പാറശ്ശാല ഷാരോണ്‍ വധക്കേസിൽ കോടതിയിൽ കടുത്ത വാദപ്രതിവാദങ്ങൾ തുടങ്ങി.
- Posted on January 18, 2025
- News
- By Goutham Krishna
- 29 Views

പാറശ്ശാല ഷാരോണ്‍ വധക്കേസിൽ കോടതിയിൽ വാദപ്രതിവാദങ്ങൾ തുടങ്ങി. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഗ്രീഷ്മ കോടതിയിൽ കത്ത് നൽകി. പഠിക്കണമെന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നുമാണ് കത്തിലുള്ളത്. തനിക്ക് 24 വയസ്സ് മാത്രമാണ് പ്രായം. ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്നും ഗ്രീഷ്മ ആവശ്യപ്പെട്ടു. കത്തിനൊപ്പം ബിരുദ സർട്ടിഫിക്കറ്റുകളും ഗ്രീഷ്മ കോടതിക്ക് കൈമാറിയിട്ടുണ്ട്. ഗ്രീഷ്മയുടെ ഭാഗം കേട്ട ശേഷം കോടതി പ്രോസിക്യൂഷൻ്റെ വാദങ്ങൾ കേൾക്കുകയാണ്. ഇന്നലെ കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചിരുന്നു.
അപൂർവങ്ങളിൽ അപൂർവ്വമായ കേസ് ആണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണം. ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയത്. സ്നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നു. ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണ്. ക്രൂരനായ ഒരു കുറ്റവാളിക്ക് മാത്രമാണ് ഇങ്ങനെ ഒരു കൃത്യം ചെയ്യാൻ കഴിയുകയുള്ളൂ. കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടപ്പാക്കിയത്. അതിനായി പരിശോധനകൾ നടത്തി.11 ദിവസം ഷാരോൺ അനുഭവിച്ച വേദന ഡോക്ടർമാരുടെ മൊഴിയിൽ ഉണ്ട്. മുൻകൂട്ടി നിശ്ചയിച്ച കൊലപാതകമാണ് അവിചാരിതമല്ല. വിദ്യാസമ്പന്നയായ യുവതി വിവരങ്ങളെ ദുരുപയോഗം ചെയ്യുകയാണ് ചെയ്തത്. ഷാരോണിനും സ്വപ്നങ്ങൾ ഉണ്ടായിരുന്നു. കുറെ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകർത്തത്. പ്രതിക്ക് മനസ്താപം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ പ്രതിഒരു ദയയും അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.
സ്വന്തം ലേഖകൻ.