അന്താരാഷ്ട്ര നാടകോത്സവം : അഭിലാഷ് പിള്ള ഫെസ്റ്റിവല്‍ ഡയറക്ടര്‍.
- Posted on July 15, 2025
- News
- By Goutham prakash
- 74 Views

*സ്വന്തം ലേഖകൻ*
2026 ജനവരി അവസാനവാരത്തില്‍ നടക്കുന്ന പതിനാറാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഫെസ്റ്റിവല്‍ ഡയറക്ടറായി പ്രമുഖ സംവിധായകനും നാടകാദ്ധ്യാപകനുമായ അഭിലാഷ് പിള്ളയെ തെരഞ്ഞെടുത്തു. 2009, 2010, 2017 എന്നീ വര്‍ഷങ്ങളില്‍ ഇറ്റഫോക്കിന്റെ ഫെസ്റ്റിവല്‍ ഡയറക്ടറായി പ്രവര്‍ത്തിച്ച അദ്ദേഹം ഇന്ത്യക്കകത്തും പുറത്തുമായി നിരവധി ഫെസ്റ്റിവലുകളില്‍ നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് നാടകപഠനത്തില്‍ ബിരുദവും ഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയതിനു ശേഷം ലണ്ടനിലെ റോയല്‍ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ട്‌സില്‍ നിന്ന് നാടകകലയില്‍ ഉന്നതപഠനം നടത്തി. കൂടാതെ ലണ്ടനിലെ പ്രശസ്തമായ ഓറഞ്ച് ട്രീ തിയേറ്ററിലെ പ്രഗത്ഭരായ സംവിധായകരില്‍ നിന്ന് പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്. തിരുവനന്തപുരം
കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അഭിനയ തിയേറ്ററില്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായി തന്റെ നാടാകാദ്ധ്യാപകജീവിതം ആരംഭിച്ച അഭിലാഷ് പിള്ള നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, ഡീന്‍, അസോസിയേറ്റ് പ്രൊഫസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
. ഇന്ത്യയിലെയും വിദേശത്തേയും നിരവധി സര്‍വ്വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായും സേവനമനുഷ്്്ഠിച്ചിട്ടുണ്ട്. നിലവില്‍ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സിന്റെ ഡയറക്ടറാണ്. തലാറ്റം, ഹെലന്‍, ശാകുന്തളം, എ ബിറ്റ് ബിഗ് ഓഫ് ബഷീര്‍, മിഡ്‌നൈറ്റ്'സ് ചില്‍ഡ്രന്‍ തുടങ്ങി ദേശീയ അന്തര്‍ദേശീയ ശ്രദ്ധ നേടിയ നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അവാര്‍ഡുള്‍പ്പടെ പല പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായി. അഭിലാഷ് പിള്ളയോടൊപ്പം ഫെസ്റ്റിവല്‍ ഡയറക്ടറേറ്റ് അംഗങ്ങളായി പ്രമുഖ സംവിധായികയും നാടകപ്രവര്‍ത്തകയുമായ അനാമിക ഹക്‌സര്‍, ശ്രീലങ്കന്‍ നാടക സംവിധായിക റുവാന്തി ഡി ഷികെര, മലയാളത്തിലെ ശ്രദ്ധേയരായ നാടകപ്രവര്‍ത്തകരും അദ്ധ്യാപകരുമായ ശ്രീജിത്ത് രമണന്‍, എം. ജി ജ്യോതിഷ് എന്നിവരും പ്രവര്‍ത്തിക്കും. ഇതു കൂടാതെ ഒന്നര പതിറ്റാണ്ട് പിന്നിട്ട അന്താരാഷ്ട്രനാടകോത്സവത്തിനെ കൂടുതല്‍ മികവുറ്റതാക്കുന്നതിന്, പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച ദിശാബോധം നല്‍കുന്നതിന് വേണ്ടി രാജ്യത്തെ മുതിര്‍ന്ന നാടകപ്രതിഭകളായ രത്തന്‍ തിയം, എം. കെ റെയിന, അനുരാധ കപൂര്‍, പ്രൊഫ. ബി അനന്തകൃഷ്ണന്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒരു ഉപദേശകസമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. ഇവരുടെയെല്ലാം നിര്‍ദ്ദേശങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ പതിനാറാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചതായി അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പത്രക്കുറിപ്പിലൂടെ അറിയിച്ചു.