കഥ -കൈപ്പിഴ

"ഈ തേങ്ങേടുള്ളിൽ ആരാമ്മേ വെള്ളം നിറച്ചെ," ചേമ്പിലയിൽ മാത്രം വെള്ളം ഓടി കളിക്കുന്നതെന്താ?

എൻ്റെ കടിഞ്ഞൂൽ സന്താനത്തിനെ ഒരുരുള ചോറ് തീറ്റിക്കാൻ വീടിനെ പത്തുവട്ടം വലം വയ്ക്കണം.ആ പുറം ചുറ്റലിൽ  മുറ്റത്തും ,പറമ്പിലുമുള്ള ഓരോ കുഞ്ഞു കാര്യവും എൻ്റെയും അവൻ്റെയും കണ്ണിൽപ്പെടും. അതിനിടയിൽ അവൻ്റെ വായിൽ നിന്ന് മാലപ്പടക്കം പോലെ വരുന്ന നൂറ് സംശയങ്ങൾക്ക് ഉത്തരം നൽകേണ്ടി വരും. "ഈ തേങ്ങേടുള്ളിൽ ആരാമ്മേ വെള്ളം നിറച്ചെ," ചേമ്പിലയിൽ മാത്രം വെള്ളം ഓടി കളിക്കുന്നതെന്താ? ആട് പ്രസവിച്ചപ്പോൾ കുഞ്ഞെവിടുന്നാ വന്നത് ആടിൻ്റെ വയറ് കീറിട്ടില്ലല്ലോ? തുടങ്ങിയ സംശയങ്ങളുമായി അവനെന്നെ കുഴക്കിക്കൊണ്ടിരിക്കുന്ന കാലം. 

             ഒരു ദിവസം പതിവുപോലെ അവനെ മുറ്റത്ത് ഓടിച്ചിട്ടുപ്പിച്ച് ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുമ്പോൾ കാർപോർച്ചിലെ വലിയ ചട്ടിയിൽ നട്ടിരിക്കുന്ന ആർക്കേറിയ മരത്തിൽ രണ്ട് അടക്കാക്കിളികൾ കൂടുകൂട്ടുന്നത് ഞങ്ങൾ കണ്ടു. ഓരോ ചകിരി നാരും ചെറിയ ചുള്ളികമ്പുകളും ശേഖരിച്ചു കൊണ്ടുവന്ന്  അവർ കൂട് കൂട്ടി തുടങ്ങി.അവർക്കെടുക്കാൻ പാകത്തിന് ഞാൻ ഇടയ്ക്ക് മുറ്റത്തൊക്കെ ചകിരി നാര് ഇട്ടു കൊടുക്കും പക്ഷെ അതൊന്നും അവര് മൈൻ്റ് ചെയ്യാറില്ല. എവിടന്നൊക്കെയോ ഓരോ നാരുകളും വളരെ ശ്രദ്ധയോടെ രണ്ടു കിളികളും മാറി മാറി കൊണ്ടുവന്ന് വയ്ക്കും കിളികളുടെ കൂട് പണി ഞാനും ,മോനും, അമ്മച്ചിയുമൊക്കെ വളരെ ആകാംഷയോടെ കണ്ടുകൊണ്ടിരുന്നു. ഞങ്ങളെ മുറ്റത്തൊക്കെ കണ്ടാലും അവർക്കതൊന്നും പ്രശ്നമല്ലായിരുന്നു.അങ്ങനെ ഏതാണ്ട് രണ്ടാഴ്ച കൊണ്ടാണെന്നു തോന്നുന്നു കൂടി ൻ്റെ പണി പൂർത്തിയായി അതിൻ്റെ നടുഭാഗത്ത് കുറച്ചു പഞ്ഞി കഷ്ണങ്ങളും കടലാസുമൊക്കെയിട്ട് ഒരു മെത്തയും ഒരുക്കിയിരുന്നു.അങ്ങനെ അമ്മക്കിളി മുട്ടയിട്ട് അടയിരിക്കാൻ തുടങ്ങി മൂന്ന് മുട്ടകൾ ഉണ്ടായിരുന്നു. ഇടയ്ക്ക് രണ്ട് കിളി കളും ഭക്ഷണം തേടി പോകുമായിരുന്നു അതു കാണുമ്പോൾ അവർ നമ്മളെ വിശ്വസിച്ച് ഏൽപ്പിച്ചിട്ടു പോയിരിക്കുകയാണെന്ന് അമ്മച്ചി പറയും

             അങ്ങനെ ഞങ്ങൾ ആറ്റു നോറ്റിരുന്ന ആ സുദിനമെത്തി മുട്ട വിരിഞ്ഞു മൂന്ന് കിളി കുഞ്ഞുങ്ങൾ കൂട്ടിൽ പതുങ്ങിയിരിക്കുന്നു. കൂടുതൽ സമയവും കണ്ണുകളടച്ചിരുന്നും ഇടയ്ക്ക് കുഞ്ഞിക്കണ്ണു തുറന്നുമൊക്കെ അവരെന്നെ കൊതിപ്പിക്കും. കുഞ്ഞുവാവയോട് തോന്നുന്ന വാത്സല്യവും സ്നേഹവുമൊക്കെ എനിക്കവരോടും തോന്നി.

