അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് വസ്തു നികുതി കേരള മുസ്‌ലിം ജമാഅത്ത് നേതാക്കള്‍ ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭീമമായ കെട്ടിട നികുതി ചുമത്തിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് നേതാക്കള്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലുമായി കൂടിക്കാഴ്ച നടത്തി. കേരള പഞ്ചായത്തീരാജ്/ മുനിസിപ്പാലിറ്റീസ് ചട്ടങ്ങളില്‍ യാതൊരു ഭേദഗതിയും വരുത്താതെയാണ് ഈ വര്‍ഷത്തെ ബജറ്റില്‍ അണ്‍എയിഡഡ് വിദ്യാലയങ്ങള്‍ക്ക് വസ്തുനികുതി ബാധകമാക്കിയതെന്നും ഈ നീക്കം നീതിരഹിതവും അനുചിതവും സേവനതത്പരരായ അണ്‍ എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും കേരള മുസ്‌ലിം ജമാഅത്ത് നേതാക്കള്‍ ധനമന്ത്രിയെ ധരിപ്പിച്ചു.

ബജറ്റ് നിര്‍ദേശത്തിന് പിന്നാലെ ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശിക പിരിക്കാനുള്ള നോട്ടീസുകളാണ് തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് 3,000ത്തിലധികം അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലായി ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷവും സാമൂഹിക സേവന താത്പര്യത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്. സര്‍ക്കാറിന് വരുന്ന കോടികളുടെ ബാധ്യതയാണ് അണ്‍ എയ്ഡഡ് വിദ്യാലയ നടത്തിപ്പുകാര്‍ സേവന താത്പര്യത്തോടെ ഏറ്റെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ പത്തുശതമാനം വരുന്ന അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് നികുതി ചുമത്തുന്നത് ഇത്തരം വിദ്യാലയങ്ങള്‍ക്ക് അധിക ബാധ്യത സൃഷ്ടിക്കും. അണ്‍ എയ്ഡഡ്സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അംഗീകരിച്ചു കൊണ്ടാണ് പ്രവര്‍ത്തിച്ചുവരുന്നതെന്നിരിക്കെ ഈ സ്ഥാപനങ്ങള്‍ക്ക് നികുതിയേര്‍പ്പെടുത്തുന്നത് വിവേചനപരമായ തീരുമാനമാണ്. 

കേന്ദ്ര വിദ്യഭ്യാസ നയത്തില്‍  വ്യക്തമാക്കിയ ദൂരപരിധി ഉള്‍പ്പെടെ വ്യവസ്ഥകള്‍ പാലിക്കാന്‍ കേരളത്തത്തെ സജ്ജമാക്കുന്നത് ഇത്തരം സ്ഥാപനങ്ങളാണെന്നിരിക്കെ ഇത്തരം സ്ഥാപനങ്ങളെ പിന്തുണക്കുന്നതിന് പകരം  പ്രതിസന്ധിയിലാക്കുന്ന തീരുമാനവുമായി മുന്നോട്ടുപോകരുതെന്നും നേതാക്കള്‍ ആവശ്യപ്പപ്പെട്ടു. തുടര്‍ന്ന് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, തദ്ദേശ മന്ത്രി എം ബി രാജേഷ് എന്നിവര്‍ക്ക് നിവേദനം നല്‍കി.  കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി, നേതാക്കളായ ഹാഷിം ഹാജി ആലംകോട്, ജാബിര്‍ ഫാളിലി നടയറ, സിയാദ് കളിയിക്കാവിള തുടങ്ങിയവര്‍ പങ്കെടുത്തു.


സ്വന്തം ലേഖകൻ

Author
Citizen Journalist

Goutham Krishna

No description...

You May Also Like