ഒരു വസ്ത്രം, ക്ലാസ്സ്മുറികൾ, ശുചിമുറി കഴുകി വൃത്തിയാക്കുമ്പോൾ മറ്റൊന്ന്, വിശാലമായ പച്ചത്തുരുത്തിലേക്ക് ഇറങ്ങുമ്പോൾ ഗം ബൂട്ട് ഉൾപ്പെടെ വേറൊന്ന്. ഒരു ജോലി ചെയ്യുമ്പോൾ പൂർണതയിൽ പീറ്ററിന് വിട്ടുവീഴ്ചയില്ല.
സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡിന്റെ സംസ്ഥാനത്തെ മികച്ച ജൈവ വൈവിദ്ധ്യ ഉദ്യാനമായി 2019-20 ൽ തെരെഞ്ഞെടുക്കപ്പെട്ട അമ്പുകുത്തി ജിയുപി സ്കൂളിലെ പച്ചത്തുരുത്തിന് നെന്മേനി ഗ്രാമപഞ്ചായത്ത്, കൃഷി ഭവൻ എന്നിവയുടേത് ഉൾപ്പെടെ വേറെയും നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം ടാഗോർ തിയ്യറ്ററിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷിൽ നിന്നാണ് പീറ്റർ ഹരിത കേരളം പുരസ്‌കാരം ഏറ്റുവാങ്ങിയത്.