പണിയ നൃത്തം വട്ടം ചുറ്റി കളിക്കുന്ന പൈതൃക കലാരൂപം.
- Posted on January 15, 2026
- News
- By Goutham prakash
- 132 Views
ജീവിതത്തിന്റെ
ദിനചര്യകളിൽ പ്രാണൻ പോലെ
സംഗീതവും നൃത്തവും കൊണ്ട് നടക്കുന്നവരാണ് ഗോത്ര സമുദായമായ പണിയ സമുദായം.
വയനാട് ജില്ലയിലെ പണിയ
വിഭാഗക്കാരുടെ തനത്” കലാരൂപമാണ് പണിയ നൃത്തം. ഇത് വട്ടക്കളി, കമ്പളക്കളി എന്ന പേരിലും അറിയപ്പെടുന്നു. വൃത്താകൃതിയിൽ നിന്നുകൊണ്ട് ചുവടുവയ്ക്കുന്നതിനാലാണ് വട്ടക്കളിക്ക് ആ പേര് വന്നത്. വിശേഷ അവസരങ്ങളിലും ഒഴിവു സമയങ്ങളിലും പണിയ കുടിലുകളിൽ വട്ടക്കളി അവതരിക്കപ്പെടാറുണ്ട്. മൂന്നു പുരുഷൻമാർ ചേർന്ന് കൊട്ടുന്ന തുടിയുടെ താളത്തിൽ സ്ത്രീകൾ ചുവടു വെക്കുന്നതാണ് ഇതിന്റെ രീതി. ചീനി ഈത്തിൽ വിദഗ്ധനായ മറ്റൊരാളും ഉണ്ടായിരിക്കും. മരണാനന്തര ചടങ്ങുകളിൽ ഒഴികെ മറ്റവസരങ്ങളിൽ സ്ത്രീകളാണ് വട്ടക്കളി കളിക്കാറുളളത്. കളിയുടെ സമയത്ത് സ്ത്രീകൾ നിരവധി പാട്ടുകൾ പാടാറുണ്ട്. കുഴലൂത്തുകാരനെയോ തൂടികൊട്ടുന്നയാളെയോ അല്ലെങ്കിൽ കൂടെ കളിക്കുന്ന മറ്റൊരു സ്ത്രീയെയോ കളിയാക്കിയുള്ള പാട്ടുകളായിരിക്കും മിക്കവയും. വീടുകളിൽ മാത്രം കളിച്ചിരുന്ന വട്ടക്കളി ഇന്ന് വേദികളിൽ അവതരിപ്പിക്കുന്നുണ്ട്.
കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പണിയ നൃത്തം അവതരിപ്പിച്ച
വയനാട്ടിലെ മക്കൾ നിറഞ്ഞാടുകയായിരുന്നു.
വയൽപണി (കമ്പളം) സമയത്ത് അവതരിപ്പിച്ചിരുന്ന നൃത്തരൂപമാണ് കമ്പളകളി. ഞാറ് പറിക്കുമ്പോഴും നടുമ്പോഴും പുരുഷൻമാർ കൊട്ടുന്ന തുടിയുടെ താളത്തിൽ സ്ത്രീകൾ ജോലി ചെയ്യുന്നു. തുടിയുടെയും ചീനിയുടെയും ശബ്ദം സ്ത്രീകൾക്ക് കുടൂതൽ ഉർജ്ജം നൽകുകയും ജോലി ആയാസരഹിതമാക്കുകയും ചെയ്യുന്നു. പണിയരെ കൂടൂതൽ പണിയെടുപ്പിക്കുന്നതിന് ജന്മിമാർ ഈ മാർഗ്ഗം ഉപയോഗിച്ചിരുന്നു. ഒറ്റ ദിവസം കൊണ്ട് മൂന്നും നാലും വയലുകൾ ഈ രീതിയിൽ നട്ടു തീർക്കാറുണ്ട്. ജന്മിത്ത സമ്പ്രദായം അവസാനിച്ചതുകൊണ്ടും നാട്ടിൽപ്പണി കുറഞ്ഞതുകൊണ്ടും തന്നെ കമ്പളകളി ഇന്ന് വയലുകളിൽ അവതിരിപ്പിക്കേണ്ടി വരാറില്ല. കമ്പളക്കളിയിലെ പാട്ടുകളും തൂടി കൊട്ടുകാരനെയോ കുഴലൂത്തുകാരനെയോ കളിയാക്കിയുള്ളവയാണ്. കെട്ടുന്നതാണ് സ്ത്രീകളുടെ വേഷം.
കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പണിയ നൃത്തം അവതരിപ്പിക്കാനെത്തിയ വിദ്യാർത്ഥികൾ
വീടുകളിലും വയലുകളിലും കളിക്കുന്നതുകൊണ്ടുതന്നെ വട്ടക്കളിക്കും കമ്പളകളിക്കും പ്രത്യേകിച്ച് വേഷമില്ല. എങ്കിലും ഈ കലാരൂപങ്ങൾ വേദികളിൽ അവതരിപ്പിക്കുന്ന അവസരത്തിൽ പരമ്പരാഗത വേഷവും ആദഭരണങ്ങളുമാണ് ഉപയോഗിക്കുന്നത്. നീളം കൂടിയ ചേല ശരീരത്തിൽ ചുറ്റി അതിന്റെ രണ്ടറ്റങ്ങൾ മുന്നിലൂടെയും പിന്നിലൂടെയും എടുത്ത് വലതുവശത്ത് നെഞ്ചിന്റെ മുകളിലായി കെട്ടുന്നതാണ് സ്ത്രീകളുടെ വേഷം. അരയിൽകെട്ടുന്ന തുണിയാണ്” “അരാട്ടി”. കറുഷും ചറുവഷും നിറത്തിലുളള അരാട്ടികൾ ധരിക്കാറുണ്ട്. വാട്ടിച്ചുരുട്ടിയെടുത്ത ഓല, കുന്നിക്കുരുകൊണ്ട് നിർഷിച്ച ചൂതുമണി, മുരുളെ എന്നിവ കാതിലണിയുന്ന ആഭരണങ്ങളാണ്. കഴുത്തിലണിയുുന്ന മുടെചുളു, കുറിക്കല്ലെ, നാണയതുട്ടുകൾ ചേർത്ത് കെട്ടുന്ന ബളളികല്ലെ, താലിക്കല്ലെ എന്നിവയും ധരിക്കാറുണ്ട്. മുണ്ടാണ് പുരുഷൻമാരുടെ വേഷം.
ഞങ്ങളുടെജീവിതമാണ്; ഉൾത്തുടിപ്പാണിതെന്ന് ഈ മക്കൾ അടി വരയിട്ടു.
ഇത് ഞങ്ങളുടെ ജീവിതമാണ്. ജനനം, വിവാഹം, മരണം തുടങ്ങി ജീവിതത്തിലെ ഓരോ ചടങ്ങിലും
കുഞ്ഞുനാൾ മുതൽ ചുവട് വച്ച് വളർന്നവരാണ് ഞങ്ങൾ. സംസ്ഥാന കലോത്സവ വേദിയിൽ ഞങ്ങളുടെ നൃത്തത്തെ അവതരിപ്പിക്കുമ്പോൾ അഭിമാനമുണ്ട്. വയനാട് ജില്ലയിലെ പണിയ സമുദായത്തിന്റെ കലാരൂപമായ പണിയ നൃത്തത്തിന് ചുവട് വെച്ചതിന്റെ ആഹ്ലാദത്തിലാണ് വയനാട് മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ കുട്ടികൾ. പണിയ വിഭാഗത്തിൽ നിന്നുള്ളവരായിരുന്നതിനാൽ തന്നെ ഓർമ്മ വച്ചതു മുതൽ കണ്ടും കേട്ടും വളർന്നതിന്റെ ആത്മവിശ്വാസവും അനായസതയും ഓരോ ചുവടിലും പ്രതിഫലിച്ചു.
പണിയർക്ക് ഈ കലാരൂപം വെറുമൊരു നൃത്ത രൂപമല്ല. ഊരുകളിൽ തുടിയും ചീനിയും കൊട്ടി രാത്രിയും പകലും ബേധമില്ലാതെ ജനന സമയങ്ങളിലും ഞാറു നടുമ്പോഴും കാത് കുത്തുമ്പോഴും മരണനന്തര ചടങ്ങുകളിലും തുടങ്ങി എത്ര ആഹ്ലാദമുണ്ടെങ്കിലും വിഷമമുണ്ടെങ്കിലും പാടിക്കൊണ്ടേ ഇരിക്കും. പാട്ടിനൊത്ത് താനേ ശരീരത്തിൽ താളം വരും. ഏറ്റവും സന്തോഷമുള്ള സമയത്ത് അവതരിപ്പിക്കുന്ന വട്ടക്കളിയിൽ പോലും വളരെ പതിഞ്ഞ ചുവടുകൾ. അവരുടെ ജീവിതത്തിലെ പോലെ തന്നെ മിതത്വം കാലപ്രകടനത്തിലും കാണാം.
ഗോത്രകലകളെ സ്കൂൾ കലോത്സവ മാന്വലിൽ ഉൾപ്പെടുത്തിയതിൽ വലിയ സന്തോഷമുണ്ടെന്ന് കുട്ടികൾ പറയുന്നു. ഗോത്രകലകൾ അന്യം നിന്ന് പോവാതെ പൊതു സമൂഹത്തിന് മുന്നിലേക്ക് നല്ല ദൃശ്യത കിട്ടുന്നു എന്നത് മാത്രമല്ല കലോത്സവത്തിലെ മറ്റു ഇനങ്ങളുമായി സംസ്ഥാന തലം വരെ എത്താൻ സാധാരണ കഴിയാറില്ല. പഠിച്ചെടുത്ത് അവതരിപ്പിക്കാനുണ്ടാകുന്ന ബുദ്ധിമുട്ടുകളും വലിയ രീതിയിലുള്ള പണച്ചെലവും വരുന്നതിനാൽ ജില്ലാ കലോത്സവങ്ങൾ വരെയേ എത്തിപ്പെടാറുള്ളു. ഇന്നുവരെ വയനാട് ജില്ല വിട്ട് വന്നിട്ടില്ലാത്തതിനാൽ കുട്ടികൾക്ക് മറ്റു നാടുകൾ കാണുവാനും കലോത്സവങ്ങൾ അവസരമൊരുക്കുകയാണ്.
