കുരുതി

ലോക്കപ്പിന്റെ മതിലിൽ ചാരിയുള്ള ഹേമയുടെ അനങ്ങാതെയുള്ള ഇരിപ്പു കണ്ടാൽ വിഷാദ മുഖമുള്ള ദേവി വിഗ്രഹമാണെന്ന് കാണുന്നവർക്ക് തോന്നും

മഴ കനത്തുപെയ്യുന്ന ഒരു കർക്കിടക സന്ധ്യ. ടൗണിലെ പോലീസ് സ്റ്റേഷൻ ലോക്കപ്പിൽ പൂപ്പൽ പിടിച്ച മുഷിഞ്ഞ ചുവരിനോട് ചേർന്ന് ഹേമ ഇരിക്കുന്നു. പുറത്തെ കനത്തമഴയിലും ഹേമ വിയർത്ത് കുളിക്കുകയാണ്. അവളുടെ കണ്ണുനീർ സ്ഥാനം തെറ്റി ഒഴുകുന്ന പോലെ. ഹൃദയം രണ്ടായി പിളർന്നു പോകുന്ന വേദനയിലും ഒരു തുള്ളി കണ്ണുനീർ പോലും പൊഴിക്കാൻ കഴിയാതെ അവൾ ഇരുന്നു.

അപ്പുറത്തു നിന്നും പോലീസുകാർ പറയുന്ന കുത്തുവാക്കുകൾ ഒന്നും അവളുടെ മരവിച്ച മനസ്സിലേക്കും കാതുകളിലേക്കും എത്തുന്നില്ല. പ്രമുഖ പത്രക്കാരും, ചാനലുകാരും എല്ലാം പുറത്തുണ്ട് അവളുടെ ചിത്രമെടുക്കാൻ.

ലോക്കപ്പിന്റെ മതിലിൽ ചാരിയുള്ള ഹേമയുടെ അനങ്ങാതെയുള്ള ഇരിപ്പു കണ്ടാൽ വിഷാദ മുഖമുള്ള ദേവി വിഗ്രഹമാണെന്ന് കാണുന്നവർക്ക് തോന്നും. കണ്ണുനീർ ഒഴിഞ്ഞ അവളുടെ കണ്ണുകളിലേക്ക് നോക്കിയാലറിയാം മനസ്സിലെ കടലോളം സങ്കടം. 

പെട്ടെന്ന് ലോക്കപ്പ് തുറക്കപ്പെട്ടു വനിത പോലീസുകാർ ഉൾപ്പെടെ മൂന്നുനാല് പോലീസ് ഉദ്യോഗസ്ഥർ ലോക്കപ്പിലേക്ക് കയറിവന്നു തലേന്ന് രാത്രി മുതൽ ചോദിച്ചുകൊണ്ടിരുന്നു അതേ ചോദ്യം അവർ അവളോട് ആവർത്തിച്ചു.

 " അഞ്ചു വയസ്സു മാത്രം പ്രായമുള്ള നിന്റെ മകളെ നീ എന്തിനു കൊന്നു."? വീണ്ടും വീണ്ടും അവർ ചോദ്യം ആവർത്തിച്ചിട്ടും അവൾ ഒരക്ഷരം പോലും മിണ്ടാതെ മതിലിൽ ഏതോ ഒരു ബിന്ദുവിൽ കണ്ണുകൾ ഉറപ്പിച്ച് അനങ്ങാതിരുന്നു. 

ഹേമ, ആറാം വയസ്സിൽ ഒരു ബോട്ടപകടത്തിന്റെ രൂപത്തിൽ അച്ഛനെയും അമ്മയെയും വിധി തട്ടിയെടുത്തപ്പോൾ അനാഥയായി പോയവൾ..

