ഷെഡ്യൂൾ രണ്ടിലെ വന്യജീവികൾ ജനവാസകേന്ദ്രത്തിലിറങ്ങിയാൽ വെടിവെക്കാമെന്ന് വനം മന്ത്രി
- Posted on March 29, 2025
- News
- By Goutham prakash
- 177 Views
ന്യൂഡൽഹി | ജനവാസ കേന്ദ്രങ്ങളിലിറങ്ങി മനുഷ്യർക്കും കാർഷികവിളകൾക്കും ഭീഷണിയാകുന്ന ഷെഡ്യൂൾ രണ്ടിൽപ്പെട്ട കാട്ടുപന്നിയടക്കമുള്ള വന്യമൃഗങ്ങളെ വെടിവെക്കാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകിയിട്ടുണ്ടെന്ന് വനംമന്ത്രി ഭൂപേന്ദ്ര യാദവ്. ഇക്കാര്യത്തിൽ വനംവകുപ്പ് ജീവനക്കാർക്ക് കേസെടുക്കാനാവില്ലെന്നും അത് കേരളത്തിലെത്തി പറയാമെന്നും മന്ത്രി വ്യക്തമാക്കി.
വന്യജീവി ആക്രമണം കേരളത്തിൽ രൂക്ഷമാണെന്നും നാട്ടിലിറങ്ങുന്ന വന്യജീവികളെ സ്വയരക്ഷയ്ക്ക് ചെറുത്താൽപ്പോലും ജാമ്യമില്ലാത്ത കേസെടുക്കുന്ന സമീപനമാണ് വനംവകുപ്പിനെന്നും ചൂണ്ടിക്കാട്ടി നിവേദനം നൽകാനെത്തിയ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണിയടക്കമുള്ള നേതാക്കളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവെക്കാമെന്ന് നേരത്തേ വ്യക്തമാക്കിയതായി മന്ത്രി പറഞ്ഞു. ജനവാസകേന്ദ്രങ്ങളിൽ വന്യജീവികളിറങ്ങിയാൽ മനുഷ്യരക്ഷയ്ക്കായി കൊല്ലാനോ മുറിപ്പെടുത്താനോ നിയമത്തിൽ വകുപ്പുണ്ട്. ഷെഡ്യൂൾ രണ്ടിൽ സാധാരണ കുരങ്ങുകൾ, കാട്ടുപന്നി, മലമ്പാമ്പുകൾ, കരടി, കുറുക്കൻ, ചെന്നായ തുടങ്ങിയ 41 വന്യജീവികൾ ഉൾപ്പെടുന്നുണ്ട്.
