ലിംഗമാറ്റ ശസ്ത്രക്രിയയിൽ പിഴവ്, മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു
- Posted on June 08, 2024
- News
- By Arpana S Prasad
- 286 Views
കമ്മീഷൻ അദ്ധ്യക്ഷനായിരുന്ന ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട സ്വദേശി സാഗറിനാണ് തുക അനുവദിച്ചത്
സ്ത്രീയെ പുരുഷനാക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ 13 ശസ്ത്രക്രിയകൾ വിജയിച്ചില്ലെന്ന പരാതിയിൽ സാമ്പത്തിക സഹായം നൽകണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാർ 3,06,772 രൂപ അനുവദിച്ചു.
കമ്മീഷൻ അദ്ധ്യക്ഷനായിരുന്ന ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട സ്വദേശി സാഗറിനാണ് തുക അനുവദിച്ചത്. പരാതിക്കാരന് ട്രാൻസ്ജെന്റർ ഐ.ഡി കാർഡ് അനുവദിച്ചതായും സാമൂഹിക നീതി വകുപ്പ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു.ലിംഗമാറ്റ ശസ്ത്രക്രിയ പോലെ സാങ്കേതിക വെല്ലുവിളി ഉയർത്തുന്നതും സങ്കീർണവും റിസ്ക് ഫാക്ടറുള്ളതുമായ ശസ്ത്രക്രിയകൾ നടത്തുന്ന കാര്യം പരിശോധിക്കുന്നതിന് അവയവദാന കമ്മിറ്റിക്ക് സമാനമായ ഒരു സംസ്ഥാനതല കമ്മിറ്റി രൂപീകരിക്കണമെന്നും കമ്മീഷൻ സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. സാമൂഹികനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും ഡയറക്ടർ കൺവീനറുമായി 14 അംഗസമിതിയെ ട്രാൻസ്ജെന്റർമാരുടെ ആരോഗ്യ സേവനങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ചിട്ടുണ്ടെന്നും സർക്കാർ കമ്മീഷനെ അറിയിച്ചു.
മുബൈ കോകിലബെൻ ദിരുബായി അമ്പാനി ആശുപത്രിയിൽ പരാതിക്കാരൻ തുടർ ചികിത്സ തേടിയിരുന്നു.
സ്വന്തം ലേഖകൻ
