ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യാവസായിക പങ്കാളിത്തം ഉറപ്പു വരുത്തുന്ന സഹകരണങ്ങൾക്ക് തുടക്കം കുറിക്കാൻ കേരളം സജ്ജമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന് തുടക്കമായി.

കൊച്ചി:


ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യാവസായിക പങ്കാളിത്തം ഉറപ്പു വരുത്തുന്ന സഹകരണങ്ങൾക്ക് തുടക്കം കുറിക്കാൻ കേരളം സജ്ജമായെന്ന് മുഖ്യമന്ത്രി  പിണറായി വിജയൻ.

 അന്താരാഷ്‌ട്രസ്ഥാപനങ്ങളിൽ നിന്നുള്ള വിജ്ഞാനത്തോടൊപ്പം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി മലയാളി അക്കാദമിക് ഡയസ്‌പോറയുടെ വൈദഗ്ധ്യത്തെ ബന്ധിപ്പിക്കുന്നതിനുള്ള പുതിയ സംരംഭങ്ങൾ സർക്കാർ വികസിപ്പിക്കുമെന്നും  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യാവസായിക പങ്കാളിത്തം ഉറപ്പു വരുത്തുന്ന സഹകരണങ്ങൾക്ക് തുടക്കമാകുമെന്നും മുഖ്യമന്ത്രി  പിണറായി വിജയൻ. സംസ്ഥാന ഉന്നതവിദ്യാഭ്യാസവകുപ്പിന്റെയും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൻറെയും (കെഎസ്എച്ച്ഇസി) ആഭിമുഖ്യത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ആതിഥേയത്വം വഹിക്കുന്ന ഷേപ്പിംഗ് കേരളാസ് ഫ്യൂചർ- ഇൻറർനാഷണൽ കോൺക്ലേവ് ഓഫ് ഓൺ നെക്സ്റ്റ്-ജെൻ ഹയർ എജുക്കേഷൻ’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

"മികച്ച അക്കാദമിക അവസരങ്ങളും വൈജ്ഞാനിക അനുഭവങ്ങളും പങ്കുവയ്ക്കുന്ന അന്തർദേശീയ ഉന്നതവിദ്യാഭ്യാസകേന്ദ്രമായി കേരളത്തെ സജ്ജമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ കോൺക്ലേവ് നടക്കുന്നത്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിൻ്റെ ഭാവി നിർണ്ണയിക്കപ്പെടുന്നതിൽ ഒരു സുപ്രധാന ഉത്തരവാദിത്തം ഇതിൽ പങ്കെടുക്കുന്നവർ ഓരോരുത്തർക്കുമുണ്ട്," മുഖ്യമന്ത്രി പറഞ്ഞു. 

ഉന്നതവിദ്യാഭ്യാസമേഖലയിലെ പരിഷ്കാരങ്ങളെക്കുറിച്ചുള്ള വിശദമായ ചർച്ചകൾകളെത്തുടർന്നു നിയമിച്ച മൂന്ന് കമ്മീഷനുകളുടെ നിർദേശങ്ങളുടെ ഭാഗമായി ആരംഭിച്ച നാല് വർഷ ബിരുദ പ്രോഗ്രാമിൻ്റെ വിജയം, സർവ്വകലാശാലകളുടെ ഭരണപരമായ പ്രശ്നങ്ങൾക്ക് സാങ്കേതികപരിഹാരങ്ങൾ ഉറപ്പുവരുത്തുന്ന കേരള റിസോഴ്‌സസ് ഫോർ എജ്യുക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിംഗ് (കെ-റീപ്പ്) എന്ന സംരംഭം എന്നിവയുൾപ്പെടെയുള്ള ശ്രദ്ധേയമായ നേട്ടങ്ങളെക്കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു.  

"പരിഷ്കരണത്തിന്റെ അടുത്ത ഘട്ടം കേരളത്തെ ഒരു ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുക എന്നതാണ്. സ്വദേശ വിദ്യാർഥികൾക്കൊപ്പം വിദേശ വിദ്യാർത്ഥികളെയും മികച്ച സൗകര്യങ്ങളും കോഴ്സുകളും നൽകി ഇവിടേക്ക് ആകർഷിക്കുകയെന്നതാണ് ഈ ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്. അതിലേക്ക് ആവശ്യമായ നിർദ്ദേശങ്ങളും ഉപദേശങ്ങളും അറിവുകളും സമാഹരിക്കുക എന്നുള്ളതാണ് കോൺക്ലേവിന്റെ പ്രധാന ഉദ്ദേശ്യം.," അദ്ദേഹം പറഞ്ഞു. 

"സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും, ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി നീക്കി വച്ചിരിക്കുന്ന ഫണ്ടുകളെ അത് ബാധിക്കാത്ത വിധമാണ് സർക്കാർ മുന്നോട്ടുപോകുന്നത്. കിഫ്‌ബി ഫണ്ടിന് പുറമെ  കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം സംസ്ഥാന സർക്കാർ പത്ത് സർവകലാശാലകൾക്ക് 1,830 കോടി രൂപയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിവിധ പദ്ധതികൾക്കായി 3,000 കോടി രൂപയും അനുവദിച്ചു. എന്നാൽ കേന്ദ്രസർക്കാരും യുജിസിയും സ്വീകരിക്കുന്ന നയങ്ങൾ സംസ്ഥാന സർവ്വകലാശാലകളുടെ സ്വയംഭരണത്തിന് ഭീഷണിയാകുക വഴി കൂടുതൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വഴിയൊരുക്കുകയും ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ചയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് തിരിച്ചറിയണം. പൊതു സർവ്വകലാശാലകളെ ദോഷകരമായി ബാധിക്കുക മാത്രമല്ല ഇത്തരം ചട്ടങ്ങൾ യു.ജി.സി.യുടെ നിലനില്പിനെത്തന്നെ ബാധിക്കുകയും ചെയ്യും," അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രസിദ്ധീകരിക്കുന്ന 'ഹയർ എജുക്കേഷൻ മാറ്റേഴ്സ്' എന്ന മാസിക   ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന് ആദ്യ കോപ്പി നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.  


ചടങ്ങിൽ സംസാരിച്ച മന്ത്രി ഡോ. ആർ ബിന്ദു സർക്കാർ കൂടുതൽ ഇന്റർയൂണിവേഴ്സിറ്റി സെന്ററുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. 

"കൂടുതൽ ഗവേഷണ കേന്ദ്രങ്ങളും മികവിൻ്റെ കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.  ഈ കേന്ദ്രങ്ങൾ അത്യാധുനിക മേഖലകളിൽ ഗവേഷണത്തിന് നേതൃത്വം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.  ജീനോമിക്‌സ്, ആയുർവേദം, വൺ ഹെൽത്ത്, നാനോ ടെക്‌നോളജി, അസ്‌ട്രോഫിസിക്‌സ്, ഗ്രാഫീൻ ടെക്‌നോളജി, ന്യൂറോ സയൻസസ് തുടങ്ങിയ ചില മേഖലകളിൽ സർക്കാർ ഇതിനകം തന്നെ മികവിൻ്റെ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്," മന്ത്രി പറഞ്ഞു. 

"കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും 60:40 അനുപാതത്തിൽ പദ്ധതിച്ചെലവ് പങ്കിടുന്ന പി എം ഉഷ പദ്ധതിയിലൂടെ വിവിധ കാമ്പസുകൾക്കായി 405 കോടിയുടെ പദ്ധതികളാണ് പ്രതീക്ഷിക്കുന്നത്," മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 

ധനകാര്യ മന്ത്രി  കെ. എൻ. ബാലഗോപാലിനു പുറമെ ചടങ്ങിൽ കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ വൈസ് ചെയർപേഴ്സൺ പ്രൊഫ. വി.കെ. രാമചന്ദ്രൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി ഇഷിത റോയ് ഐഎസ് എന്നിവർ സംസാരിച്ചു.

'കേരളവും ലോകവും: അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി' എന്ന വിഷയത്തിൽ ബോസ്റ്റൺ കോളേജ് പ്രൊഫസർ ഫിലിപ്പ് ജി. ആൾട്ട്ബാക്ക് പ്രഭാഷണം നടത്തി. 'മെഡിക്കൽ ഗവേഷണ സ്ഥാപനങ്ങളുടെ ഗവേഷണ മികവും നവീന സാങ്കേതികവിദ്യകളും' എന്ന വിഷയത്തിൽ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഡോ. സഞ്ജയ് ബിഹാരിയും, 'ലോകോത്തരനിലവാരം ആർജ്ജിക്കാനുള്ള മാർഗങ്ങളിൽ നയനിർമാണകരുടെയും സ്ഥാപനങ്ങടെയും പങ്ക്' എന്ന വിഷയത്തിൽ വേൾഡ് ബാങ്ക് ടെർഷ്യറി എജുക്കേഷൻ ഗ്ലോബൽ ലീഡ് ഡോ. നീന ആർൺഹോൾഡ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. നോബൽ സമ്മാന ജേതാവ് അദ യോനാത്ത് ഓൺലൈനായും, കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ എം. ജുനൈദ് ബുഷിരി, മുൻ വൈസ് ചാൻസലറും സംഘാടക സമിതി കോർഡിനേറ്ററുമായ പ്രൊഫ. പി.ജി. ശങ്കരൻ, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ് എന്നിവരും സമ്മേളനത്തിൽ സംസാരിച്ചു. 