അമ്മാവന്മാരുടെ കാരുണ്യത്തിൽ, അമ്മായിമാരുടെ കുത്തു വാക്കുകൾക്കിടയിൽ, പ്ലസ് ടു വരെ പഠിച്ചു. നല്ല മാർക്ക് ഉണ്ടായിരുന്നെങ്കിലും പിന്നീടാരും അവളെ പഠിക്കാൻ അയച്ചില്ല. അമ്മവീടിന്റെ അടുക്കളപ്പുറത്ത് കരിപുരണ്ട് തീരുമെന്ന് പ്രതീക്ഷിച്ച അവളുടെ ജീവിതത്തിലേക്ക്, കല്യാണാലോചനയുടെ രൂപത്തിലാണ് വിമൽ എത്തിയത്. വിമലിന്റെ സംസാരത്തിലും,  പെരുമാറ്റത്തിലും, പത്രാസിലും അമ്മാവന്മാർ സമ്മതം മൂളി. സ്ത്രീധനം ഒന്നും ചോദിക്കാതെ ഇത്രയും നല്ലൊരു ബന്ധം ലഭിച്ചത് അവളുടെ ഭാഗ്യം എന്ന് എല്ലാവരും പറഞ്ഞു. അവൾക്കും അത് സമ്മതമായിരുന്നു. ആരുമില്ലാത്ത തനിക്ക് സ്വന്തമെന്നു പറയാൻ ഒരാൾ ഉണ്ടാകുമല്ലോ എന്നതായിരുന്നു അവളുടെ സന്തോഷം.

വിവാഹത്തിന്റ ആദ്യനാളുകളിൽ അയാൾ അവൾക്കു നൽകിയ സ്നേഹവും,  പ്രണയവും,  കരുതലും എല്ലാം അവളെ അയാൾക്ക് അടിമയാക്കി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ വിമൽ വളരെ ദുഃഖിതനായി കാണപ്പെട്ടു. കാര്യം തിരക്കിയ അവളോട് ആദ്യം അയാൾ ഒന്നും പറഞ്ഞില്ല. പിന്നീട് അയാൾ പറഞ്ഞു നമ്മുടെ ബിസിനസ് നഷ്ടത്തിലാണ് നീ വിചാരിച്ചാൽ അത് നേരെയാക്കാം എന്ന്. പലരുടെ കാരുണ്യത്തിൽ വാങ്ങിച്ചു കിട്ടിയ

കുറച്ച് ഉടുപ്പുകൾ അല്ലാതെ സ്വന്തമായി ഒന്നുമില്ലാതിരുന്ന അവൾ അത് കേട്ട് അമ്പരന്നുപോയി. അവളുടെ ഗോതമ്പു നിറമുള്ള കടഞ്ഞെടുത്ത പോലുള്ള പൂ ഉടലും സുന്ദരമായ മുഖവും തന്നെയായിരുന്നു കടം വീട്ടാൻ അയാൾ കണ്ടിരുന്നു മാർഗ്ഗം. ആദ്യമെല്ലാം അവൾ അതിനെ എതിർത്തെങ്കിലും അയാളുടെ നിർബന്ധത്തിനു വഴങ്ങി പലർക്ക് വേണ്ടിയും അവൾക്ക് കിടക്ക വിരിക്കേണ്ടി വന്നു. കുറച്ചു നാളുകൾ കൊണ്ട് തന്നെ പട്ടണത്തിലെ ഏറ്റവും വിലകൂടിയ പെണ്ണുടൽ ആയി അവൾ... 

അവളുടെ മാസമുറ തെറ്റി മൂന്ന് മാസങ്ങൾക്ക് ശേഷമാണ് അവൾ ഗർഭിണിയാണെന്ന വിവരം അയാൾ അറിയുന്നത്. കുഞ്ഞിനെ ഇല്ലാതാക്കാൻ അയാൾ ശ്രമിച്ചെങ്കിലും അവളുടെ നിർബന്ധത്തിൽ,  വാശിയിലും, അയാൾക്കത് സമ്മതിക്കേണ്ടിവന്നു. അവളുടെ അമ്മ മനസ്സ് ഒരു കുഞ്ഞിനു വേണ്ടി വല്ലാതെ കൊതിച്ചിരുന്നു വൈകാതെ അവൾ തങ്കക്കുടം പോലൊരു പെൺ കുഞ്ഞിനു ജന്മം നൽകി. കുഞ്ഞിന്റെ അച്ഛൻ ആര് എന്നുള്ളത് അവൾക്കും അജ്ഞാതമായിരുന്നു.

