അഞ്ച് പേരിലൂടെ ധീരജ് ഇനിയും ജീവിക്കും ആറ് അവയവങ്ങൾ ദാനം ചെയ്തു
- Posted on February 20, 2025
- News
- By Goutham prakash
- 158 Views
ബൈക്ക് അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കോളേജ് വിദ്യാർത്ഥി ധീരജ് ആർ നായറിന്റെ (19) അവയവങ്ങൾ അഞ്ച് പേർക്ക് ഇനി പുതുജീവനേകും. കൊല്ലം ആയൂർ മാർത്തോമ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ബി.കോം രണ്ടാം വർഷ വിദ്യാർത്ഥിയാണ് ധീരജ്. കൊല്ലം ജില്ലയിലെ ചടയമംഗലം സ്വദേശിയായ ധീരജിന്റെ ആറ് അവയവങ്ങളാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ചുപേര്‍ക്ക് ദാനം ചെയ്യാന്‍ തീരുമാനിച്ചത്. രണ്ട് കിഡ്നി, ലിവർ, ഹൃദയ വാൽവ്, രണ്ട് കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തത്.
2025 ഫെബ്രുവരി 14ന് ചടയമംഗലത്തിന്റെയും ആയൂരിന്റെയും ഇടയിലുള്ള ഇലവക്കോട് വച്ചാണ് ബൈക്കപകടം ഉണ്ടായത്. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുമായി ബൈക്ക് കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായ പരിക്കേറ്റ ധീരജിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് അന്നേ ദിവസം തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഫെബ്രുവരി 18ന് മസ്തിഷ്ക മരണം സംഭവിക്കുകയുമായിരുന്നു. അവയവദാനത്തിന്റെ സാധ്യതകൾ അറിയുന്ന ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിച്ചു മുന്നോട്ടു വരികയായിരുന്നു. മകൻ നഷ്ടപ്പെട്ട തീവ്ര വേദനയ്ക്കിടയിലും അവയവദാനത്തിന് തയ്യാറായ ധീരജിന്റെ മാതാപിതാക്കളോട് ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ് നന്ദി അറിയിച്ചു. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.
വെഞ്ഞാറമൂട് ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർ രാജേഷ് ജെ ബാബുവിന്റെയും ദീപയുടെയും മകനാണ് ധീരജ്. സഹോദരി സഞ്ജന എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനാണ് (കെ-സോട്ടോ) അവയവദാനത്തിന്റെ നടപടിക്രമങ്ങൾ നിർവഹിച്ചത്. പോസ്റ്റ്മോർട്ട് നടപടികൾക്ക് ശേഷം നാളെ (ഫെബ്രുവരി 20) ധീരജിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. സംസ്ക്കാര ചടങ്ങുകൾ നാളെ ചടയമംഗലത്തെ വീട്ടിൽ നടക്കും.
