അന്തക കീടനാശിനികളെ തുരത്താന്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണം - സി.എസ്.ഐ.ആര്‍-നിസ്റ്റ്

34 അന്തക കീടനാശിനികളാണ് സ്റ്റോക്ഹോം സമ്മേളനത്തെത്തുടര്‍ന്ന് നിരോധിക്കാന്‍ തീരുമാനിച്ചത്

തിരുവനന്തപുരം: വിനാശകാരികളായ അന്തക കീടനാശിനികളും വ്യവസായ രാസവസ്തുക്കളും നിയന്ത്രിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണമെന്ന് സിഎസ്ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി(നിസ്റ്റ്) നടത്തിയ പരിശീലനകളരി ആഹ്വാനം ചെയ്തു. സ്റ്റോക്ഹോം കരാര്‍ പ്രകാരം വിനാശകാരിയായ കീടനാശിനികളുടെ പട്ടികയില്‍ ഏഴെണ്ണം കൂടി ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റിവ്യൂ ആന്‍ഡ് അപ്ഡേറ്റ് ഓഫ് നാഷണല്‍ സ്ട്രാറ്റജീസ് ഫോര്‍ പെര്‍സിസ്റ്റന്‍റ് ഓര്‍ഗാനിക് പൊല്യൂട്ടന്‍റ്സ് മാനേജ്മന്‍റ് എന്നതായിരുന്നു പരിശീലന കളരിയുടെ പ്രമേയം.

അന്തക കീടനാശിനികളുടെ ഉപയോഗം തടയാന്‍ ആധുനിക സാങ്കേതികവിദ്യയും സദ്ബുദ്ധിയും ഉപയോഗപ്പെടുത്തണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍ ഡോ. കെ പി സുധീര്‍ പറഞ്ഞു. വിശദമായി ചര്‍ച്ച ചെയ്ത് സുസ്ഥിരമായ മാര്‍ഗ്ഗങ്ങളിലൂടെ കീടനാശിനി പ്രയോഗം തടയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡിഡിറ്റി, എന്‍ഡോസള്‍ഫാന്‍, ഫ്യൂറാന്‍സ് തുടങ്ങി 34 അന്തക കീടനാശിനികളാണ് സ്റ്റോക്ഹോം സമ്മേളനത്തെത്തുടര്‍ന്ന് നിരോധിക്കാന്‍ തീരുമാനിച്ചത്. പരിസ്ഥിതിയ്ക്കും ജൈവ ആവാസവ്യവസ്ഥയ്ക്കും കടുത്ത വെല്ലുവിളിയുയര്‍ത്തുന്നതാണ് ഈ കീടനാശിനികളെന്ന് സമ്മേളനം മുന്നറിയിപ്പു നല്‍കിയിരുന്നു. സ്റ്റോക്ഹോം ആഹ്വാനം ചെയ്ത 34 അന്തക കീടനാശിനികളില്‍ ഏഴ് എണ്ണത്തിനെക്കൂടി ഇന്ത്യ നിരോധിച്ചിട്ടുണ്ട്.

കീടനാശിനി നിയന്ത്രണം പോലെ തന്നെ പ്രധാനമാണ് ജൈവമാലിന്യനിര്‍മ്മാര്‍ജ്ജനമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മുംബൈ ബാര്‍ക്കിലെ ശാസ്ത്രജ്ഞന്‍ പദ്മശ്രീ പ്രൊഫ. ശരദ് പി കാളെ അഭിപ്രായപ്പെട്ടു. മാലിന്യത്തെ വിഭവശേഷിയായി കാണണമെന്നും നിര്‍മ്മാര്‍ജ്ജനത്തില്‍ സുസ്ഥിര നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

അന്തക കീടനാശിനി നിരോധനം നടപ്പാക്കുന്നതില്‍ സിഎസ്ഐആര്‍-നിസ്റ്റിന് സുപ്രധാന പങ്കാണുള്ളതെന്ന് അധ്യക്ഷ പ്രഭാഷണം നടത്തിയ നിസ്റ്റ് ഡയറക്ടര്‍ ഡോ. സി അനന്തരാമകൃഷ്ണന്‍ പറഞ്ഞു. രാജ്യത്തെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്‍റെ തത്സ്ഥിതിയെക്കുറിച്ച് സിപിസിബി ബംഗളുരുവിലെ റീജിയണല്‍ ഡയറക്ടര്‍ ജെ ചന്ദ്രബാബു സംസാരിച്ചു. സിഎസ്ഐആര്‍-നിസ്റ്റ് മുന്‍ ഡയറക്ടര്‍ ഡോ. സുകുമാര്‍ ദേവോട്ട ആശംസകള്‍ നേര്‍ന്നു.

രാജ്യത്തെ നിരോധിക്കപ്പെട്ട് അന്തക കീടനാശിനികളെക്കുറിച്ചുള്ള ലഘുവിവരണം ഇഇഎഫ്-യുന്‍ഇപി പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ രമേഷ് കുമാര്‍ നടത്തി. സിഎസ്ഐആര്‍-നിസ്റ്റിലെ എന്‍വയറന്‍മെന്‍റല്‍ ടോക്സികോളജി വിഭാഗം മേധാവി ഡോ. സി കേശവചന്ദ്രന്‍ സ്വാഗതവും സീനിയര്‍ സയന്‍റിസ്റ്റ് ഡോ. കെ പി പ്രതീഷ് നന്ദിയും രേഖപ്പെടുത്തി.

സ്റ്റോക്ഹോം കണ്‍വെന്‍ഷന്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനും ബയോകെമിക്കല്‍-വിഷമയമായ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള സാധ്യതകള്‍ വെല്ലുവിളികള്‍, ആവശ്യമായ വിവരശേഖരണം എന്നിവയെക്കുറിച്ചും പരിപാടിയില്‍ വിശദമായ ചര്‍ച്ച നടന്നു. മോണ്‍ട്രിയാല്‍ പ്രോട്ടോകോള്‍, പോളി-പെര്‍ഫ്ള്യൂഓറിനേറ്റഡ് ആല്‍ക്കലി കമ്പൗണ്ട്സ്, മന:പൂര്‍വമല്ലാത്ത അന്തക കീടനാശിനി ഉപയോഗം തടയുന്നതിന്‍റെ സാധ്യതകള്‍ തുടങ്ങിയവയും ചര്‍ച്ച ചെയ്തു.




Author
No Image
Journalist

Dency Dominic

No description...

You May Also Like