കുഞ്ഞിന്റെ ജനനം അവൾക്കു നൽകിയ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. കൊതി തീരും വരെ അമ്മേ എന്ന് വിളിക്കാൻ ഭാഗ്യം ലഭിക്കാതിരുന്ന അവൾ കുഞ്ഞിന്റെ അമ്മയെന്നുള്ള വെളിയിൽ സങ്കടങ്ങൾ എല്ലാം മറന്നു. ഒരിക്കൽ പോലും കുഞ്ഞിനെ മുലയൂട്ടാൻ അയാൾ അവളെ അനുവദിച്ചില്ല സ്തന സൗന്ദര്യം നഷ്ടപ്പെടും എന്ന് പറഞ്ഞു അവളെ അയാൾ അതിൽനിന്നും വിലക്കി. പ്രസവശേഷം കഠിന വ്യായാമമുറകൾ നൽകി ശരീര സൗന്ദര്യം വീണ്ടെടുത്തു അയാൾ അവളെ വീണ്ടും വിൽക്കുവാൻ തുടങ്ങി. അവളും അത് ഏതാണ്ട് ശീലിച്ചു കഴിഞ്ഞിരുന്നു. തന്റെ കുഞ്ഞിനെ വളർത്താനും കൂടി വേണ്ടിയിട്ടാണല്ലോ എന്നോർത്ത് അവൾക്കു തന്നെ അറപ്പു തോന്നുന്ന സ്വന്തം ശരീരവും പേറി പലരുടെ മുന്നിലേക്കും അവൾ പോയി.....

ഒരു  ദിവസം മദ്യലഹരിയിലായിരുന്ന വിമൽ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിന്റെ അടുത്തു വന്നിരുന്നു. അവളെ തലോടാനും കൊഞ്ചിക്കാനും തുടങ്ങി. അഞ്ചു വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അതിനേക്കാൾ വളർച്ചയെത്തിയ കുഞ്ഞിന്റ വെണ്ണ പോലുള്ള ശരീരം നോക്കി അയാൾ അവളോട് പറഞ്ഞു. പത്ത് വർഷം കൂടി കഴിഞ്ഞാൽ പൊന്മുട്ടയിടുന്ന താറാവാണ് കിടക്കുന്നതെന്ന്. ഇവൾക്ക് നിന്റെ പതിവുകാരനായ മാർവാടി സ്വർണ്ണ കടക്കാരന്റെ തിളങ്ങുന്ന കണ്ണുകൾ ആണല്ലേ? വിത്ത് അയാളുടെ തന്നെ..... അയാളുടെ സംഭാഷണം അവളെ ഭ്രാന്തി ആക്കി.

മദ്യലഹരിയിൽ അയാൾ അപ്പുറത്ത് ഉറങ്ങുമ്പോൾ കുഞ്ഞു മരിച്ചുവെന്ന് ഉറപ്പാകും വരെ തലയിണ കൊണ്ട് മുഖം അമർത്തി പിടിച്ചു അവൾ. എന്റെ കുഞ്ഞു മാലാഖയ്ക്ക് ജീവന്റെ ഒരു തരി പോലും ബാക്കിയില്ലെന്ന ഉറപ്പിച്ച് ശേഷം അവൾ പോലീസ് സ്റ്റേഷനിൽ ചെന്നു കീഴടങ്ങി.

പോലീസുകാർ വീണ്ടും ചോദ്യം ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്.. പക്ഷേ അവൾ ഇനിയും ഒന്നും മിണ്ടിയിട്ടില്ല. നല്ലതൊന്നും നൽകാതിരുന്ന ദൈവത്തോടും, സമൂഹത്തോടും, തന്നോടുതന്നെയുമുള്ള, പകപോക്കൽ കണക്കേ അവളവിടെ ശില പോൽ ഇരുന്നു. പുറത്ത് അപ്പോഴും മഴ തകർത്തു പെയ്യുകയായിരുന്നു. പെയ്യാതെ പോയ അവളുടെ കണ്ണുനീരിനു പകരമായി.......

രമ്യ വിഷ്ണു

"ഊഞ്ഞാലോർമ്മ "

Author
Citizen Journalist

Remya Vishnu

Writer and Entrepreneur

You May Also Like