             പതിയെ പതിയെ കണ്ണു് തുറന്ന് അമ്മക്കിളി കൊണ്ടുവരുന്ന ഭക്ഷണമൊക്കെ തിന്നു തുടങ്ങി കുഞ്ഞുകുഞ്ഞുതുവലുകൾ വന്ന് ചിറകുകൾ മുളച്ചു കുറച്ച് വറ്റൊക്കെ ഞാനിട്ടു കൊടുക്കുമ്പോൾ തിന്നു തുടങ്ങി. കുഞ്ഞുകുഞ്ഞു ഒച്ചയുണ്ടാക്കിയും, മിതക്കു മീതെക്കേറിനിന്ന് വികൃതി കാട്ടുന്നതുമെല്ലാം കണ്ടിരിക്കാൻ നല്ല രസമായിരുന്നു. രാവിലെ എഴുന്നേറ്റ് വന്നാൽ ഞാൻ ആദ്യം നോക്കുന്നത് കിളി കുഞ്ഞുങ്ങളെയായിരുന്നു.

             അന്ന് ഒരു ഈസ്റ്റർ ദിനമായിരുന്നു അമ്പത് നോമ്പിൻ്റെ ക്ഷീണം തീർക്കാനുള്ള തിരക്കിട്ട അടുക്കള ജോലിയിലായിരുന്നു ഞാൻ പാലപ്പവും, സ്റ്റുവും, പോർക്ക് വിന്താലുവും, താറാവ് മപ്പാസും, മീൻ കുടംപുളിയിട്ട് വറ്റിച്ചതും തുടങ്ങി പലതരം വിഭവങ്ങളുണ്ടാക്കി .ഞാൻ ഒന്നു നടുവു നിവർത്താൻ ഡൈനിങ്ങ് റൂമിലെ കസേരയിലിരിക്കുമ്പോളാണ്  കിളികളെ കുറിച്ച് ഓർത്തത് .ഈസ്റ്ററായിട്ട് അവർക്കൊന്നും കൊടുത്തില്ലല്ലോ എന്ന് ചിന്തിച്ച് ഞാൻ ഓടിപ്പോയി പാലപ്പത്തിൻ്റെ ഒരു കഷ്ണം എടുത്ത് പൊടിച്ചിട്ടുകൊടുത്തു. അവരതു പയ്യെ തിന്നു തുടങ്ങിയപ്പോൾ ഞാൻ അകത്തേയ്ക്കു പോയി.

             ഉച്ചഭക്ഷണമൊക്കെ കഴിഞ്ഞ് ഞാൻ പുറത്തു വന്നു നോക്കുമ്പോൾ മൂന്നു കിളി കുഞ്ഞുങ്ങളെയു കാക്ക കൊത്തി കൊന്നിട്ടിരിക്കുന്നു. കിളികൂടിനുള്ളിലും തറയിലുമൊക്കെയായി ചിന്നി ചിതറി കിടക്കുന്ന എൻ്റെ പ്രിയപ്പെട്ട കിളിക്കുഞ്ഞുങ്ങളുടെ കുഞ്ഞു ശരീരം.അമ്മക്കിളിയും അച്ഛൻ കിളിയും മതിലിനു മുകളിലിരുന്ന് കൂട്ടിലേക്ക് നോക്കുന്നതു കൂടി കണ്ടപ്പോൾ എൻ്റെ ചങ്ക് തകർന്നു പോയി. ഞാനിട്ടു കൊടുത്ത അപ്പത്തിൻ്റെ വെള്ള നിറം കണ്ടു വന്ന കാക്കകളാണ് കുഞ്ഞുങ്ങളെ കൊന്നത് എന്ന കുറ്റബോധം ഇന്നും എൻ്റെ ഉള്ളിലുണ്ട്. വർഷം പത്തു പതിനഞ്ചുകഴിഞ്ഞെങ്കിലും സങ്കടത്തോടെയല്ലാതെ ഇപ്പോഴും ഇതോർക്കാൻ കഴിയന്നില്ല.......


കഥ-അമ്മനട്ടൊരു പ്ലാവ്

Author
Citizen Journalist

Remya Vishnu

Writer and Entrepreneur

You May Also Like