കുഞ്ഞിനൊപ്പം തലമുറകള്‍ക്ക് സമ്മാനമായി വൃക്ഷതൈ ലോക പരിസ്ഥിതി ദിനത്തില്‍ വേറിട്ട മാതൃകയുമായി ആരോഗ്യ വകുപ്പ്

 സി.ഡി. സുനീഷ് 


തിരുവനന്തപുരം: പ്രസവ ശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തിന് വൃക്ഷതൈ നല്‍കുന്ന പദ്ധതി ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് വനം വകുപ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലാണ് പദ്ധതിയ്ക്ക് തുടക്കമിടുന്നത്. പിന്നീട് കൂടുതല്‍ ആശുപത്രികളിലേക്ക് വ്യാപിപ്പിച്ച് സംസ്ഥാന വ്യാപകമാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രസവശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തെ മാതൃയാനം പദ്ധതിയിലൂടെ സൗജന്യ വാഹനം നല്‍കിയാണ് വീട്ടിലേയ്ക്ക് അയയ്ക്കുന്നത്. അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് വൃക്ഷതൈ കൂടി നല്‍കുന്നു. ഇതിലൂടെ വലിയ അവബോധം നല്‍കാനാകുമെന്നും മന്ത്രി പറഞ്ഞു.


നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് എല്ലാ വര്‍ഷവും ജൂണ്‍ 5 ന് ലോക പരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നു. 'പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാം' എന്നുള്ളതാണ് ഈ വര്‍ഷത്തെ സന്ദേശമായി മുന്നോട്ട് വയ്ക്കുന്നത്. ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്‌നം എന്ന നിലയില്‍ നിന്നും പൊതുജനാരോഗ്യ രംഗത്തെ ഗുരുതരമായി ബാധിക്കുന്ന ഒരു പ്രശ്‌നമായി പ്ലാസ്റ്റിക് ഇന്ന് മാറിയിരിക്കുന്നു. നമ്മുടെ ശരീരത്തില്‍ പ്ലാസ്റ്റിക് കണികകള്‍ മൂലം നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍, ശ്വാസകോശ, കരള്‍ കാന്‍സറുകള്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഹോര്‍മോണല്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉണ്ടാകുന്നു. അതുകൊണ്ട് തന്നെ ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി കണക്കാക്കി പ്ലാസ്റ്റിക്കിനെതിരെ പോരാടേണ്ടതുണ്ട്.


പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിന് ആശുപത്രികളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കി വരുന്നു. പ്ലാസ്റ്റിക് നിര്‍മ്മിതമായ ഡിസ്‌പോസിബിള്‍ വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കി പ്ലാസ്റ്റിക് മാലിന്യം പരമാവധി കുറയ്ക്കാനായി എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉപയോഗിക്കപ്പെടുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ശാസ്ത്രീയമായുള്ള ശേഖരണവും, സംസ്‌കരണവും ഉറപ്പുവരുത്തുന്നതിനും എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ശ്രമം തുടരുന്നുണ്ട്. ഇത് കൂടാതെ, പ്ലാസ്റ്റിക് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കേണ്ടതിന്റെ ഭാഗമായി അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Author
Citizen Journalist

Goutham prakash

No description...

You May Also Like