അഴിമതിയെ ക്രമവല്‍ക്കരിക്കുന്ന രീതി രാജ്യത്തെന്ന് നിതിന്‍ സേഥി
- Posted on July 03, 2024
- News
- By Arpana S Prasad
- 188 Views
കേരളമീഡിയ അക്കാദമിയില്‍ സി.പി രാമചന്ദ്രന്‍ അനുസ്മരണ ചടങ്ങില്‍ 'പാര്‍ലമെന്ററി റിപ്പോര്‍ട്ടിങ്ങും ജനാധിപത്യവും' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു സേഥി
കൊച്ചി: അഴിമതിയെ ക്രമവല്‍ക്കരിക്കുന്ന, അതിനു നിയമസാധുത ഉണ്ടാക്കുന്ന സമ്പ്രദായം രാജ്യത്ത് ഉയര്‍ന്നു വന്നിരിക്കുന്നതായി പ്രമുഖ മാധ്യമ പ്രവര്‍ത്തകനും റിപ്പോര്‍ട്ടേഴ്സ് കളക്ടീവിന്റെ സ്ഥാപക എഡിറ്ററുമായ നിതിന്‍ സേഥി അഭിപ്രായപ്പെട്ടു. കേരളമീഡിയ അക്കാദമിയില്‍ സി.പി രാമചന്ദ്രന്‍ അനുസ്മരണ ചടങ്ങില്‍ 'പാര്‍ലമെന്ററി റിപ്പോര്‍ട്ടിങ്ങും ജനാധിപത്യവും' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു സേഥി. രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ളില്‍ ഏകാധിപത്യ പ്രവണതകള്‍ തലപൊക്കുന്ന രീതി ഉണ്ടായിരിക്കുന്നു. അഴിമതിപ്പണം പാര്‍ട്ടികളിലല്ല, രാഷ്ട്രീയ പ്രവര്‍ത്തകരായ വ്യക്തികളിലാണ് നിക്ഷേപിക്കപ്പെടുന്നത് . ഒന്നോ രണ്ടോ ട്വീറ്റുകളിലൂടെപ്പോലും അധികാരം പിടിച്ചെടുക്കുന്ന അവസ്ഥയാണ് ഉള്ളത്. പൊതുപണം പ്രചരണങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നു അദ്ദേഹം പറഞ്ഞു.
അമ്പരപ്പിക്കുന്ന വസ്തുത, ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരാരും ഇത്തരം കാര്യങ്ങളെ ചോദ്യം ചെയ്യുന്നില്ല എന്നതാണ്. മാധ്യമപ്രവര്‍ത്തകര്‍ നിശബ്ദരാക്കപ്പെട്ടിരിക്കുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ ഇടുന്നത് മാധ്യമപ്രവര്‍ത്തനമായി കാണരുതെന്ന് അദ്ദേഹം അക്കാദമിയിലെ മാധ്യമവിദ്യാര്‍ത്ഥികളെ ഓര്‍മിപ്പിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് സാമൂഹികമായ പ്രതിബദ്ധതകളുണ്ട്. സമൂഹവുമായി ഉണ്ടാക്കിയിട്ടുള്ള ഉടമ്പടിയുടെ ഓര്‍മ്മ അവര്‍ക്ക് എപ്പോഴും ഉണ്ടാകണം.
പുതിയ മാധ്യമപ്രവര്‍ത്തന രീതിയില്‍ ജനങ്ങളെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ആശയങ്ങള്‍ ഉണ്ടാകുന്നില്ല. വേണ്ടത്ര സ്ഥിരീകരണം ഇല്ലാതെ വാര്‍ത്തകള്‍ നല്‍കുകയാണ്. ജനങ്ങള്‍ ചോദ്യം ചെയ്യാതെ അവയെ സ്വീകരിക്കുന്നു . മാധ്യമപ്രവര്‍ത്തകര്‍ ഒരുമിച്ചിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. ആശയപരമായ വിയോജിപ്പാണ് ഇന്ത്യയുടെ വൈവിധ്യത്തിന്റെ അടിസ്ഥാനപ്രമാണം.എന്നാല്‍ സ്വന്തം ആശയങ്ങള്‍ക്ക് വിരുദ്ധമായ എല്ലാ സമീപനങ്ങളെയും തള്ളിപ്പറയുന്ന രീതിയാണ് സമൂഹമാധ്യമങ്ങളിലെ അല്‍ഗോരിതങ്ങള്‍ക്കുള്ളത്. ക്രിയാത്മകമായി ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെടുത്തുന്നവയാണ് അവ. ഇതിന് ബദലായി ചെറുപ്പക്കാരായ പുതിയ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടായി വരുന്നുണ്ട് എന്നത് പ്രതീക്ഷ നല്‍കുന്നു.
പ്രഗല്‍ഭനായ പത്രാധിപരും എഴുത്തുകാരനുമായിരുന്നു സി.പി രാമചന്ദ്രന്‍ എന്ന് മുന്‍ എം.പിയും പ്രമുഖ മാധ്യമ നിരൂപകനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ അനുസ്മരിച്ചു. അദ്ദേഹം പാര്‍ലമെന്റ് റിപ്പോര്‍ട്ട് ചെയ്യുന്ന കാലത്ത് റിപ്പോര്‍ട്ടില്‍ ഇടം പിടിക്കാന്‍ കഴിയുന്നത് ബഹുമതിയായി മന്ത്രിമാര്‍ വരെ കരുതിയിരുന്നു. കെ.കെ ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ ടൈംസില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്കെതിരെയുള്ള മുഖപ്രസംഗങ്ങള്‍ മാറ്റി എഴുതണമെന്ന് പത്രാധിപരായിരുന്ന ബി.ജി വര്‍ഗീസിനോട് ആവശ്യപ്പെട്ടതിനെതിരെ ശക്തമായി പ്രതികരിച്ച വ്യക്തിയാണ് സി.പി. യെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ കെ. രാജഗോപാല്‍ അധ്യക്ഷനായിയിരുന്ന ചടങ്ങില്‍ സെക്രട്ടറി അനില്‍ ഭാസ്‌കര്‍ സ്വാഗതവും ഫാക്കള്‍ട്ടി അംഗം കെ. ഹേമലത നന്ദിയും പറഞ്ഞു. അസിസ്റ്റന്റ് സെക്രട്ടറി പി. കെ വേലായുധന്‍, അധ്യാപകര്‍ മാധ്യമ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
സ്വന്തം ലേഖിക