തുടർന്ന് സമ്മേളനത്തിൽ മൂന്ന് പ്ലീനറി സെഷനുകളിലായി 'കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ആഗോള കാഴ്ചപ്പാടുകൾ', 'ഉന്നത വിദ്യാഭ്യാസത്തിലെ ജനറേറ്റീവ് എ ഐ സാങ്കേതികവിദ്യ', 'ഗവേഷണ മികവും നവീകരണവും' എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു.  

ഐഐടി ബോംബെയിലെ പ്രൊഫസർ എൻ.വി.വർഗീസ് മോഡറേറ്ററായ ആദ്യ സെഷനിൽ പ്രൊഫസർ സീറാം രാമകൃഷ്ണ, സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി, പ്രൊഫസർ സാബു പത്മദാസ്, സതാംപ്ടൺ സർവകലാശാല, ഡോ.സക്കറിയ മാത്യു, മിഷിഗൺ സർവകലാശാല, ഡോ. ഷക്കീല ടി ഷംസു, മുൻ ഒഎസ്ഡി (കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം), ഡോ. മഹമൂദ് കൂരിയ, എഡിൻബർഗ് സർവകലാശാല എന്നിവർ പങ്കെടുത്തു.

രണ്ടാം സെഷൻ ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള മുൻ വൈസ് ചാൻസലറും ഐഐഎം-കെ പ്രൊഫസറുമായ ഡോ. സജി ഗോപിനാഥ് ആണ് മോഡറേറ്റ് ചെയ്തത്. പ്രൊഫസർ ഡോൺ പാസി, ലങ്കാസ്റ്റർ യൂണിവേഴ്സിറ്റി, ഡോ. സ്റ്റെഫാൻ വിൻസെൻ്റ്-ലാൻക്രിൻ, ഒഇസിഡി, പാരീസ്, എപിജെ അബ്ദുൽ കലാം  ടെക്‌നോളജിക്കൽ സർവകലാശാല മുൻ വൈസ് ചാൻസലറും ട്രെസ്റ്റ്റിസർച്ച് പാർക്ക് സിഇഒയുമായ ഡോ. രാജശ്രീ എം എസ്, മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷനിലെ പ്രൊഫസർ നീത ഇനാംദാർ എന്നിവർ സംസാരിച്ചു.  

തിരുവനന്തപുരം ഐസറിലെ പ്രൊഫസർ സുരേഷ് ദാസ് മോഡറേറ്ററായ മൂന്നാമത്തെ സെഷനിൽ പത്മശ്രീ ടി. പ്രദീപ് ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസർ, ഐഐടി മദ്രാസ്, പ്രൊഫസർ സാബു തോമസ്, മുൻ വൈസ് ചാൻസലർ, എംജി സർവകലാശാല, പ്രൊഫസർ പങ്കജ് ജലോട്ട്, ഐഐടി-ഡൽഹി, പ്രൊഫസർ ജിൻ ജോസ്, ലീഡ്സ് സർവകലാശാല, എന്നിവർ സംസാരിച്ചു.

കോൺക്ലേവിൻറെ രണ്ടാം ദിവസമായ ബുധനാഴ്ച 'സാമ്പത്തിക സുസ്ഥിരതയ്ക്കുള്ള തന്ത്രങ്ങൾ', അക്കാദമിക് ലൈബ്രറികളുടെ ഭാവി', 'ഫലപ്രദമായ നയരൂപീകരണത്തിനായി കേരളത്തിലെ സർവ്വകലാശാലകളിൽ നിന്നുള്ള ഗവേഷണ ഫലങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താം', 'ശാസ്ത്രീയ കണ്ടെത്തലുകളുടെ പ്രായോഗിക പരിഹാരങ്ങൾ', 'ഗ്രാജ്വേറ്റ് ട്രാക്കിംഗ് സിസ്റ്റത്തിൻ്റെ പ്രയോജനങ്ങൾ', 'അധ്യാപന പരിഷ്‌കാരങ്ങൾ', 'വ്യവസായ-അക്കാദമിക പങ്കാളിത്തം'  എന്നീ വിഷയങ്ങളിൽ വിവിധ സെഷനുകൾ നടക്കും.  

വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെഎസ്എച്ച്ഇസി വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ, മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ.എം.ജുനൈദ് ബുഷിരി, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിലെ ഡോ. ജിജു പി അലക്സ്, കുസാറ്റ് രജിസ്ട്രാർ ഡോ. അരുൺ എ.യു, എന്നിവർ സംസാരിക്കും.  

കോൺക്ലേവിൽ ഉയർന്നു വന്ന നിർദേശങ്ങൾ സമാഹരിച്ച് കൊണ്ട് ഡോ. ബിന്ദു സമാപന സമ്മേളനത്തിൽ ഒരു പ്രഖ്യാപനം നടത്തുകയും ചെയ്യും.



സി.ഡി.സുനീഷ്. 

Author
Citizen Journalist

Goutham prakash

No description...

You May Also Like