ബീനാപോള്‍ കേഡര്‍ ഓട്ടിസം ഫിലിം ഫെസ്റ്റിവെല്‍ ജൂറി അധ്യക്ഷ
- Posted on March 11, 2025
- News
- By Goutham prakash
- 199 Views
തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായ സെന്‍റര്‍ ഫോര്‍ ഓട്ടിസം ആന്‍ഡ് അദര്‍ ഡിസെബിലിറ്റീസ് റീഹാബിലിറ്റേഷന്‍ റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍ (കേഡര്‍) സംഘടിപ്പിക്കുന്ന ഇന്‍റര്‍നാഷണല്‍ ഫിലിംലെറ്റ് ഫെസ്റ്റിവല്‍ ഓണ്‍ ഓട്ടിസം (സിഐഎഫ്എഫ്എ-2025) ജൂറി അധ്യക്ഷയായി ഫിലിം എഡിറ്റര്‍ ബീനാപോളിനെ നിയമിച്ചു. കേരള രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്കെ) യുടെ മുന്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായ ബീനാപോള്‍ ഉള്‍പ്പെടെ നാല് അംഗങ്ങള്‍ ജൂറിയില്‍ ഉണ്ടായിരിക്കും.
ഇന്ത്യ ഇന്‍ക്ലൂഷന്‍ ഫൗണ്ടേഷന്‍ ആന്‍ഡ് ഓട്ടിസം അറ്റ് വര്‍ക്ക് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ ഫിറോസ് വിആര്‍, ഛായാഗ്രാഹകനും സംവിധായകനുമായ വേണു, സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍സ് സഹസ്ഥാപകനും ക്രിയേറ്റീവ് ഡയറക്ടറുമായ സ്വരൂപ് ബിആര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
ഓട്ടിസവുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന ഉള്ളടക്കമുള്ള ഒന്നുമുതല്‍ അഞ്ച് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രങ്ങളാണ് ഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിക്കുക. ഓട്ടിസ്റ്റിക്കായവരെ പരിഗണിക്കാനും ഉള്‍ക്കൊള്ളാനുമുള്ള സന്ദേശം സമൂഹത്തില്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിഐഎഫ്എഫ്എ-2025 സംഘടിപ്പിക്കുന്നത്.
ഈ വര്‍ഷത്തെ എന്‍ട്രികളില്‍ നിന്ന് ജൂറി തെരഞ്ഞെടുപ്പിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത സിനിമകള്‍ കേഡറിന്‍റെ യുട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. ഇത് https://cadrre.org/ciffa-2025/ എന്ന ലിങ്കില്‍ ലഭിക്കും.
മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപയും മികച്ച രണ്ടാമത്തെ ചിത്രത്തിന് 50,000 രൂപയും സമ്മാനമായി നല്‍കും. പ്രേക്ഷക വോട്ടെടുപ്പിന്‍റെയും ഏറ്റവും കൂടുതല്‍ യു ട്യൂബ് ലൈക്കുകള്‍ നേടുന്നതിന്‍റെയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്ന ജനപ്രിയ ചിത്രത്തിന് 25,000 രൂപ സമ്മാനമായി നല്‍കും.
മാര്‍ച്ച് 23 ന് തിരുവനന്തപുരത്ത് നടക്കുന്ന കേഡറിന്‍റെ ഓട്ടിസം അവബോധ പരിപാടികളുടെ ഭാഗമായി അവാര്‍ഡുകള്‍ നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ciffa@cadrre.org/, +91 9207440828.
