മകൾക്ക് ധനമായി നൽകേണ്ടത് ഭൗതിക സ്വത്തല്ല: ഖുശ്‌ബു

കൊച്ചി: പുതുതലമുറയും സ്ത്രീധനത്തിന്റെ നീരാളിപ്പിടുത്തത്തിൽനിന്ന് മുക്തമല്ലെന്ന് നടിയും സാമൂഹ്യപ്രവർത്തകയുമായ ഖുശ്ബു സുന്ദർ. സ്ത്രീധനം കൊടുക്കില്ലെന്ന് പറയാൻ സമൂഹം ആർജ്ജവവും പക്വതയും കാട്ടണം. മകൾക്ക് ധനമായി നൽകേണ്ടത് ഭൗതിക സ്വത്തല്ല, അറിവും വിവേകവും സ്നേഹിക്കാനും സഹിഷ്ണുതയും സഹാനുഭൂതിയും കാണിക്കാനുമുള്ള മനസികപക്വതയുമാണെന്നും അവർ പറഞ്ഞു. പങ്കാളികളെ തെരഞ്ഞെടുക്കുമ്പോൾ അത് പ്രണയബന്ധത്തിലൂടെയായാലും ഭൗതിക സമ്പത്ത് ലക്ഷ്യമിടുന്നവരെ ഒരുദാക്ഷിണ്യവും കൂടാതെ തള്ളിക്കളയണം. ബിനാലെയുടെ ഫോർട്ടുകൊച്ചി കബ്രാൾയാർഡ് പവിലിയനിൽ സ്ത്രീധന വിരുദ്ധ പ്രചാരണ സംഗീത വീഡിയോ 'രസികപ്രിയ' പ്രകാശനം ചെയ്യുകയായിരുന്നു ഖുശ്‌ബു.സമൂഹത്തെ ആഴത്തിൽ ബാധിച്ച ദുർഭൂതമാണ് സ്ത്രീധനമെന്ന് മുഖ്യാതിഥി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ചിലരുടെ ആർഭാട ചിഹ്നമായ സ്ത്രീധനം അധികം പേർക്കും പേറാനാകാത്ത ബാധ്യതയായി തീരുന്നു. 

സ്ത്രീധന വിരുദ്ധ സന്ദേശം പ്രചരിപ്പിക്കാൻ സർക്കാർ ഡിപ്പാര്ട്ട്മെന്റുകൾ ഉൾപ്പെടെ വേദികളിൽ സംഗീത വീഡിയോ എത്തിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുൻ ഡിജിപിയും കെഎംആർഎൽ എംഡിയുമായ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.  സമാനതകളില്ലാത്ത ലോക കാലമേളയായ കൊച്ചി ബിനാലെയുടെ വേദിയിൽ സ്ത്രീധന വിരുദ്ധ പ്രചാരണ സംഗീത വീഡിയോയുടെ പ്രകാശനമെന്നത് അർത്ഥവത്താണ്. സ്ത്രീധനത്തെ തള്ളിപ്പറയുന്നു എന്ന സന്ദേശം അന്താരാഷ്ട്ര തലത്തിൽ നൽകാൻ ഇതിലും മികച്ച വേറെ വേദിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിനാലെ ഫൗണ്ടേഷൻ ട്രസ്റ്റി ബോണി തോമസ്, സംഗീത വീഡിയോയിൽ ഗാനമാലപിച്ച അപർണ രാജീവ്, വിജയ് യേശുദാസ് എന്നിവർ സംസാരിച്ചു. സ്ത്രീകളുടെ ഉന്നമനത്തിനു പ്രവർത്തിക്കുന്ന രാഗം സൊസൈറ്റിയാണ് സ്ത്രീധന വിരുദ്ധ സംഗീത പ്രചാരണ പരിപാടി സംഘടിപ്പിച്ചത്. ബിനാലെ പവിലിയൻ സ്ഥിരമായി നിലനിർത്തണം: ലോക്‌നാഥ് ബെഹ്‌റ

കൊച്ചി: സ്ത്രീധന വിരുദ്ധ പ്രചാരണ പരിപാടിയുടെ ഗൗരവത്തിനിടയിലും ശ്രദ്ധകവർന്ന് ചടങ്ങിന് വേദിയായ ബിനാലെയുടെ ഫോർട്ടുകൊച്ചി കബ്രാൾയാർഡ് പവിലിയൻ. ലോകപ്രസിദ്ധ വാസ്തുശിൽപി സമീര രാത്തോഡ് രൂപകൽപന ചെയ്‌ത താത്കാലിക പവിലിയന്റെ അനിതരസാധാരണ മനോഹാരിതയെ പ്രമുഖർ മുക്തകണ്‌ഠം പ്രശംസിച്ചു. പ്രൗഢഗംഭീരവും ഉജ്ജ്വലവുമായ വേദിയാണിതെന്ന് മുഖ്യാതിഥി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പതിവ് വേദികളിൽനിന്ന് വ്യത്യസ്‌തമായി ഔപചാരികതകളുടെ കെട്ടുപാടില്ലാത്ത സ്വാഭാവികതയുടെ സുഖം പകരുന്നതാണ് പവിലിയൻ.  പ്രചോദനം പകരുന്ന സുന്ദരവും അനന്യദൃശവുമായ വേദിയാണ് പവിലിയനെന്നു മുൻ ഡിജിപിയും കെഎംആർഎൽ എംഡിയുമായ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അവശിഷ്‌ടങ്ങൾ ശേഷിപ്പിക്കാത്ത സാധനസാമഗ്രികൾ കൊണ്ടുതീർത്ത അനുപമമായ പവിലിയൻ താത്കാലികമാണെന്നതിൽ ദുഃഖമുണ്ട്. സ്ഥിരം വേദിയായി പവലിയൻ നിലനിർത്തണമെന്നു സംഘാടകരോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതിസുന്ദരവും വേറിട്ടതുമായ അനുഭവമാണ് ബിനാലെ പവിലിയനെന്ന് ഗായകൻ വിജയ് യേശുദാസും പറഞ്ഞു.


സ്വന്തം ലേഖകൻ

Author
Citizen Journalist

Goutham prakash

No description...

You May Also Like